sections
MORE

‘മിസ്റ്റർ മോഹൻലാൽ എന്തുചെയ്യുന്നു? ചോദ്യം കേട്ട് കാറിനകത്തുള്ളവരെല്ലാം ഞെട്ടി’

sathyan-mohanlal
SHARE

പുതുക്കാട് സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ 102-ാംവാർഷികാഘോഷത്തിൽസംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞ ആ ഞെട്ടിപ്പിക്കുന്ന കഥ...

പ്രശസ്തിയിൽ ഒട്ടും ഭ്രമിക്കേണ്ടതില്ലെന്നു പഠിപ്പിച്ച അനുഭവം.മോഹൻലാൽ സിനിമയിൽ പ്രശസ്തിയുടെ നെറുകയിൽഎത്തിയതിനു ശേഷമുള്ള ഒരു ദിനം.രാത്രിവൈകി ഷൂട്ടിങ്ങ് കഴിഞ്ഞു ലാലുമൊത്ത് കാറിൽ മടങ്ങുകയാണു ഞാൻ. മറ്റൊരുസുഹുത്തും കാറിലുണ്ട്. വഴിയിൽ  പരിചയമില്ലാത്ത ഒരാൾ കൈകാണിച്ചു. അസമയമായതിനാൽ ലിഫ്റ്റ് കൊടുക്കുന്നത് അത്ര പന്തിയല്ല എന്ന് ഞാൻ ലാലിനോട് പറഞ്ഞു. 

ലാൽ എന്നെ വിമർശിച്ചു: ' പേരിൽ സത്യൻ എന്നുണ്ടായിട്ടു കാര്യമില്ല. മനുഷ്യരോട് സഹാനുഭൂതി കാണിക്കണം. ഈ മനുഷ്യനെ കൂടി കയറ്റിയതു കൊണ്ടു നമുക്ക് പ്രത്യേകിച്ചെന്തു ബുദ്ധിമുട്ടുണ്ടാകാനാണ്? '

കാർ നിർത്തി, അയാളെയും കയറ്റി. യാത്രയ്ക്കിടെ അയാൾ മോഹൻലാലിനോടു സംസാരം തുടങ്ങി.  വീടെവിടെയാണെന്നും വീട്ടിൽ ആരൊക്കെയുണ്ടെന്നുമൊക്കെയാണ് ചോദ്യങ്ങൾ.

വീടു  തിരുവനന്തപുരത്താണെന്നറിയിച്ച ലാൽ വീട്ടുകാരുടെ വിരങ്ങളും  പറഞ്ഞു. കാറിയിൽ കയറിയ ആളും തിരുവനന്തപുരംകാരനാണ്.  പറഞ്ഞു വന്നപ്പോൾ ലാലിന്റെ അച്ഛൻ വിശ്വനാഥൻനായരെയും അമ്മ ശാന്തകുമാരിയേയുമൊക്കെ ആൾക്കു നല്ല പരിചയം. ലാലിന്റെ ജ്യേഷ്ഠൻ  പ്യാരിലാലിനെയും അറിയാം.

തുടർന്നാണ് തികച്ചും അപ്രതീക്ഷിതമായ ആ ചോദ്യം അയാളിൽ നിന്നുണ്ടായത്:'നിങ്ങളുടെ പേരെന്താണ്?'

പെട്ടെന്നൊരു മറുപടി ലാലിൽനിന്നുണ്ടായില്ല.  അൽപസമയത്തിനുശേഷം  ലാലിന്റെ പതിഞ്ഞ ശബ്ദത്തിലുള്ള മറുപടി ഞങ്ങൾ കേട്ടു. ' മോഹൻലാൽ.'

കാറിനുള്ളിൽ ഇരുട്ടായതിനാൽ മുഖത്തെ ചമ്മൽ കാണാൻ പറ്റിയില്ല.റോഡിനിരുവശവും മോഹൻലാൽ നായകനായ സിനിമകളുടെ വലിയ പോസ്റ്ററുകൾ ഒട്ടിച്ചുവെച്ചിരിക്കുന്നതു  കാണാം.

ഇനി ആൾക്ക് മോഹൻലാലിനെ തിരിച്ചറിയാൻ കഴിയാത്തതുകൊണ്ടായിരിക്കുമോ? ഞാൻ ലൈറ്റിട്ടു. അപ്പോൾ നല്ല വെളിച്ചത്തിൽ മോഹൻലാലിന്റെ മുഖത്തുനോക്കി അയാളുടെ അടുത്ത ചോദ്യം വന്നു:  'മിസ്റ്റർ മോഹൻലാൽ എന്തുചെയ്യുന്നു?' കാറിനകത്തുള്ളവരെല്ലാം ഞെട്ടി!

ലാൽ എന്തോ മറുപടി പറഞ്ഞ് ഉഴപ്പി. ചിരിപൊട്ടിപ്പോകാതിരിക്കാൻ പാടുപെട്ട് മുഖം കുനിച്ച് ഞാനിരുന്നു. നോക്കുമ്പോൾ ലാൽ ഉറക്കം അഭിനയിച്ച് സീറ്റിൽ ചാരിക്കിടക്കുകയാണ്.

യാത്ര അവസാനിക്കുന്നതു വരെ മോഹൻലാൽ കള്ള ഉറക്കം തുടർന്നു. 

തനിക്കിറങ്ങേണ്ട സ്ഥലമായപ്പോൾ നമ്മുടെ കക്ഷി യാത്രപറയാനായി ലാലിനെ നോക്കി. ലാലുണ്ടോ ഉണരുന്നു!   'പാവം ഉറങ്ങിക്കോട്ടെ..ഉണരുമ്പോ വിശ്വനാഥൻ നായരുടെ മോനോട് പറഞ്ഞാൽ മതി......'ആൾ ഇറങ്ങിപ്പോയി.

ആ നിമിഷം മോഹൻലാൽ ഉണർന്നു. എന്നോടു ചോദിച്ചു: 'ഇതിപ്പോൾ നേരംവെളുക്കുന്നതിനു മുമ്പുതന്നെ നിങ്ങൾ മാലോകരെ അറിയിക്കുമല്ലോ അല്ലേ?.....''ഉറപ്പായും' 

ഞാൻ വാക്കുകൊടുത്തു. അതു പാലിക്കുകയും ചെയ്യുന്നു!.

(സ്കൂൾ വാർഷികാഘോഷത്തിലെ സത്യൻ അന്തിക്കാടിന്റെ പ്രസംഗത്തെക്കുറിച്ചു കഥാകൃത്ത് കൂടിയായ അധ്യാപകൻ വി.ദിലീപ് എഴുതിയത്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA