Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രകാശം പരത്തി സത്യനും ശ്രീനിയും ! റിവ്യു

njan-prakashan-review

കൈ നനയാതെ മീൻപിടിക്കാനാണ് മലയാളികൾക്ക് ഇഷ്ടം. വലിയ അധ്വാനമില്ലാതെ പണക്കാരനാകണം. അതിനായി പല തറവേലകളും കാണിക്കും. ഇത്തരം ചെറുപ്പക്കാരെ എല്ലായിടത്തും കാണാനാകും. അവർക്ക് ജീവിതത്തിൽ വലിയ ലക്ഷ്യങ്ങളൊന്നും കാണില്ല. പ്രകാശനും അത്തരക്കാരിലൊരാളാണ്. ഡോക്ടർ ആകണം എന്നായിരുന്നു ആഗ്രഹം.

പക്ഷെ നഴ്സാകാനെ പറ്റിയുള്ളു. തന്റെ വിവരമില്ലായ്മകൊണ്ട് നഴ്സിങ് പഠിച്ചുപോയി എന്നാണ് നായകന്റെ പരിതാപം. രക്ഷിതാക്കൾ ഇട്ട പേർ പഴഞ്ചനാണെന്ന് തോന്നിയതുകൊണ്ട് പേരങ്ങ് മാറ്റി പി. ആർ. ആകാശാണ് കക്ഷി ഇപ്പോൾ. പ്രകാശനെന്ന പി.ആർ. ആകാശിന്റെ സിനിമയാണ്, അല്ല നമ്മൾ‌ ഓരോരുത്തരുടേയും സിനിമയാണ് ഞാൻ പ്രകാശൻ.

njan-prakashan-review-5

ആദ്യം പുറത്തിറങ്ങിയ ടീസറിൽ തന്നെയുണ്ട് ചിത്രത്തിന്റെ പൊതുസ്വഭാവം. കല്യാണ സദ്യയ്ക്ക് തിക്കും തിരക്കുമുണ്ടാക്കി ആദ്യം കയറി ഇരുന്നു വയറു നിറയെ കഴിച്ച് കുറ്റം പറയുന്ന തനി മലയാളിയാണ് പ്രകാശനും. കാണികൾക്ക് പ്രവചിക്കാൻ പറ്റുന്ന കഥയും കഥാസന്ദർഭങ്ങളുമാണെങ്കിലും ഒരിക്കലും പ്രേക്ഷകരെ മടുപ്പിക്കുന്നില്ല പ്രകാശൻ. 

ആദ്യ പകുതി പ്രകാശന്റെ പൊതുസ്വഭാവമാണ് കാണിക്കുന്നതെങ്കില്‍ രണ്ടാം പകുതി കഥാപാത്രത്തിന്റെ മാറ്റങ്ങളാണ് അവതരിപ്പിക്കുന്നത്. പ്രകാശന്റെ പഴയ കാമുകി സലോമി (നിഖില വിമൽ) വീണ്ടും എത്തുന്നതോടെ സിനിമയുടെ തലം മാറുന്നു. തുടർന്ന് അവരിരുവരുടെയും ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ മുഹൂർത്തങ്ങളാണ് ചിത്രത്തിന്റെ  ഇതിവൃത്തം.

njan-prakashan-review-4

ഫഹദ് ഫാസിൽ പ്രകാശൻ ആകുന്നതും പിആർ ആകാശ് ആകുന്നതും സിൽവർസ്റ്റർ ആകുന്നതും അവസാനം ആകാശത്തു നിന്നും ഭൂമിയിലേക്ക് എത്തി പ്രകാശൻ ആകുന്നതും വളരെ രസകരമായി ചിത്രീകരിച്ചിരിക്കുന്നു.  ഫഹദിന്റെ കൈകളിൽ പ്രകാശൻ ഭദ്രം എന്നുറപ്പിച്ചു പറയാം. സലോമിയായി എത്തുന്ന നിഖിലയും  കയ്യടി നേടുന്ന പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. 

പ്രകാശന്റെ ജീവിത്തിന്റെ രണ്ടാം ഘട്ടത്തില്‍ ശ്രുതിയായി എത്തുന്ന അഞ്ജു കുര്യനും തന്റെ വേഷം മികച്ചതാക്കി. ഫഹദ് കഴിഞ്ഞാൽ പിന്നെ സിനിമയിലെ താരം ഗോപാൽജി എന്ന ശ്രീനിവാസനാണ്. ഫഹദ് ഫാസിലുമായുള്ള ശ്രീനിവാസന്റെ കോമ്പിനേഷൻ സീനുകൾ എല്ലാം മികച്ചത് തന്നെ.  സത്യൻ അന്തിക്കാട് സിനിമകളിലെ സ്ഥിരം സാന്നിധ്യമായ കെപിഎസി ലളിതയും തന്റെ വേഷം മനോഹരമാക്കി. 

njan-prakashan-review-2

എസ് കുമാറിന്റെ ക്യാമറ‌ പ്രകാശനെ കാഴ്ചക്കാരിലേക്ക് അടുപ്പിക്കും. മികച്ച ഗാനങ്ങളാണ് ഷാൻ റഹ്മാൻ ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതവും മികച്ചതു തന്നെ. ശ്രീനിവാസന്റെ തിരക്കഥ ഈ ചിത്രത്തിന്റെ ഹൈലൈറ്റാണ്. കുറിക്കുകൊള്ളുന്ന  ആക്ഷേപഹാസ്യങ്ങളും സന്ദർഭോചിതമായ നർമ്മമുഹൂർത്തങ്ങളും ചിത്രത്തിലുടനീളമുണ്ട്. 2002–ൽ പുറത്തിറങ്ങിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിന് ശേഷം നീണ്ട 16 വർഷങ്ങൾക്കിപ്പുറം മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റ് കൂട്ടുകെട്ട് എത്തിയപ്പോൾ പ്രതീക്ഷകൾ അസ്ഥാനത്തായില്ല. 

കാഴ്ചക്കാരിലേക്ക് പ്രകാശം പരത്തുന്നതാണ് പ്രകാശൻ എന്ന കഥാപാത്രവും സിനിമയും. ഇന്നത്തെ മലയാള സമൂഹത്തിലും കാലികപ്രസക്തിയുള്ള സന്ദേശം പോലെയുള്ള ചിത്രങ്ങളൊരുക്കിയ സത്യൻ–ശ്രീനി കൂട്ടുകെട്ടിൽ നിന്നുള്ള പ്രകാശനും ഇനിയങ്ങോട്ട് ചർച്ചയാകുമെന്ന് കാര്യത്തിൽ തർക്കമില്ല. മലയാളത്തിന്റെ സുവർണ ജോഡിക്കൊപ്പം പുതിയ തലമുറയുടെ ഹരമായ ഫഹദും ഒത്തു ചേർന്നൊരുക്കുന്ന വിരുന്ന് തന്നെയാണ് ‘ഞാൻ പ്രകാശൻ’.