ആ ക്ലൈമാക്സിന്റെ ക്രെഡിറ്റ് പാർവതിക്ക്: സത്യൻ അന്തിക്കാട്

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിന്റെ ക്ലൈമാക്സിൽ ഹാജിയാരുടെ ഭാര്യ പ്രത്യക്ഷപ്പെടുന്ന രംഗമുണ്ട്. അതുവരെ ശബ്ദമായി മാത്രം സാനിധ്യമറിയിച്ച ഖൽമയി താത്ത പാർവതിയായിരുന്നു എന്നു പ്രേക്ഷകർ തിരിച്ചറിയുന്ന നിമിഷം. പച്ചപ്പാടത്തിലൂടെ മഞ്ഞ തട്ടമിട്ട് പാർവതി ഓടി വരുന്ന കാഴ്ചയാണ് പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിന്റെ ക്ലൈമാക്സിനെ ഇപ്പോഴും പുതുമ നഷ്ടപ്പെടുത്താതെ നിലനിറുത്തുന്നത്. 

നാട്ടിലെ വഴക്ക് അവസാനിപ്പിക്കാൻ പൊലീസോ പട്ടാളമോ വെടിയുണ്ടയോ ലാത്തിചാർജോ മരണമോ ഒന്നും വേണ്ടി വന്നില്ല. ബഹളങ്ങളെല്ലാം ഒറ്റ കാഴ്ചയിൽ അവസാനിച്ചു. നർമത്തിൽ ചാലിച്ചെടുത്ത സിനിമയിൽ ഇതിലും വലിയൊരു ക്ലൈമാക്സ് സസ്പെൻസ് ഒളിപ്പിക്കാൻ പറ്റുമോ? പറ്റില്ലെന്നു സംവിധായകൻ സത്യൻ അന്തിക്കാടും സമ്മതിക്കും. 

ഹാജിയാരുടെ ഭാര്യ അതിസുന്ദരിയായ സ്ത്രീയാണെന്നു മാത്രമേ തിരക്കഥയിൽ ഉണ്ടായിരുന്നുള്ളൂ. ആ സുന്ദരിയായി പാർവതി പ്രത്യക്ഷപ്പെട്ടപ്പോഴാണ് ക്ലൈമാക്സിന് സൗന്ദര്യമേറിയത്. അക്കഥ സംവിധായകൻ തന്നെ പറയും. 

തിരക്കഥ എഴുതുമ്പോൾ പാർവതി ഇല്ല

പൊന്മുട്ടയിടുന്ന താറാവിന്റെ തിരക്കഥ എഴുതിയത് രഘുനാഥ് പലേരിയാണ്. തിരക്കഥയിലുണ്ടായിരുന്നത് കാണാൻ സുന്ദരിയായ ഒരു ചെറുപ്പക്കാരിയാണ് ഹാജിയാരുടെ ഭാര്യ എന്നായിരുന്നു. അതിസുന്ദരിയായ ഭാര്യ വരുന്നത് കണ്ടിട്ടാണ് നാട്ടുകാർ ഞെട്ടിത്തരിച്ച് നിൽക്കുന്നത്. ഹാജിയാരുമായുള്ള പ്രായവ്യത്യാസം ഞെട്ടലുണ്ടാക്കുന്നു. ഒരു ഗ്രാമം മുഴുവൻ സ്തംഭിച്ചു നിൽക്കണമെങ്കിൽ അതുപോലെ ഞെട്ടിക്കുന്ന ഒരാളാകണം. 

ചർച്ച ചെയ്യുന്ന സമയത്ത് പാർവതി മനസിൽ ഉണ്ടായിരുന്നില്ല. ഷൂട്ടിങ്ങിനു മുൻപാണ് അത് പാർവതിയാണെന്ന് ഉറപ്പിക്കുന്നത്. സ്ക്രിപ്റ്റ് എഴുതുമ്പോൾ ഈ വേഷം പാർവതി ചെയ്യണമെന്ന ചിന്ത എന്റെ മനസിലോ രഘുനാഥ് പാലേരിയുടെ മനസിലോ ഇല്ല. പാർവതി അതു ചെയ്തതോടെ ആ കഥാപാത്രത്തിന്റെ ഗ്രാഫ് ഉയർന്നു. 

ഒരു കുഞ്ഞി ഗസ്റ്റ് റോൾ ചെയ്യുമോ?

