സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ മാര്‍ച്ച് 31ന്‌‌

മലയാളിപ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആന്റണി വർഗീസ് നായകനാകുന്ന ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’.  ചിത്രം മാര്‍ച്ച് 31ന് തീയറ്ററുകളിലെത്തും. ആക്‌ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന സിനിമയുടെ പോസ്റ്ററും ട്രെയിലറും വലിയതരംഗമായിരുന്നു. 

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസ്സോസ്സിയേറ്റ് ആയിരുന്ന ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസിന്റെ ചീഫ് അസോസിയേറ്റായിരുന്നു ടിനു പാപ്പച്ചന്‍. ദിലീപ് കുര്യന്റേതാണ് തിരക്കഥ.

ബി ഉണ്ണികൃഷ്ണന്‍ ആദ്യമായി നിര്‍മിച്ച് അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. നിര്‍മാണത്തില്‍ ബി.സി ജോഷിയും പങ്കാളിയാണ്. ലിജോ ജോസ് പല്ലിശ്ശേരിയും ചെമ്പന്‍ വിനോദ് ജോസും ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളാണ്.

അങ്കമാലി ഡയറീസിലെ വില്ലന്‍ കഥാപാത്രമായ യു ക്ലാംപ് രാജനെ അവതരിപ്പിച്ച ടിറ്റൊ വില്‍സണ്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഫിനാന്‍സ് കമ്പനി മാനേജരായ കോട്ടയംകാരന്‍ യുവാവിനെയാണ് ആന്റണി അവതരിപ്പിക്കുന്നത്. ഒരു രാത്രിയിലെ സംഭവം അവന്റെ ജീവിതം മാറ്റി മറിക്കുന്നതും ആ പ്രശ്‌നം പരിഹരിക്കാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.