പ്രായം മങ്ങലേൽപ്പിക്കാത്ത റിവഞ്ചുമായി മണിരത്നം വീണ്ടും; റിവ്യു

എൺപതുകളിലും തൊണ്ണൂറുകളിലും കരുത്തുറ്റ സിനിമകളുമായി എത്തി പിന്നീട് കാലത്തോടു പൊരുതാൻ തയാറാകാതെ ഫീൽഡ് ഒൗട്ട് ആയിപ്പോയ സംവിധായകരുണ്ട്. എന്നാൽ ഫോം ഇൗസ് ടെംപററി, ക്ലാസ് ഇൗസ് പെർമനെന്റ് എന്ന ആപ്തവാക്യത്തെ അന്വർഥമാക്കുകയാണ് ചെക്ക ചിവന്ത വാനം എന്ന ചിത്രത്തിലൂടെ മണിരത്നം എന്ന സംവിധായകൻ. കഥാപാത്രാവിഷ്കാരം, ഫ്രെയിമിങ്ങിലെ സൗന്ദര്യം, ആവിഷ്കാരശൈലി അങ്ങനെ ഒരു സിനിമയുടെ എല്ലാ പ്രധാനഘടകങ്ങളും മനോഹരമായി ഇഴ ചേർക്കുന്ന അദ്ദേഹം എല്ലാത്തരം സിനിമാപ്രേമികൾക്കും പ്രചോദനമായി അന്നും അന്നും നില കൊള്ളുന്നു.

അരവിന്ദ് സ്വാമി, വിജയ് സേതുപതി, ചിമ്പു, അരുൺ വിജയ്... ഇത്രയും വലിയ താരനിരയിൽ ആരു നായകൻ- വില്ലൻ എന്ന ചോദ്യമുണ്ടാകും. എന്നാൽ നായകൻ–വില്ലൻ സങ്കൽപങ്ങളെ തച്ചുടച്ചാണ് മണിരത്നം ചെക്ക ചിവന്ത വാനം ഒരുക്കിയിരിക്കുന്നത്. അധോലോകവും പ്രതികാരവും കൊല്ലും കൊലയും നിറഞ്ഞ റിവഞ്ച് ഡ്രാമയാണ് ചെക്ക ചിവന്ത വാനം. എ.ആർ. റഹ്മാന്റെ തകർപ്പൻ പശ്ചാത്തലസംഗീതവും സന്തോഷ് ശിവന്റെ ഛായാഗ്രഹണവും മണിരത്നത്തിന്റെ ദൃശ്യാവിഷ്കരണത്തോടൊപ്പം ചേരുമ്പോൾ ഒരു ഇൗ ചിത്രം ഒരു ദൃശ്യവിസ്മയമാകുന്നു.

രാഷ്ട്രീയക്കാർക്കിടയിൽപോലും വലിയ സ്വാധീനമുള്ള അധോലോക നായകനാണ് സേനാപതി. വരധൻ, ത്യാഗു, എത്തി എന്നിവരാണ് മക്കൾ. അച്ഛന്റെ പാത പിന്തുടര്‍ന്നു പോകുകയാണ് വരധൻ. ത്യാഗു കുടുംബമായി വിദേശത്താണ്. എത്തി കള്ളക്കടത്തും മറ്റുമായി റഷ്യയിലും. സേനാപതിക്കുനേരെ വധശ്രമമുണ്ടാകുന്നതോടെ മക്കളെല്ലാം ഒന്നിക്കുന്നു. ഇതിനു പിന്നില്‍ ആരാണെന്ന് അറിഞ്ഞ് അവരെ വകവരുത്തുകയാണ് ലക്ഷ്യം. ഇതിനായി വരധന്റെ ഉറ്റസുഹൃത്തും പൊലീസ് ഇൻസ്പെക്ടറുമായ റസൂലും കൂടെ കൂടുന്നു.

പതിഞ്ഞ താളത്തിൽ തുടങ്ങുന്ന ചിത്രം ഇടവേളയാകുന്നതോടെ വലിഞ്ഞുമുറുകുന്നു. പിന്നീട് യുദ്ധമാണ്. പക, വഞ്ചന, പ്രതികാരം അങ്ങനെ വികാരങ്ങൾ അനവധി സ്ക്രീനിൽ മാറി മറിയുന്നു. തന്റെ സംവിധാനശൈലിയിലോ കഥ പറയുന്ന രീതിയിലോ യാതൊരു വ്യത്യാസവും കൊണ്ടുവരാൻ മണിരത്നം ശ്രമിക്കുന്നില്ല. എങ്കിലും ഓരോ ഫ്രെയിമിലും സൂക്ഷ്മതയും മികവും കാണാൻ കഴിയും.

