മനുഷ്യമാംസം പച്ചയ്ക്കു തിന്നുന്ന രംഗങ്ങൾ; േമളയില്‍ പേടിപ്പിച്ച കിം കി ഡൂക്ക് സിനിമ

സ്വന്തം താരത്തെ കൈവെടിഞ്ഞു മുന്നേറുകയാണ് രജ്യാന്തര ചലച്ചിത്രമേള. സ്വന്തം താരം ആരെന്നു രണ്ടുവട്ടം ആലോചിക്കേണ്ടതില്ല, കൊറിയൻ ചലച്ചിത്രകാരൻ കിം കി ഡൂക്ക് തന്നെ. അസഹനീയമായ അക്രമവും പൈശാചികതയും നിറഞ്ഞതും അഗമ്യഗമനങ്ങള്‍ കുത്തിനിറച്ചതുമായ സിനിമകളുമായി വന്നപ്പോൾപ്പോലും കയ്യടി നേടിയ കിമ്മിന് ഇത്തവണ ലഭിച്ചതു തണുത്ത പ്രതികരണം. 

ചിത്രത്തിന്റെ തുടക്കത്തിൽ കിമ്മിന്റെ പേരെഴുതിക്കാണിക്കുമ്പോൾ കയ്യടിച്ചവർപോലും ഏറ്റവും പുതിയ ചിത്രമായ ഹ്യൂമൻ സ്പെയ്സ് ടൈം ആൻഡ് ഹ്യൂമൻ കണ്ടു കഴിഞ്ഞ് മടങ്ങിയത് കയ്യടിക്കാൻ മറന്ന്. സീറ്റിൽ ഒന്നനങ്ങാൻപോലും കഴിയാത്തരീതിയിൽ മരവിച്ചുപോയിരുന്നു പ്രേക്ഷകരിൽ ചിലർ.  പല രംഗങ്ങളും കണ്ണടച്ചുപിടിച്ചു കണ്ടുതീർത്തവരുമുണ്ട്. എന്തുപറ്റി കിമ്മിനെന്നും കിം എന്താണുദ്ദേശിക്കുന്നതെന്നും ഉറക്കെച്ചോദിക്കുന്നവരുമുണ്ടായിരുന്നു. ഏറ്റവും പ്രിയപ്പെട്ട ചലച്ചിത്രകാരൻ എന്ന പദവിയിൽ ഇനി മലയാളികൾ കിമ്മിനെ അവരോധിക്കുമോ എന്ന സംശയം ബലപ്പെടുത്തിക്കൊണ്ടാണ് ഇത്തവണത്തെ ചലച്ചിത്രമേള മുന്നേറുന്നതും. 

കിം കി ഡൂക്കിന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ വർഷമാണു കടന്നുപോകുന്നത്. ഷൂട്ടിങ്ങ് ലൊക്കേഷനുകളിൽവച്ച് കിം ആക്രമിക്കാനും പീഡിപ്പിക്കാനും ശ്രമിച്ചെന്നും അരോചകമായ രംഗങ്ങളിൽപ്പോലും അഭിനയിക്കാൻ നിർബന്ധിച്ചുവെന്നുമൊക്കെ ഒരുകൂട്ടം നടിമാരുടെ ആക്രമണത്തിന് അദ്ദേഹം വിധേയനായ വർഷം. ആരോപണങ്ങളെല്ലാം നിഷേധിച്ചെങ്കിലും ഫൈൻ അടച്ചു തലയൂരേണ്ട കേസുകളുമുണ്ടായി. കിമ്മിനെക്കുറിച്ചുള്ള ഓരോ വാർത്തയ്ക്കും ചെവി കൊടുക്കുന്ന മലയാളികൾ അവിശ്വസനീയതയെടെയാണ് മീ ടൂ തുറന്നുപറച്ചിലിൽ അക്രമിയുടെ കൂട്ടത്തിൽ കിമ്മിന്റെ പേരു കേട്ടതും. എല്ലാം മറക്കാനും പൊറുക്കാനും പുതിയ ചിത്രത്തിലൂടെ കിം വഴിയൊരുക്കുമെന്നാണു കരുതിയതെങ്കിൽ പ്രേക്ഷകരെ പൂർണമായും ഞെട്ടിച്ചിരിക്കുകയാണ് ഏറ്റവും പുതിയ ചിത്രം. 

