മലയാളത്തിൽ റെക്കോർഡുമായി മാസ്റ്റർപീസ് ടീസർ

മലയാളത്തിലെ സകലറെക്കോർഡുകളും തകർത്ത് മമ്മൂട്ടിയുടെ മാസ്റ്റർപീസ് ടീസർ. റിലീസ് ചെയ്ത് 24 മണിക്കൂറുകൾക്കുള്ളിൽ സിനിമയുടെ ടീസർ കണ്ടത് എട്ട് ലക്ഷത്തിന് മുകളില്‍ ആളുകളാണ്. ഇതാദ്യമായാണ് യുട്യൂബിൽ ഒരു മലയാളസിനിമയുടെ ടീസറിന് ഇത്ര വലിയ വരവേൽപ് ലഭിക്കുന്നത്.

895,019 ആളുകൾ കണ്ട ടീസറിന് ലഭിച്ചത് 47,000 ലൈക്സ്. മോഹൻലാലിന്റെ ജനതാഗാരേജ് മലയാളം ടീസർ, കസബ, ജോമോന്റെ സുവിശേഷം, കസബ എന്നീ സിനിമകളുടെ യുട്യൂബ് റെക്കോർഡ് ആണ് മാസ്റ്റർപീസ് തകർത്തെറിഞ്ഞത്.

24 മണിക്കൂറുകൾക്കുള്ളിൽ അഞ്ച് ലക്ഷത്തി പതിനായിരം ആളുകളാണ് കസബ ടീസർ കണ്ടത്. പുലിമുരുകൻ ടീസർ കണ്ടത് നാല് ലക്ഷത്തിമുപ്പതിനായിരം ആളുകളാണ്. ജനതാ ഗാരേജിന്റെ മലയാളം ടീസര്‍ ഏഴ് ലക്ഷം.

കോളജിലെ ഗുണ്ടായിസം അവസാനിപ്പിക്കാനായി ഇറങ്ങിപ്പുറപ്പെടുന്ന ഇംഗ്ലീഷ് പ്രൊഫസറുടെ വേഷത്തില്‍ കട്ടക്കലിപ്പിലാണ് ടീസറില്‍ മമ്മൂട്ടി എത്തുന്നത്. വിദ്യാര്‍ഥികളെ നിലയ്ക്ക് നിര്‍ത്തുന്ന എഡ്വേര്‍ഡ് ലിവിങ്സ്റ്റണ്‍ എന്ന എഡ്ഡിയുടെ സ്വഭാവവിശേഷങ്ങളെ ടീസര്‍ വെളിപ്പെടുത്തുന്നു. 

രാജാധിരാജ ഒരുക്കിയ യുവ സംവിധായകന്‍ അജയ് വാസുദേവിന്റെ രണ്ടാം ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയ് കൃഷ്ണയാണ്. വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മുകേഷ്, ഉണ്ണി മുകുന്ദന്‍, കലാഭവന്‍ ഷാജോണ്‍, ഗോകുല്‍ സുരേഷ്, മഖ്ബൂല്‍ സല്‍മാന്‍, ദിവ്യദര്‍ശന്‍, പൂനം ബാജ്‌‌വ, വരലക്ഷ്മി ശരത്കുമാര്‍, ജനാര്‍ദ്ദനന്‍, വിജയകുമാര്‍, നന്ദു, സന്തോഷ് പണ്ഡിറ്റ്, പാഷാണം ഷാജി, ജോളി മൂത്തേടന്‍ തുടങ്ങിയവര്‍ക്കൊപ്പം ആയിരത്തിലേറെ കോളജ് വിദ്യാര്‍ഥികളും ചിത്രത്തില്‍ വേഷമിടുന്നു. 

വിനോദ് ഇല്ലംപള്ളിയാണ് ക്യാമറ കൈകാര്യം ചെയ്തത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച്.മുഹമ്മദ് നിര്‍മിക്കുന്ന ചിത്രം ഉദയ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള യുകെ സ്റ്റുഡിയോസ് വിതരണം ചെയ്യും.