ഷാങ്ഹായിയിൽ തിളങ്ങി മമ്മൂട്ടിയുടെ പേരൻപ്

ലോകപ്രശസ്ത സിനിമാമേളകളിൽ തിളങ്ങി മമ്മൂട്ടിയുടെ പേരൻപ്. ലോകത്തെ വിഖ്യാത ചലച്ചിത്രമേളകളിൽ ഒന്നായ റോട്ടർഡാം രാജ്യാന്തര മേളയിൽ പുരസ്കാരം നേടിയ ചിത്രം ഏഷ്യയിലെ ഏറ്റവും വലിയ മേളയായ ഷാങ്ഹായി ഫെസ്റ്റിവലിലും ശ്രദ്ധനേടി.

തമിഴിൽ ദേശീയപുരസ്കാര ജേതാവ് കൂടിയായ റാം സംവിധാനം ചെയ്ത ‘പേരൻപ്’ എന്ന ചിത്രമാണ് ഇന്ത്യൻ സിനിമയ്ക്ക് പുതിയ അഭിമാനം സമ്മാനിച്ചത്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ അഭിനന്ദനം ചൊരിയുന്ന ചിത്രം സംവിധായകൻ തന്നെ ട്വിറ്ററിലൂടെ പുറത്തുവിട്ടു.

ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച സാധന സർഗവും റാമിനൊപ്പം ഷാങ്ഹായിയിൽ എത്തിയിരുന്നു. രാജ്യാന്തര നിരൂപകർ വരെ സിനിമയെ വാഴ്ത്തുന്നു. ചൈനയിൽ സിനിമയുടെ ഫ്ലക്സ് ബോർഡുകൾ നിരത്തുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ചിത്രത്തിൽ വിദേശത്ത് ടാക്സി ഡ്രൈവറായ മമ്മൂട്ടിയുടെ അമുധം എന്ന കഥാപാത്രം അക്ഷരാർഥത്തിൽ വിസ്മയിപ്പിച്ചു എന്നാണ് അസംഖ്യം ട്വീറ്റുകളും കുറിപ്പുകളും വ്യക്തമാക്കുന്നത്. ഹൃദയത്തിൽ ആഞ്ഞുതറയ്ക്കുന്ന കുടുംബജീവിത വ്യഥയാണ് ചിത്രം തരുന്നതെന്നാണ് ഒരു വിദേശമാധ്യമം സിനിമയ്ക്ക് നൽകിയ തലക്കെട്ട്. 

തമിഴ് താരം അഞ്ജലി, ബേബി സാധന, സുരാജ് വെഞ്ഞാറമ്മൂട്, കനിഹ, സമുദ്രക്കനി തുടങ്ങിയവർക്കൊപ്പം ട്രാൻസ്ജെൻഡറായ അഞ്ജലി അമീറും ചിത്രത്തിലുണ്ട്. യുവൻ ശങ്കർ രാജയാണ് സംഗീതം. ശ്രീകർ പ്രസാദ് എഡിറ്റിങ്ങും.