വിഭിന്ന പശ്ഛാത്തലത്തിലുള്ളവർ ഒരുമിച്ചു നടത്തുന്ന ഒരു കപ്പൽയാത്രയുടെ കഥ പറയുന്ന ഹ്യൂമൻ അജ്ഞാതമായ ഇടത്തേക്കും കാലത്തിലേക്കുമൊക്കെ സഞ്ചരിച്ചു തിരിച്ചു കരയിൽത്തന്നെ വന്നു നിന്ന് 17 വർഷത്തിനുശേഷം ഒരു രംഗത്തിലാണ്  അവസാനിക്കുന്നത്. വന്യമായ ഒരു കാടിന്റെ പശ്ഛാത്തലത്തിൽ ഭക്ഷണം കഴിക്കുന്ന അമ്മയും മകനും. 

അമ്മ ഹ്യൂമനിലെ നായികയാണ്. കപ്പൽയാത്രയ്ക്കിടെയാണ് യുവതി ഗർഭിണിയാകുന്നത്. പക്ഷേ, സ്വന്തം പങ്കാളി ഉൾപ്പെടെ ഒട്ടേറെപ്പേരിൽനിന്ന് പീഡനം അനുഭവിക്കേണ്ടിവന്ന യുവതിക്ക് തന്റെ മകന്റെ അച്ഛനാരെന്ന് അറിയില്ല. സ്നേഹിച്ചു വിവാഹം കഴിഞ്ഞ പങ്കാളിയുടെ കുട്ടിയായിരിക്കും ഉദരത്തിൽ വളരുന്നതെന്ന പ്രതീക്ഷയിലാണ് അവർ ഗർഭം അലസിപ്പിക്കാൻ മുതിരാതിരുന്നതും. ആ കുട്ടി ജനിക്കുന്ന രംഗം ഹ്യൂമനിൽ പല പ്രേക്ഷകരും ശ്വാസം അടക്കിപ്പിടിച്ചാണു കണ്ടുതീർത്തത്. കുട്ടിക്കു രണ്ടോ മൂന്നോ വയസ്സു പ്രായമാകുമ്പോഴാണ് കപ്പൽ യാത്ര അവസാനിക്കുന്നത്. അക്കാലത്തുതന്നെ അവൻ തോക്ക് കയ്യിലെടുക്കുമ്പോൾ തട്ടിമാറ്റുന്നുണ്ട് അമ്മ. 

17 വർഷത്തിനുശേഷം എന്നെഴുതിക്കാണിച്ചു കിം കാണിക്കുന്ന അവസാന ദൃശ്യത്തിൽ യൗവ്വനത്തിന്റെ അവസാന വർഷങ്ങളിലെത്തിയ അമ്മയെ കാണാം. കൗമാരത്തിൽനിന്നു യൗവ്വനത്തിലേക്കു കടക്കുന്ന മകനെയും. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെത്തന്നെ സ്വന്തം അമ്മയെ ആക്രമിക്കാനൊരുങ്ങുകയാണ് മകൻ. അമ്മ മകനിൽനിന്നു രക്ഷപ്പെടാനായി കാട്ടിലേക്ക് ഓടുന്നു. വന്യമായ ആസക്തിയുമായി മകൻ തൊട്ടുപിന്നാലെ. ഇരയുടെ നിലവിളിയിൽ കിം അവസാനിപ്പിക്കുകയാണ് ഹ്യൂമൻ. 

പിന്നാലെ വരുന്ന അക്രമികളെക്കുറിച്ച് ഓർമിപ്പിച്ച്. പക്ഷേ അപ്പോഴേക്കും മനുഷ്യമാംസം പച്ചയ്ക്കു തിന്നുന്ന രംഗങ്ങൾ കണ്ട് അവശരായ പ്രേക്ഷകർ വിശപ്പും ദാഹവുമൊക്കെ മറന്ന് തിയറ്റർ വിട്ടിറങ്ങുകയാണ്. അവരുടെ മനസ്സിലെ ഒരു വിഗ്രഹം ഉടഞ്ഞിരിക്കുന്നു. തീർച്ചയായും അവർ പ്രതീക്ഷിച്ച കിം ചിത്രവുമല്ല ഹ്യൂമൻ. മനുഷ്യന്റെ ഉള്ളിലെ അക്രമവാസനയും ആസക്തിയും പ്രതികാരവും അധികാരമോഹവും .....അങ്ങനെയങ്ങനെ വ്യാഖ്യാനിക്കാൻ ആശയങ്ങളൊരുപാടുണ്ടെങ്കിലും ഇത്രയൊക്കെ വേണോ എന്നാണു പ്രേക്ഷകർക്കു കിമ്മിനോടു ചോദിക്കാനുള്ളത്.