Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കല്ല്യാണം കൂടാൻ പോകാം! റിവ്യു

kalyanam-movie

വാട്സാപ്പും ഫെയ്‌സ്ബുക്കും വരുന്നതിനു മുൻപ്, ഉള്ളിലുള്ള പ്രണയം തുറന്നു പറയാൻ കഴിയാതെ പോയ യുവതീയുവാക്കൾക്കുള്ള സമർപ്പണമായാണ് കല്ല്യാണം എന്ന ചിത്രം കഥ പറയുന്നത്. 90 കളുടെ അവസാനമാണ് കഥാപശ്ചാത്തലം. പ്രണയം പറയാൻ കത്തുകളും നോട്ടങ്ങളും (അപൂർവമായി ഫോണും) മാത്രം കൂട്ടിനുണ്ടായിരുന്ന കാലം. പറയാൻ കഴിയാതെ പോയ പ്രണയം മനസ്സിന്റെ വിങ്ങലായി കൊണ്ടുനടന്ന ചെറുപ്പക്കാരുടെ കാലം. ആ കാലത്ത് വികസിക്കുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. 

സോൾട് മാൻഗോ ട്രീക്ക് ശേഷം രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന സിനിമയിൽ നടനും എംഎല്‍എയുമായ മുകേഷിന്റെ മകന്‍ ശ്രാവൺ മുകേഷ് അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. തെലുഗു സിനിമയിലൂടെ കഴിഞ്ഞ വർഷം അരങ്ങേറ്റം കുറിച്ച വര്‍ഷയാണ് നായിക. മകന്റെ ആദ്യ സിനിമയിൽ അച്ഛൻ തുല്യപ്രാധാന്യമുള്ള വേഷം അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.

kalyanam-movie-1

ശാരിയും ശരത്തും ചെറുപ്പം മുതൽ ഒരുമിച്ചു പഠിച്ചു വളർന്നവരാണ്. ശരത്തിന് ശാരിയോട് കടുത്ത പ്രണയമുണ്ടെങ്കിലും തുറന്നു പറയാൻ കഴിയുന്നില്ല. ഒടുവിൽ ശാരിയുടെ വിവാഹം ഉറപ്പിക്കുന്നു. അത് സൃഷ്ടിക്കുന്ന അനിശ്ചിതത്വവും കല്യാണത്തലേന്നു നാടകീയമായ ചില സംഭവങ്ങളിലൂടെ ഇരുവരുടെയും പ്രണയം വഴിത്തിരിവിലെത്തുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. 90 കളിലെ കഥാപശ്ചാത്തലത്തോട് ഏറെക്കുറെ നീതിപുലർത്തുന്നുണ്ട് ചിത്രം. കൈനറ്റിക് ഹോണ്ടയും മാരുതി 800 കാറും, വിഡിയോ കാസറ്റുകളും നെടുനീളൻ ആന്റിനയും ദൂരദർശനും ശക്തിമാനും ഒക്കെ സമ്പന്നമാക്കിയ ആ കാലത്തെ നന്നായി സിനിമയിൽ ദൃശ്യവത്കരിച്ചിട്ടുണ്ട്.   

തുടക്കക്കാരന്റെ പതർച്ചകളില്ലാതെ ശ്രാവൺ മുകേഷ് തന്റെ വേഷം ഭംഗിയാക്കി. വർഷയും മലയാളത്തിലെ അരങ്ങേറ്റം മോശമാക്കിയിട്ടില്ല. മുകേഷ്, ശ്രീനീവാസൻ‍, മാലാ പാര്‍വതി, ഹരീഷ് കണാരൻ, ഗ്രിഗറി തുടങ്ങിയ താരനിര കഥയുടെ പരിമിതികൾക്കുള്ളിൽ നിന്നും തങ്ങളുടെ വേഷം ഭദ്രമാക്കിയിട്ടുണ്ട്. 

ദുൽഖർ സൽമാൻ ചിത്രത്തിൽ ഒരു ഗാനം ആലപിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ദ്രിതംഗ പുളകിതനായി എന്ന ഗാനം ദുൽഖർ ഭംഗിയാക്കിയിട്ടുണ്ട്. ക്യാമറ, പശ്ചാത്തല സംഗീതം  മറ്റു ഗാനങ്ങൾ എന്നിവ തരക്കേടില്ലാത്ത നിലവാരം പുലർത്തുന്നു. ചെറിയ ക്യാൻവാസിൽ കഥ പറയുന്ന സിനിമകൾക്കുള്ള പോരായ്മകൾ തിരക്കഥയിലുണ്ട്. പോസ്റ്ററുകളിൽ പറയുന്നത് പോലെ തന്നെ ആദ്യാവസാനം പൈങ്കിളിയായി പോകുന്ന കഥാഗതി.

വലിയ അവകാശ വാദങ്ങൾ ഒന്നും ചിത്രം ഉന്നയിക്കുന്നില്ല. അതുകൊണ്ടുതന്നെ ഗൗരവമായ വിലയിരുത്തലോ ഇഴകീറി പരിശോധിക്കലോ ഒന്നും ചിത്രം ആവശ്യപ്പെടുന്നുമില്ല. ചുരുക്കത്തിൽ അമിത പ്രതീക്ഷകൾ ഒന്നുമില്ലാതെ പോയി കണ്ടാൽ, ചിത്രം തൃപ്തികരമായ കാഴ്ചയായിരിക്കും.

നിങ്ങൾക്കും റിവ്യൂ എഴുതാം