ജയരാജിന്റെ ‘ഭയാനകം’ ട്രെയിലർ പുറത്ത്

ജയരാജിനെ ദേശീയ പുരസ്കാരത്തിന് അർഹനാക്കിയ ഭയാനകം സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. നവരസപരമ്പരയിലെ ആറാമത്തെ ചിത്രമാണ് ഭയാനകം. ചിത്രത്തിലെ ഛായാഗ്രഹണത്തിന് നിഖിൽ എസ് പ്രവീണും ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

തകഴിയുടെ കയര്‍ എന്ന നോവലിലെ  ഒരേടാണ് ചിത്രത്തിന്റെ പ്രമേയം. തകഴി അക്ഷരങ്ങളിലൂടെ ജീവന്‍ നല്‍കിയ പോസ്റ്റ്മാന്റെ കഥാപാത്രമാണ് ചിത്രത്തില്‍ പുനര്‍ജനിക്കുന്നത്. കുട്ടനാടന്‍ ഗ്രാമത്തില്‍ പോസ്റ്റ്മാന്റെ ജീവിതാനുഭവങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.

പ്രതിഭകളുടെ സംഗമമാണ് 'ഭയാനക'ത്തിന്റെ മറ്റൊരു പ്രത്യേകത. ശ്രീകുമാരന്‍ തമ്പിയും എം കെ അര്‍ജുനനും ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. നായിക എന്ന ചിത്രത്തിനുശേഷം ഇവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

കലാസംവിധാനം ആര്‍ട്ടിസ്റ്റ് നമ്പൂതിരി. അരവിന്ദന്‍ ചിത്രങ്ങളിലെ സാന്നിധ്യമായിരുന്ന നമ്പൂതിരി ഏറെക്കാലത്തിനുശേഷമാണ് സിനിമയിലെത്തുന്നത്. പോസ്റ്റുമാന്റെ വേഷം അവതരിപ്പിച്ച് രണ്‍ജിപണിക്കര്‍ ആദ്യമായി നായകനാകുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ജയരാജ് തന്നെ തിരക്കഥയും സംഭാഷണവും.

സഹസംവിധാനം എ കെ ബിജുരാജ്, ക്യാമറ നിഖില്‍ എസ് പ്രവീണ്‍. പ്രകൃതി പിക്ചേഴ്സിന്റെ ബാനറില്‍ ഡോ. സുരേഷ്കുമാര്‍ മുട്ടത്താണ് നിര്‍മാണം. ആശാശരത്ത്, ഗിരീഷ് കാവാലം, സബിതാ ജയരാജ്, കുമരകം വാസവന്‍, ബിലാസ്, ഹരിശങ്കര്‍, പുതുമുഖങ്ങളായ വൈഷ്ണവി വേണുഗാപാല്‍, ഗായത്രി എന്നവരാണ് മറ്റ് അഭിനേതാക്കള്‍.