കന്നി യാത്ര, അരേ വാ; കർവാൻ റിവ്യു

മൂല്യം തിരിച്ചറിയപ്പെടാതെ പോകുന്ന ചില ബന്ധങ്ങളുണ്ട്. ഒടുവിൽ ചില നഷ്ടങ്ങൾ വേണ്ടി വരും ആ ബന്ധങ്ങളുടെ മൂല്യം മനസ്സിലാക്കുവാൻ. എങ്കിലും തിരിച്ചറിവുകൾ ഉണ്ടാകുക എന്നതാണ് പ്രധാനം.

ദുൽഖർ സൽമാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കർവാൻ ഹൃദ്യമായ ഒരു കാഴ്ചാനുഭവമാണ്. കർവാൻ ഒരു യാത്രയാണ്. വിധിവൈപരീത്യം മൂലം ചെയ്യേണ്ടി വരുന്ന ഒരു യാത്ര, തിരിച്ചറിവുകളിലേക്കുള്ള നിയോഗമായി മാറുന്ന കഥയാണ് ചിത്രം പറയുന്നത്. ആകാശ് ഖുറാന സംവിധാനം ചെയ്ത ചിത്രം റോണി സ്‌ക്രൂവാലയാണ് നിര്‍മിച്ചിരിക്കുന്നത്. ഇര്‍ഫാന്‍ ഖാൻ‍, മിഥില പാല്‍ക്കര്‍ എന്നിവരാണ് കര്‍വാനില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ചിരിക്കുന്നത്. മലയാളത്തിന്റെ പഴയ സൂര്യപുത്രി അമല അക്കിനേനിയും ചിത്രത്തിൽ ചെറിയൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

അവിനാഷ് സ്വത്വപ്രതിസന്ധി അനുഭവിക്കുന്ന ചെറുപ്പക്കാരനാണ്. അയാളുടെ ബന്ധങ്ങൾ ശിഥിലമാണ്, ജോലി സംതൃപ്തി നൽകുന്നില്ല. അതിനിടയ്ക്ക് അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഒരു അപ്രതീക്ഷിത നഷ്ടം അയാളെ ഒരു യാത്രയ്ക്ക് നിർബന്ധിതനാക്കുന്നു. സുഹൃത്തുമൊത്തുള്ള ആ യാത്രയിൽ അയാൾ കണ്ടുമുട്ടുന്ന ജീവിതങ്ങളും വഴിത്തിരിവുകളും അതിലൂടെ അയാൾ എത്തിച്ചേരുന്ന തിരിച്ചറിവുകളുമാണ് കർവാൻ എന്ന ചിത്രം ഹൃദ്യമായി അവതരിപ്പിക്കുന്നത്.

സ്വന്തം തട്ടകത്തിൽ നിന്നുകൊണ്ടുതന്നെ ദുൽഖർ ഒരു അന്യഭാഷാചിത്രത്തിൽ അഭിനയിച്ചു എന്നതാണ് കർവാനിന്റെ ഒരു സവിശേഷത. ചിത്രത്തിലെ ഭൂരിഭാഗം കഥാസന്ദർഭങ്ങളും ചിത്രീകരിച്ചിരിക്കുന്നത് കേരളത്തിൽ തന്നെയാണ്. മട്ടാഞ്ചേരിയും ഫോർട്ട് കൊച്ചിയും കുമരകവുമെല്ലാം ചിത്രത്തിൽ പശ്‌ചാത്തലമാകുന്നു. 2014 ൽ ഇറങ്ങി സെയ്ഫ് അലി ഖാൻ നായകനായ ഷെഫ് എന്ന ചിത്രവും കേരളത്തിന്റെ പ്രകൃതി ഭംഗിയും ജീവിതവും ബോളിവുഡിൽ അവതരിപ്പിച്ചിരുന്നു. ഭക്ഷണം തേടിയുള്ള യാത്രകളുടെ കഥ പറഞ്ഞ ആ ചിത്രത്തിലും കഥാപാത്രമായി ഒരു കാരവൻ ഉണ്ടായിരുന്നു.

