Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൂരെ ഒരിടത്തു പിതാവിനെ കബറടക്കാന്‍ പോയ 4 മക്കളുടെ കഥ

graveless

വില്യം ഫോക്‌നറുടെ ആസ് ഐ ലേ ഡയിങ് എന്ന നോവലിനെ ആധാരമാക്കിയെടുത്തതാണു ഇറാനില്‍നിന്നുള്ള ഗ്രേവ്‌ലെസ്. (വെനിസ് ചലച്ചിത്രോല്‍സവത്തില്‍ ഇതേ സിനിമ ഫോക്‌നറുടെ നോവലിന്റെ അതേ പേരിലായിരുന്നു പ്രദര്‍ശിപ്പിച്ചത്)പിതാവിന്റെ മൃതദേഹം മറവു ചെയ്യാന്‍ ദക്ഷിണ ഇറാനിലെ ഒരു വിദൂര ഗ്രാമത്തിലേക്കു യാത്ര ചെയ്യുന്ന നാലു മക്കളുടെ കഥയാണിത്. പിതാവിന്റെ ആഗ്രഹപ്രകാരമാണിത്. 

എന്നാല്‍ 2 ദിവസത്തെ യാത്രയ്ക്കിടെ മൃതദേഹം അഴുകി ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുന്നു. 73 മിനിറ്റുള്ള സിനിമ ഇറാനിലെ വിസ്തൃതമായ സമതലങ്ങളിലൂടെയും മലയടിവാരങ്ങളിലൂടെയുമുള്ള മൃതദേഹയാത്രയാണ്. മരിച്ചയാള്‍ക്ക് മറ്റൊരു സ്ത്രീയിലുണ്ടായ മകനാണ് അവസാനകാലത്ത് അയാളെ പരിചരിച്ചിരുന്നത്. ആ സ്ത്രീയെ അയാള്‍ വല്ലാതെ ദ്രോഹിച്ചിരുന്നു. രണ്ടാമത്തെ ഗര്‍ഭം അലസിപ്പിക്കുമ്പോഴാണ് അവര്‍ മരിച്ചത്. അവസാന വര്‍ഷങ്ങളില്‍ അയാള്‍ മനോനില തകരാറിലായി. ഒന്നുമോര്‍മയില്ലാത്ത അവസ്ഥ. അയാള്‍ക്ക് ഉറങ്ങാന്‍ പേടിയായിരുന്നു. ഉറങ്ങിയാല്‍ സ്വപ്നത്തില്‍ മരിച്ചവര്‍ വന്ന് അയാളുടെ കഴുത്തു ‍ഞെരിക്കും. 

The Graveless Trailer

മറ്റു മൂന്നു മക്കളുടെയും ഉള്ളില്‍ ഇളയ സഹോദരനോടുള്ള സ്നേഹവും സ്മരണയും ഒപ്പം പകയും സംശയവും എല്ലാം പുറത്തുവരുന്നത് പിതാവിനെ അടക്കാനുള്ള ഈ നീണ്ട യാത്രയിലാണ്. മക്കള്‍ക്കറിയാത്ത ഏതോ നാട്ടില്‍ കബറടക്കപ്പെടാന്‍ പിതാവ് ആഗ്രഹിച്ചത് എന്തുകൊണ്ടാണെന്നു മാത്രം അവര്‍ക്കു മനസിലായില്ല.

അഴുകിത്തുടങ്ങുന്ന ഒരു മൃതദേഹം മുഖ്യകഥാപാത്രമായി കാണികളുടെ മുന്നില്‍ സിനിമ തുടങ്ങുന്നതു മുതല്‍ അവസാനിക്കും വരെ ഉള്ളതുകൊണ്ടാകാം ആകെപ്പാടെ നിറരാഹിത്യവും മന്ദഗതിയും. സംഭാഷണങ്ങള്‍ ചില നാടകങ്ങളിലേതു പോലെ അതിനാടകീയമായി തോന്നാം. രാത്രി ചെലവഴിക്കാനായി ഒരു ഗ്രാമത്തില്‍ വാഹനം നിര്‍ത്തിയിടുമ്പോള്‍, അയല്‍വാസികള്‍, ആ വാഹനത്തില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതെപ്പറ്റി പരാതി ഉന്നയിക്കുമ്പോള്‍ മൂത്ത മകന്‍ അവരോടു പറയുന്നത്, അത് ചീഞ്ഞ ഇറച്ചി വണ്ടിയിലുണ്ടായിരുന്നു, അതുകൊണ്ടാണെന്നാണ്. താനങ്ങനെ പറഞ്ഞല്ലോ എന്നോര്‍ത്ത് അയാള്‍ പിന്നീട് പൊട്ടിക്കരയുന്നുണ്ട്. മല്‍സരവിഭാഗത്തിലാണു തിരുവനന്തപുരം ചലച്ചിത്രമേളയില്‍ ഗ്രേവ്‌ലെസ് പ്രദര്‍ശിപ്പിച്ചത്.