ഇതിലെ ഓരോ കഥാപാത്രത്തിനും തുല്യ പരിഗണന നൽകിയാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്. മണിരത്നവും ശിവ ആനന്ദും ചേർന്നാണ് തിരക്കഥ. ഡ്രാമയിൽനിന്നു ഗാങ്സ്റ്റര്‍ ത്രില്ലറിലേക്കു മാറുമ്പോൾ പ്രതീക്ഷിക്കുന്ന വേഗം ചിത്രത്തിനില്ല. കാട്രു വെളിയുതൈ, കടൽ, ഓക്കെ കൺമണി തുടങ്ങിയ പ്രണയചിത്രങ്ങളിൽ നിന്നുള്ള ട്രാക്ക് മാറ്റം മണിരത്നം പോസിറ്റീവാക്കിയിരിക്കുന്നു.

വരധനായി ഗംഭീരപ്രകടനമാണ് അരവിന്ദ് സ്വാമി കാഴ്ചവെച്ചത്. ഫഹദ് ഫാസിൽ നിരസിച്ച ത്യാഗു എന്ന കഥാപാത്രമായി അരുൺ വിജയ് എത്തുന്നു. ചിമ്പുവിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് എത്തി. റസൂൽ ഇബ്രാഹിം എന്ന പൊലീസുകാരനായി വിജയ് സേതുപതി തിളങ്ങി. അനായാസമായ അഭിനയശൈലിയാണ് എല്ലാ താരങ്ങളും സ്വീകരിച്ചിരിക്കുന്നത്. അത് ഒരു പരിധി വരെ സംവിധായകന്റെ മികവു കൂടിയാണ്.

നായകന്മാരെപോലെതന്നെ സ്ത്രീകൾക്കും തുല്യമായ വേഷമാണ് മണിരത്നം നൽകിയിരിക്കുന്നത്. ജ്യോതിക, ജയസുധ, ഐശ്വര്യ ലക്ഷ്മി, അദിതി റാവു എന്നിവരാണ് പ്രധാന സ്ത്രീകഥാപാത്രങ്ങൾ. ചെറുതെങ്കിലും ഓർത്തിരിക്കുന്നൊരു കഥാപാത്രമായി മലയാളി അപ്പാനി ശരത്തും ചിത്രത്തിലുണ്ട്. ത്യാഗരാജൻ, പ്രകാശ് രാജ്, മൻസൂർ അലിഖാൻ എന്നിവരാണ് മറ്റു താരങ്ങൾ.

ആറു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഇതൊക്കെ വൈകാരിക രംഗങ്ങളുടെയും ആക്‌ഷൻ രംഗങ്ങളുടെയും പശ്ചാത്തലം മാത്രമായി സിനിമയില്‍ ഉപയോഗിക്കുന്നു. റഹ്മാന്റെ സംഗീതവും ചിത്രത്തിലെ ഒരു കഥാപാത്രമായി തോന്നും. ചിത്രങ്ങൾ കഥ പറഞ്ഞുപോകുന്നതുപോലെയാണ് സന്തോഷ് ശിവന്റെ ഫ്രെയിമുകൾ. ശ്രീകർ പ്രസാദിന്റെ കൃത്യതയാർന്ന ചിത്രസംയോജനം. ചിത്രത്തിന്റെ എൻഡ് ക്രെഡിറ്റ് രംഗത്തിലാണ് യഥാർഥ ട്വിസ്റ്റ് ഒളിഞ്ഞിരിക്കുന്നത്. സിനിമയുടെ പേരിന്റെ അർഥം തെളിയുന്നതും അവിടെത്തന്നെ.

അടുത്ത കാലത്തിറങ്ങിയ മികച്ച പ്രതികാര കഥകളിലൊന്നാണ് ചെക്ക ചിവന്ത വാനം. മണിരത്നത്തിന്റെ എക്കാലത്തെയും മികച്ച സിനിമകളുടെ പട്ടികയിൽ മുന്നിലെത്തിയില്ലെങ്കിലും ഇന്നും അവഗണിക്കാനാവാത്ത പ്രതിഭ തന്നെയാണ് അദ്ദേഹം എന്ന് ഇൗ ചിത്രത്തിലൂടെ തെളിയിക്കപ്പെടുന്നു.