അന്ന് പാർവതി നല്ല തിളങ്ങി നിൽക്കുന്ന സമയമാണ്. ജനങ്ങൾക്ക് കാണാൻ ഇഷ്ടമുള്ള നായിക. പാർവതി വരും എന്നു വിചാരിച്ചിട്ട് ചോദിച്ചതല്ല. ഏതോ ഒരു സിനിമയുടെ ഷൂട്ടിങ് സെറ്റിൽ പോയപ്പോൾ പാർവതിയെ കണ്ടു. ഞാൻ പാർവതിയോടു ചോദിച്ചു, ഒരു കുഞ്ഞി ഗസ്റ്റ് റോൾ വന്നു ചെയ്യുമോ? ഉടനെ തന്നെ പാർവതി സമ്മതിച്ചു. ഒരു മടിയും കൂടാതെ പാർവതി ആ റോൾ ചെയ്യാൻ തയാറായി എന്നതിൽ നിന്നാണ് അതിന്റെ രസം ആരംഭിക്കുന്നത്. പാർവതി സത്യത്തിൽ ഒരു ദിവസം വന്ന് ചെയ്തു പോയി. ഒരു മണിക്കൂർ മാത്രമേ പാർവതിയുടെ ഷൂട്ട് ചെയ്യാൻ വേണ്ടി വന്നുള്ളൂ എന്നാണ് ഓർമ. 

സംവിധായകനെ വിശ്വസിച്ചു

പാർവതി അഭിനയിക്കുക എന്നു വച്ചാൽ അതൊരു വലിയ കാര്യമാണ്. അന്നത്തെ ആൾക്കാർക്ക് ഇഷ്ടമുള്ള ഒരു നായിക ആയിരുന്നോ ഇത്രയും നാൾ മുറിയ്ക്കുള്ളിൽ ഉണ്ടായിരുന്നത് എന്ന ഫീൽ പ്രേക്ഷകരിലുണ്ടാക്കുന്ന ഞെട്ടലാണ് ഞങ്ങൾ ആഗ്രഹിച്ചത്. കാണാൻ സുന്ദരിയായ പെൺകുട്ടി ആണെങ്കിലും ഞെട്ടലുണ്ടാകും. പക്ഷേ, പാർവതി വരുമ്പോഴുണ്ടാകുന്ന ഒരു ഇംപാക്ട് ഉണ്ടാവില്ലല്ലോ. 

സംവിധായകരെ അഭിനേതാക്കൾ വിശ്വസിക്കുന്നു എന്നതാണ് വലിയ കാര്യം. ഇതൊരിക്കലും അവരുടെ കരിയറിനെ ബാധിക്കില്ല എന്നുള്ള ഒരു തോന്നൽ ഉണ്ടായതുകൊണ്ടാണ് അതിന് പാർവതി സമ്മതിച്ചത്. ഒരു പരിചയമില്ലാത്ത ഒരാൾ പോയി ചോദിച്ചാൽ പാർവതി സമ്മതിക്കില്ലായിരിക്കാം. എന്റെ സിനിമയായതുകൊണ്ടും നല്ല സിനിമയാകുമെന്ന വിശ്വാസം ഉള്ളതുകൊണ്ടുമാണ് പാർവതി സമ്മതിച്ചത്. പ്രതിഫലത്തെക്കുറിച്ചു പോലും സംസാരിക്കാതെയാണ് പാർവതി വന്ന് അഭിനയിച്ചു പോയത്. 

അതിഥിവേഷമെന്നാൽ ഇങ്ങനെ വേണം 

ഒരാളെ അതിഥി വേഷത്തിൽ ഇടുമ്പോൾ ഇങ്ങനെയായിരിക്കണം എന്നു തോന്നിപ്പിക്കുന്ന ഒരു വേഷമാണത്. പാർവതിക്കാണ് അതിന്റെ മുഴുവൻ ക്രെഡിറ്റും. പാർവതിയെപ്പോലെ ഒരാൾ അതിന് സമ്മതിക്കണ്ടേ! ചില ആളുകൾ സമ്മതിക്കില്ലല്ലോ! കരമന ജനാർദ്ദനനെപ്പോലുള്ള ഒരാളുടെ ഭാര്യയുടെ റോൾ അല്ലേ. മോഹൻലാലിന്റെയും ജയറാമിന്റെയുമൊക്കെ കൂടെ അഭിനയിക്കുന്ന ഒരു താരം കരമനയുടെ ബീവിയായി അഭിനയിക്കാൻ സമ്മതിക്കുക എന്നു വച്ചാൽ വലിയ കാര്യമാണ്. ഈ ഇമേജിന്റെ ഭാരമൊന്നുമില്ലാതെ എന്നെ വിശ്വസിച്ചുകൊണ്ട് പാർവതി ആ റോൾ ചെയ്തതാണ് അതിന്റെ വിജയം. 

