അതിജീവനത്തിന്റെ രണം; റിവ്യു

എല്ലാം അവസാനിച്ചു എന്നു കരുതുന്നിടത്തുനിന്ന് വീണ്ടും അതിജീവനത്തിന്റെ ആരംഭമുണ്ടാകും...

കേരളം നേരിട്ട അപ്രതീക്ഷിത പ്രളയദുരന്തത്തിനു ശേഷം തിയറ്ററിലെത്തുന്ന പ്രധാന ചിത്രമാണ് രണം. അതിജീവനത്തിന്റെ കഥകൾ ഉയർന്നു കേൾക്കുന്ന സമയത്തു മറ്റൊരു അതിജീവനകഥയാണ് ‘രണ’വും പറയുന്നത്.

ക്രൈം- ഡ്രാമ വിഭാഗത്തിൽ കഥ പറയുന്ന ചിത്രമാണ് രണം. ഇതിൽത്തന്നെ ശരാശരി പ്രേക്ഷകന് അപരിചിതമായ ഒരു ഭൂമികയിൽ നിന്നുകൊണ്ട് രണ്ടു സംസ്കാരങ്ങളുടെ ഏറ്റുമുട്ടലുകളും ഇഴുകിച്ചേരലുകളും കൈമാറ്റങ്ങളും അവതരിപ്പിക്കുന്ന ശൈലിയാണ് ചിത്രം അവലംബിച്ചിരിക്കുന്നത്. 

ഡിട്രോയിറ്റ്‌ എന്ന അമേരിക്കൻ നഗരത്തിലാണു കഥ നടക്കുന്നത്. ഒരു കാലത്ത് ലോകത്തെ പ്രൗഢമായ ഓട്ടമൊബീൽ വ്യവസായതലസ്ഥാനമായിരുന്ന ഡിട്രോയിറ്റ് ആഭ്യന്തരകലാപങ്ങളെ തുടർന്ന് ഒറ്റപ്പെടുകയും തുടർന്ന് അധോലോക സംഘങ്ങളും മയക്കുമരുന്നു മാഫിയകളും തഴച്ചു വളരുകയും ചെയ്തു. ശേഷമുള്ള ഡിട്രോയിറ്റ്‌ നഗരമാണ് കഥാപശ്ചാത്തലം.

ചിത്രത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലെതന്നെ മാഫിയ ഗ്യാങ്ങുകൾ തമ്മിലുള്ള മൽസരത്തിന്റെയും കുടിപ്പകയുടെയും പകപോക്കലിന്റെയും കഥയാണ് രണം പറയുന്നത്. സമ്പന്നനും പൊങ്ങച്ചക്കാരനുമായ അമേരിക്കൻ മലയാളിയുടെ കഥകളാണ് നാം കൂടുതൽ കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതും. എന്നാൽ ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന അമേരിക്കൻ മലയാളിയുടെ കഥ കൂടി രണം പറഞ്ഞുവയ്ക്കുന്നുണ്ട്. 

ആദി എന്ന കാർ മെക്കാനിക്കിനെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വിധി ഡിട്രോയിറ്റിലേക്ക് കൊണ്ടെത്തിച്ചതാണ് ആദിയെ. അയാൾക്കു പുറംലോകം അറിയാത്ത രഹസ്യങ്ങളുണ്ട്. തന്റെ ഭൂതകാലം അയാളെ ഉറക്കത്തിൽപ്പോലും വേട്ടയാടുന്നുണ്ട്. ആദിയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു സ്ത്രീ എത്തിച്ചേരുന്നു. തുടർന്നുണ്ടാകുന്ന സംഘർഷങ്ങളും വഴിത്തിരിവുകളുമാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്.

