ജോസഫ് വിജയ് എന്നത് ഒരു ഇന്ത്യൻ പേര്; എസ്.എ ചന്ദ്രശേഖര്‍

നടൻ വിജയ്ക്കെതിരെ വർഗീയ പരാമർശവുമായി ബിജെപി എത്തിയത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. തമിഴ്നാട്ടിലെ ബിജെപി നേതാവ് എച്ച് രാജയാണ് വിജയ് ക്രിസ്ത്യാനിയാണെന്ന് ചൂണ്ടിക്കാട്ടി സിനിമയ്ക്കെതിരെ രംഗത്ത് എത്തിയത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ചരക്കു സേവന നികുതിയെയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.

സംഭവത്തിൽ വിജയ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. എന്നാൽ വിവാദങ്ങൾ ചൂടുപിടിക്കുന്ന സമയത്ത് വിജ‌യ്‌യുടെ അച്ഛനും സംവിധായകനുമായ എസ് എ ചന്ദ്രശേഖർ മറുപടിയുമായി രംഗത്ത്.

രാഷ്ട്രീയക്കാർക്ക് അടിസ്ഥാന ബുദ്ധിപോലുമില്ലെന്നും അവരുടെ ചിന്താശേഷി നഷ്ടപ്പെട്ട് കഴിഞ്ഞെന്നും അദ്ദേഹം പറയുന്നു. സ്കൂള്‍ രേഖകൾ പ്രകാരം തന്റെ മകന്റെ പേര് ജോസഫ് വിജയ് എന്നാണെന്നും ജാതിയും മതവുമില്ലാതെയാണ് തങ്ങൾ അവനെ വളർത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി ക്രിസ്ത്യാനിയാണെങ്കിൽ കൂടി അതിൽ എന്തുപ്രശ്നമാണ് ദേശീയനേതാക്കൾ കാണുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

‘വിജയ് ഏത് മതത്തിലെന്നത് കഴിഞ്ഞ 25 വർഷമായി ഏവർക്കും തിരിയും. ഏത് മതമെന്നതല്ല എങ്ങനെ ജീവിക്കുന്നു എന്നതാണ് പ്രധാനം. നമ്മളെല്ലാം മനുഷ്യരായി അല്ലേ ജീവിക്കുന്നത്. ഒരുപേര് വച്ചാണ് ജാതിതിരിക്കുന്നത്. എന്റെ പേര് ചന്ദ്രശേഖർ, അത് ക്രിസ്ത്യൻ പേരോ മുസ്‌ലിം പേരോ ഹിന്ദുപേരോ. ഇതൊന്നുമല്ല അത് തമിഴ് പേരാണ്. വിജയ്‌യെ സ്കൂളിൽ ചേർക്കുമ്പോൾ ഇന്ന മതത്തിൽപ്പെട്ടയാൾ എന്ന രീതിയിലല്ല ചേർക്കുന്നത്. ഇന്ത്യൻ എന്ന നിലയിലാണ് സ്കൂളിൽ ചേർക്കുന്നത്. ’–ചന്ദ്രശേഖർ പറഞ്ഞു.

‘വിജയ് ഒരു നടനാണ്, സാമൂഹ്യ പ്രവര്‍ത്തകനല്ല. അവന്റെ ഭാഷ സിനിമയാണ്. അഴിമതി, ബലാത്സംഗ കേസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പിടിയിലാകുമ്പോള്‍ അതൊക്കെ സിനിമയിലൂടെയും തുറന്ന് കാണിക്കും. അതിന് ഇങ്ങനെ ഭീഷണിയുടെ സ്വരം ആവശ്യമുണ്ടോ? വിജയ് രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല. ഒരു പാര്‍ട്ടിയുമായും ഉടമ്പടിയുമില്ല.–ചന്ദ്രശേഖർ പറഞ്ഞു.