മലയാളികളെ അമ്പരപ്പിച്ച് വിജയ് ദേവരക്കൊണ്ടയുടെ ‘നോട്ട’ ട്രെയിലർ

െലുങ്ക് സൂപ്പർതാരം വിജയ് ദേവരക്കൊണ്ട നായകനാകുന്ന പൊളിറ്റിക്കൽ ത്രില്ലർ നോട്ടയുടെ ട്രെയിലർ പുറത്തിറങ്ങി. മുഖ്യമന്ത്രിയായാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്.

കേരളത്തിലുണ്ടായ പ്രളയദുരന്തത്തിനു സമാനമായൊരു രംഗം നോട്ടയുടെ ട്രെയിലറിൽ അണിയറപ്രവർത്തകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മഴ ശക്തമാകുന്നതോടെ ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നതുമായി ബന്ധപ്പെട്ടൊരു സംഭാഷണം ട്രെയിലറിൽ കാണാം.

വിക്രം നായകനായി എത്തിയ ഇരുമുഗന് ശേഷം ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന നോട്ട തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യും. മെഹ്റിൻ പിർസാദയാണ് നായിക. സത്യരാജ്, നാസർ, എം.എസ്. ഭാസ്ക്കർ എന്നിവർ മറ്റു കഥാപാത്രങ്ങളാകുന്നു. സംഗീതം സാം സി.എസ്. 

സൂര്യയാണ് ട്രെയിലർ റിലീസ് ചെയ്തത്. റൗഡിക്ക് തമിഴിലേക്കു സ്വാഗതം എന്ന കുറിപ്പോടെയാണ് ട്രെയിലര്‍ പങ്കുവച്ചത്. സൂര്യയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ ഗ്രീൻ ആണ് നിര്‍മാണം.

തെന്നിന്ത്യ മുഴുവൻ തരംഗമായ അർജുന്‍ റെഡ്ഡിയാണ് വിജയ് ദേവരക്കൊണ്ടയെ താരമാക്കിയത്. 2011 ൽ സിനിമയില്‍ അരങ്ങേറിയ വിജയ് ചുരുങ്ങിയ കാലത്തിനിടയിൽ വലിയ ആരാധകരുള്ള നടനായി വളർന്നു. വിജയ് നായകനായ ഗീതാഗോവിന്ദം വൻ വിജയം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.