പൃഥ്വിരാജ് എന്ന നടന്റെ മികച്ച പ്രകടനമാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. കഥാപാത്രം ആവശ്യപ്പെടുന്ന വൈകാരിക വേലിയേറ്റങ്ങൾ ശരീരഭാഷയിലൂടെയും വാക്കുകളിലൂടെയും പൃഥ്വിരാജ് സുരക്ഷിതമാക്കുന്നു. ഇഷ തൽവാർ ഒരിടവേളയ്ക്കു ശേഷം വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. റഹ്‌മാനും നന്ദുവും വേഷം ഭദ്രമാക്കിയിട്ടുണ്ട്. ഗാനങ്ങളും പശ്‌ചാത്തലസംഗീതവും ചിട്ടപ്പെടുത്തിയിരിക്കുന്നത് ജേക്സ്‌ ബിജോയിയാണ്. 

പുതിയ മേച്ചിൽപ്പുറങ്ങൾ തേടി പോകാനും പരീക്ഷണ ചിത്രങ്ങളുടെ ഭാഗമാകാനും പൃഥ്വിരാജിനുള്ള താൽപര്യം ഏവർക്കും അറിയുന്ന കാര്യമാണ്. അടുത്തകാലത്തിറങ്ങിയ ക്രോസ് ഓവർ ശൈലിയിലുള്ള  രണ്ടു ചിത്രങ്ങളിലും പൃഥ്വിരാജ് തന്നെയായിരുന്നു നായകൻ. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇവിടെ, ജിനു എബ്രഹാം സംവിധാനം ചെയ്ത ആദം ജൊവാൻ എന്നീ ചിത്രങ്ങൾ.

ഹേയ് ജൂഡിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ നിർമൽ സഹദേവിന്റെ പ്രഥമസംവിധാന സംരംഭമാണ് രണം. തിരക്കഥയും നിര്‍മല്‍ തന്നെയാണ്. ലോസൺ ബിജു, റാണി, ആനന്ദ് പയ്യന്നൂർ എന്നിവരാണ് നിർമാണം. ഇഷ തല്‍വാറാണ് നായിക. റഹ്‌മാൻ, നന്ദു, അശ്വിൻ കുമാർ‍, ശ്യാമപ്രസാദ്, ജിലു ജോൺ, ജസ്റ്റിൻ ഡേവിഡ് എന്നിവരാണ് മറ്റു താരങ്ങൾ. 

ചിത്രത്തിന്റെ സാങ്കേതികമേഖലകൾ എല്ലാം അതീവ മികവു പുലർത്തുന്നു. ഛായാഗ്രഹണം എടുത്തു പറയേണ്ടതാണ്. ഡാർക്ക്-റെഡ് തീമാണ് ഫ്രെയിമുകളിൽ കൂടുതലും നിറഞ്ഞു നിൽക്കുന്നത്. കഥാഗതി ആവശ്യപ്പെടുന്നതിന് അനുസരിച്ച് പശ്‌ചാത്തല സംഗീതവും മനോഹരമായി ചിട്ടപ്പെടുത്തിയിരിക്കുന്നു. ചിത്രത്തിലെ ടൈറ്റിൽ സോങ് നേരത്തെ ഹിറ്റായിരുന്നു. ഹോളിവുഡ് ചിത്രങ്ങളോടു കിടപിടിക്കുന്ന വിധത്തിൽ നമ്മുടെ സിനിമ സാങ്കേതികവിദ്യ വളർന്നിരിക്കുന്നു എന്നത് അഭിമാനാർഹമായ കാര്യമാണ്. ചിത്രത്തിന്റെ പിന്നിലുള്ള അധ്വാനത്തെ പ്രശംസിക്കാതിരിക്കാൻ കഴിയില്ല.  

പതിഞ്ഞ ശൈലിയിലുള്ള കഥാഗതിയാണ് സിനിമയുടേത്. ഒരു പരിധി വരെ അതു തിരക്കഥ ആവശ്യപ്പെടുന്നതുമാണ്. പ്രേക്ഷകരോടു പറയാനുള്ളത്, രണം ഒരു ഡാർക്ക് ക്രൈം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്. അതുകൊണ്ട് പൊട്ടിച്ചിരിപ്പിക്കുന്ന കഥാഗതികൾ ചിത്രത്തിൽ പ്രതീക്ഷിക്കരുത്. വ്യത്യസ്തമായ കാഴ്ചാനുഭവങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്കു ചിത്രം വളരെ തൃപ്തികരമായിരിക്കും.