ഗോപൂസ് കൂൾബാറിലെ പ്രേമ സർബത്ത്

ജോർജ് മേരിക്കു പ്രണയലേഖനെഴുതാനിരിക്കുമ്പോൾ ബാക്ഗ്രൗണ്ടിൽ ഒരു വിളി: ചാളേ....മറ്റു നാട്ടുകാരുടെ മത്തി ഞങ്ങളുടെ ചാളയാണ്. പലരെയും ഇരട്ടപ്പേരു ചേർത്ത് അപമാനിക്കാറുണ്ടെങ്കിലും, ഉള്ളിയും വെളുത്തുള്ളിയും കുരുമുളകും ചേർത്ത് അരച്ചു പുരട്ടി വറുത്ത ചാളയെ ഒരു കുമരകം കരിമീനു പോലും തോൽപിക്കാനാവില്ല മക്കളെ.

ആ മണം വരുമ്പോൾ ജോർജിനെപ്പോലെ ആലുവക്കാരായ ചാളക്കൊതിയന്മാർ പറയും, എനിക്കു മൂന്ന്, അല്ല നാലെണ്ണം, അവക്ക് രണ്ടെണ്ണം കൊടുത്താ മതീന്ന്. ആ കൊതിയുടെ ആഴം മേരിയോടുള്ള പ്രണയത്തെക്കാൾ കൂടുതലാണെന്ന്, അവന്റെ പ്രണയലേഖനം പിന്നീട് കൂട്ടുകാർ കട്ടു തിന്നപ്പോൾ അവർക്കു മനസിലായി.

ഉളിയന്നൂരിൽ തുടങ്ങി കടുങ്ങല്ലൂരിനു മുകളിലൂടെ പോകുന്ന അക്വഡക്ട്(നീർപ്പാലം) കടന്നാണ് മേരി സ്കൂൾ വിട്ടു വീട്ടിലേക്കു പോകുന്നത്. ആ പാലത്തിലെ മൈൽക്കുറ്റികളാണ് ജോർജും കോയയും ശംഭവുമടങ്ങുന്ന പൂവാലന്മാരും ഗിരിരാജനെപ്പോലെ വലിയ പക്ഷികളും.

അവരുടെ മറ്റൊരു താവളമാണ് ഗോപൂസ് കൂൾ ബാർ. ഫെഡറൽ ബാങ്കിന്റെ പഴയ കെട്ടിടത്തിന്റെ അറ്റത്ത് കൊട്ടാരക്കടവിലേക്ക് അതായത് നടൻ ദിലീപിന്റെ വീട്ടിലേക്കു തിരിയുന്ന സ്ഥലത്ത് വട്ടം കൂടിയിരിക്കുന്ന കടയാണ് ഗോപൂസ് കൂൾ ബാർ.

ഗോപൂസിലെ കൂട്ടുകെട്ടാണു നല്ല ‘നേരം’ നോക്കി മലയാള സിനിമയിലേക്കു കടന്നു വന്നതും ഇപ്പോൾ ‘പ്രേമ’ വിപ്ലവം സൃഷ്ടിക്കുന്നതും. നിവിൻ പോളി, അൽഫോൺസ് പുത്രൻ, ഗാനരചയിതാവും കൂടിയായ ശബരീഷ്, സിജോ വിൽസൺ, കൃഷ്ണശങ്കർ എന്നിവരിൽ തുടങ്ങി ഡാൻസ് മാഷായി വരുന്ന സംവിധായകൻ ജൂഡ് ആന്റണി വരെ ഈ ആലുവ സംഘത്തിലുണ്ട്.

ന്യൂജെൻ സിനിമകളുടെ പേരിൽ ആഘോഷിക്കുന്ന പുകയല്ല, ഗോപൂസിലെ കസ് കസ് ഇട്ട സർബത്താണ് ഈ സിനിമയുടെ ഇന്ധനം. ഗോപൂസ് കൂൾ ബാറിനു സിനിമയിലെ രൂപം പക്ഷേ വട്ടത്തിലല്ല, ജോർജിന്റെ രണ്ടാം പ്രണയത്തിനു വേദിയായ യുസി കോളജിനു മുന്നിലുണ്ടായിരുന്ന ഇക്കാന്റെ കടയോടാണു സാമ്യം.

കോളജിലെ ഗിരിരാജന്മാരുടെ കേന്ദ്രമാണ് ഇക്കാടെ കട. അകത്തിരുന്നാൽ ബസിറങ്ങുന്നവരെയും പോകുന്നവരെയും വെസ്റ്റ് ഹോസ്റ്റലിലേക്കു പോകുന്ന പെൺകുട്ടികളെയും കാണാം. അതനുസരിച്ച് അന്നത്തെ ദിവസം പ്ലാൻ ചെയ്യാം. പുകവലിക്കണമെന്നുള്ളവർക്കു പലക കൊണ്ടു മറച്ച ‘ഫാമിലി റൂമുണ്ട്.’ 20 വർഷം മുൻപ് പത്തു രൂപയ്ക്ക് ഒരു പ്ലേറ്റ് നെയ്ച്ചൊറും ലേശം ബീഫും ഒരു പപ്പടവും കിട്ടിയിരുന്നു ‘ഫൈവ് സ്റ്റാർ’ ആയിരുന്നു ഇക്കാടെ കട. പ്രണയം പൊളിയുമ്പോൾ കൂട്ടുകാർ ജോർജിനെ സമാധാപ്പിക്കുമ്പോഴും ഒരു ആലുവ ടച്ചുണ്ട്: അവളു വേണ്ട്രാ...അവളു വേണ്ട്രാ...