ടിയാൻ: ‘ഉത്തരേന്ത്യൻ’ മലയാള സിനിമ

സമകാലിക രാഷ്ട്രീയവും സംഭവങ്ങളും വിഷയമാക്കി ചില വ്യക്തികളുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ടിയാൻ. കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ ഗൗരവതരമായതുകൊണ്ട് സിനിമയുടെ മൂഡ് ഒരു എന്റർടെയ്നറിന്റേതല്ല. 

ആൾദൈവവും ബിസിനസും എന്ന മുഖ്യപ്രമേയത്തോടൊപ്പം ഇന്ത്യയിലെ പൊതുസമൂഹം ഗൗരവമായി ചർച്ച ചെയ്യുന്ന പല വിഷയങ്ങളും സിനിമയിൽ കടന്നു വരുന്നുണ്ട്. ഗോമാംസം, ജാതിസ്പർദ്ധ, വിശ്വാസം, മതം, മതഗ്രന്ഥങ്ങളുടെ വ്യാഖ്യാനം അങ്ങനെയെല്ലാം. തൊട്ടാൽ പൊള്ളുന്ന വിഷയം ആരെയും പൊള്ളിക്കാതെ അവതരിപ്പിച്ചു എന്നതാണ് ജിയെൻ കൃഷ്ണകുമാറിന്റെ സംവിധാനത്തിലെ വിജയം. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാൻ വൈകിയതിനാൽ തന്നെ ചിത്രം വിവാദമാകാൻ സാധ്യതയുണ്ടെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ അത്തരം വിവാദങ്ങൾക്ക് സിനിമയിൽ ഇടമില്ല. മതഗ്രന്ഥങ്ങളെ ശരിയായി മനസ്സിലാക്കിയവരും അർധസത്യം മാത്രം മനസ്സിലാകുന്നവരും മതം കച്ചവടം ചെയ്യുന്നവരും മതവും വിശ്വാസവും വാങ്ങാൻ തിരക്കു കൂട്ടുന്നവരുമെല്ലാം ചിത്രത്തിലുണ്ട്.

അമർ അക്ബർ അന്തോണി എന്ന ചിത്രത്തിനു ശേഷം പൃഥ്വി–ഇന്ദ്രജിത്ത് സഹോദരങ്ങൾ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ടിയാൻ. പട്ടാഭിരാമനായി ഇന്ദ്രജിത്തും അസ്‌ലൻ മുഹമ്മദ് ആയി പൃഥ്വിരാജും എത്തുന്നു. വേദങ്ങൾ പഠിച്ച്, പഠിപ്പിച്ച് ജീവിക്കുന്ന പട്ടാഭിരാമനും അല്ലാഹുവിന്റെ അനുഗ്രഹം മുതൽക്കൂട്ടായുള്ള അസ്‌ലൻ മുഹമ്മദും കലക്കി. എന്നാൽ പൃഥ്വിരാജിന്റെ കഥാപാത്രത്തിനുള്ള ഇൻട്രൊഡക്‌ഷൻ പഞ്ച് അവസാനം വരെ അങ്ങനെതന്നെ നിലനിർത്തുന്നതിൽ സംവിധായകൻ വിജയിക്കുന്നില്ല. 

മഹാശയ് ഭഗവാൻ എന്ന ഉഗ്രൻ വേഷത്തിലാണ് സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ മുരളി ഗോപി എത്തുന്നത്. പട്ടാഭിരാമന്റെ ഭാര്യ അംബയായി അനന്യയും വസുന്ധരാദേവിയായി പത്മപ്രിയയും വേഷങ്ങൾ നന്നാക്കി. സുരാജ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, രാഹുൽ മാധവ്, രവിസിങ് എന്നിവർ ചെയ്ത ചെറു കഥാപാത്രങ്ങളും ശ്രദ്ധേയമായി.

ഭൂരിഭാഗവും ഉത്തരേന്ത്യയിൽ ചിത്രീകരിച്ച ചിത്രം മനോഹരമായി ക്യാമറയിൽ പകർത്തിയിരിക്കുന്നത് സതീഷ് കുറുപ്പാണ്. ഉത്തരേന്ത്യൻ പശ്ചാത്തലമായതിനാൽ ഹിന്ദി സംഭാഷണങ്ങൾ ധാരാളമായി കടന്നുവരുന്നു. വേദസൂക്ങ്ങളുടെയും ഉപദേശവാക്യങ്ങളുടെയും ആധിക്യവും പ്രേക്ഷകനെ മടുപ്പിക്കും. ലഡാക്ക്, നാസിക്, പുണെ, മുംബൈ, പ്രയാഗ, രാമോജി ഫിലിംസിറ്റി എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. മികച്ച ഒന്നാം പകുതിയും തരക്കേടില്ലാത്ത രണ്ടാം പകുതിയും ചേരുന്ന ചിത്രം ചിരിപ്പിക്കാനുള്ളതല്ല, ചിന്തിപ്പിക്കാനുള്ളതാണ്.