ജൂനിയർ എൻടിആറിന്റെ പിതാവും നടനുമായ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തിൽ മരണപ്പെട്ടു

ജൂനിയർ എൻടിആറിനൊപ്പം നന്ദമുരി ഹരികൃഷ്ണ

തെലുങ്ക് സിനിമാ താരവും തെലുങ്ക് ദേശം പാർട്ടിയുടെ മുതിർന്ന നേതാവുമായ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തിൽ മരണപ്പെട്ടു. അറുപത്തി ഒന്ന് വയസ്സായിരുന്നു. ആന്ധ്രാപ്രദേശിലെ നാൽഗോണ്ട ഹൈവേയിൽ നെല്ലൂരിനടുത്തായിരുന്നു അപകടം. ഒരു ആരാധകന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ ഹരികൃഷ്ണ ഓടിച്ച കാര്‍ ഡിവൈഡറിലേക്ക് പാഞ്ഞ് കയറി മറിയുകയായിരുന്നു. 

അതിവേഗത്തിലാണ് കാര്‍ ഡിവൈഡറില്‍ വന്നിടിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഡ്രൈവർ സീറ്റില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീണ ഹരികൃഷ്ണയുടെ തലയിലാണ് പരുക്കേറ്റത്. ഉടന്‍ തന്നെ അടുത്തുള്ള കാമിനേനി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി ഏഴരയോടെ മരണം സ്ഥിരീകരിച്ചു.

മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി സ്ഥാപകനുമായ എന്‍ടിആറിന്റെ നാലാമത്തെ മകനായിരുന്നു ഹരികൃഷ്ണ. ടോളിവുഡിൽ വൻ വിജയമായ നിരവധി സിനിമകളിൽ നായകനായ അദ്ദേഹത്തിന് ആന്ധ്രാപ്രദേശിലും തെലുങ്കാനയിലുമുൾപ്പടെ വലിയ ആരാധകപിൻതുണയുണ്ട്. തെലുങ്കിലെ യുവതാരങ്ങളായ കല്യാൺറാമും ജൂനിയർ എൻ.ടി.ആറും മക്കളാണ്. 

2014ല്‍ നാല്‍ഗോണ്ടയിലുണ്ടായ വാഹനാപകടത്തിൽ അദ്ദേഹത്തിന്റെ മറ്റൊരു മകൻ ജാനകി റാം മരണപ്പെട്ടിരുന്നു. തെലുങ്കിലെ മറ്റൊരു താരരാജാവായ നന്ദമുരി ബാലകൃഷ്ണ സഹോദരനാണ്, ചന്ദ്രബാബു നായിഡു ഭാര്യാ സഹോദരനും. ഭാര്യ ലക്ഷ്മി ഹരികൃഷ്ണ, മകള്‍ സുഭാഷിണി.

2008-2013 ൽ രാജ്യസഭാംഗമായിരുന്ന ഹരികൃഷ്ണ തെലുങ്ക് ദേശം പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായിരുന്നു. 2005 ൽ തിയറ്ററുകളിലെത്തിയ ശ്രവണാമസമാണ് അവസാന സിനിമ. ഹരികൃഷ്ണയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് തെലുങ്ക് സിനിമയും രാഷ്ട്രീയവും.