ബോളിവുഡ് അരങ്ങേറ്റ ചിത്രം ദുൽഖർ മോശമാക്കിയില്ല. അതിഭാവുകത്വമില്ലാത്ത പ്രകടനമാണ് ദുൽഖർ ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത്. റിബലായ യുവാവിന്റെ വേഷം ദുൽഖർ മുൻപും അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മലയാളി പ്രേക്ഷകർക്ക് കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കാൻ എളുപ്പവുമാണ്. 

റോഡ് മൂവികളോട് ദുൽഖറിന് പ്രത്യേക ഇഷ്ടമുണ്ട്. ബോളിവുഡിലെ അരങ്ങേറ്റ ചിത്രവും ആ ഗണത്തിൽപെട്ടത് കാവ്യനീതി ആകാം. പുതുമുഖം മിഥില പാല്‍ക്കറും വേഷം ഭംഗിയാക്കി. ബോളിവുഡിൽ സ്വാഭാവിക അഭിനയത്തിന്റെ ഉസ്താദാണ് ഇർഫാൻ ഖാൻ. ലഞ്ച് ബോക്സ് പോലുള്ള ചിത്രങ്ങളിലൂടെ  അത്തരം അഭിനയം പ്രേക്ഷകർക്ക് പരിചിതവുമാണ്. ഇർഫാൻ ഖാൻ തന്റെ തനതുശൈലിയിൽ വേഷം ഭംഗിയാക്കിയിരിക്കുന്നു. ചിത്രത്തിലെ നർമ മുഹൂർത്തങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതും ഇർഫാനാണ്.

ചിത്രത്തിന്റെ ഛായാഗ്രഹണം എടുത്തുപറയേണ്ടത് തന്നെയാണ്. നെടുനീളൻ സംഭാഷണങ്ങളേക്കാൾ ദൃശ്യഭാഷയിലൂടെയാണ് ചിത്രം സംസാരിക്കുന്നത്. പ്രേക്ഷകനിലേക്ക് ആ ദൃശ്യഭാഷ ഫലപ്രദമായി വിനിമയം ചെയ്യുന്നതിൽ ഛായാഗ്രഹണം പ്രധാന പങ്കുവഹിക്കുന്നു. അതിമനോഹരമായ ചില ഫ്രെയിമുകൾ (ഫോർട്ട് കൊച്ചി കടൽത്തീരത്ത് ചിത എരിയുന്ന സീൻ, കായൽപശ്ചാത്തലത്തിൽ കാരവനിന്റെ മുകളിൽ ഇരുന്നു ഒരു കഥാപാത്രം ഷെഹ്‌നായി വായിക്കുന്ന സീൻ, വഞ്ചിവീട്ടിൽ ചാരി സിഗരറ്റ് വലിക്കുന്ന ചാക്യാരുടെ സീൻ) ഹൃദയത്തിൽ തങ്ങി നിൽക്കും. 

ചിത്രത്തിന്റെ ഒഴുക്കിനു പിന്തുണ നൽകുന്ന തെളിമയുള്ള പശ്ചാത്തല സംഗീതം, ഗാനങ്ങൾ എന്നിവയും നിലവാരം പുലർത്തുന്നു.

വമ്പൻ ട്വിസ്റ്റുകളോ സംഘട്ടനങ്ങളോ തട്ടുപൊളിപ്പൻ നൃത്തരംഗങ്ങളോ ഒന്നും ചിത്രത്തിലില്ല. എങ്കിലും കണ്ടിരിക്കുന്ന പ്രേക്ഷനിലേക്ക് വൈകാരികമായി സംവദിക്കുന്ന ചില രംഗങ്ങളുണ്ട് ചിത്രത്തിൽ. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ചിത്രം കണ്ടിറങ്ങുമ്പോൾ നിറഞ്ഞ ഒരു അനുഭൂതി മനസ്സിൽ അവശേഷിപ്പിക്കുന്നതും ഈ രംഗങ്ങളാണ്.