ശരിയായ കാസ്റ്റിങ്ങും സന്ദർഭവും

ഒടുവിൽ ഉണ്ണികൃഷ്ണന്റെ പാപ്പി എന്ന കഥാപാത്രമാണ് ഹാജിയാരുടെ ഭാര്യ ഖൽമയിയെ വിളിക്കാൻ പോകുന്നത്. 'ഖൽമയി താത്ത' എന്നു ഒടുവിൽ വിളിക്കുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് പത്തൻപത് വയസുള്ള ഒരു സ്ത്രീയെയാണ്. എന്നിട്ട്, വാതിൽ തുറക്കുമ്പോൾ ഒടുവിൽ ഉണ്ണികൃഷ്ണൻ വാ പൊളിച്ചു നിന്നുപോകുന്ന രംഗമുണ്ട്. അയാൾക്ക് ഒന്നും മിണ്ടാൻ കഴിയുന്നില്ല. അങ്ങനെ തന്നെ നിന്നു പോവുകയാണ്. അതുപോലെ തന്നെയാണ് ഹാജിയാരുടെ ബീവിയെ കണ്ട നാട്ടുകാരും. ശരിയായ കാസ്റ്റിങ്ങും സന്ദർഭവുമാണ് ആ ക്ലൈമാക്സിനെ തുണച്ചത്.

ജോൺസൺ മാഷിന്റെ മേളപ്പെരുക്കം

എന്റെ മനസ്സ് അറിയുന്ന ഒരു സംഗീത സംവിധായകനായിരുന്നു ജോൺസൺ. ഞാൻ ജോൺസണിന്റെ അടുത്തു പറയും, നമ്മുടെ സിനിമയിൽ വലിയ സംഘർഷഭരിതമായ പശ്ചാത്തലസംഗീതം വേണ്ടെന്ന്. ക്ലൈമാക്സിലെ തല്ല് ആണെങ്കിൽ തന്നെ, ഷാജി കൈലാസിന്റെയോ ജോഷിയുടെയോ പടങ്ങളുടെ സംഘട്ടനരംഗങ്ങൾക്കു കൊടുക്കുന്ന രീതിയിലുള്ള സംഗീതം വേണ്ടെന്ന് ജോൺസണും നന്നായി അറിയാം. ഒരു സംവിധായകനും സംഗീത സംവിധായകനും തമ്മിലുള്ള മനപ്പൊരുത്തത്തിന്റെ ഭാഗമാണത്. ക്ലൈമാക്സിലെ കൂട്ടത്തല്ലിന്റെ ഗൗരവം കുറയ്ക്കാനുള്ള സംഗീതമാണ് വേണ്ടത്. അതുകൊണ്ടാണ് അവിടെ മേളപ്പെരുക്കം ഉപയോഗിച്ചത്. 

അന്നവർ പ്രണയത്തിലായിരുന്നില്ല

ജയറാമും പാർവതിയും പ്രണയിച്ചു തുടങ്ങുന്നതിനു മുൻപാണ് പൊന്മുട്ടയിടുന്ന താറാവിന്റെ ചിത്രീകരണം നടക്കുന്നത്. ജയറാമിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ ചിത്രമായിരുന്നു. പാർവതി ആ കാലത്ത് താരമായി തിളങ്ങി നിൽക്കുകയാണ്. പ്രണയമൊക്കെ പിന്നീടാണ് സംഭവിച്ചത്

ഹിന്ദി റീമേക്ക് പരാജയം

2010ൽ പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു. അജയ് വർമയായിരുന്നു സംവിധായകൻ. ക്ലൈമാക്സിൽ അതിഥിവേഷം ഉണ്ടായിട്ടും മലയാളത്തിലെ പോലെ വിജയിച്ചില്ല. "ഞാൻ ആ സിനിമ കണ്ടിട്ടില്ല. പക്ഷേ, എനിക്ക് തോന്നിയിട്ടുള്ളത്, റീമേക്ക് ചെയ്യുമ്പോൾ പലരും ആ സിനിമ മനഃപൂർവം നന്നാക്കാൻ ശ്രമിക്കും. അപ്പോഴാണ് തകരാർ സംഭവിക്കുന്നത്. ഇത് സ്വാഭാവികമായി സംഭവിക്കുന്നതാണ്," സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.