പ്രേമത്തിന് സംഭവിച്ചത് 96നും: വിവാദത്തിൽ മറുപടിയുമായി സംവിധായകൻ

വിജയ് സേതുപതിയും തൃഷയും പ്രധാനകഥാപാത്രങ്ങളായെത്തിയ 96 വിജയക്കുതിപ്പ് തുടരുന്നതിനിടെ ചിത്രവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളും തുടരുകയാണ്. തമിഴിലെ പ്രശസ്ത സംവിധായകൻ ഭാരതിരാജ, 96ന്റെ കഥ മോഷണമാണെന്ന് ആരോപിച്ചിരുന്നു. ഭാരതിരാജയുടെ അസിസ്റ്റന്റ് സുരേഷും ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.  ഇപ്പോഴിതാ ഭാരതിരാജയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ പ്രേംകുമാർ. 

''പലരുടെയും സ്കൂൾ, കോളജ് ജീവിതവുമായി ചേർന്ന് നിൽക്കുന്ന കഥയാണ് 96ന്റേത്. അതുകൊണ്ടാകാം എല്ലാവർക്കും ആ ചിത്രത്തെ അവരവരുടെ ജീവിതവുമായി ബന്ധപ്പെടുത്താൻ സാധിക്കുന്നത്. വിവാദമുണ്ടായപ്പോൾ ആരോപണങ്ങൾ ചർച്ച ചെയ്യുന്നതിന് ഭാരതിരാജ സർ എന്നെ വീട്ടിലേക്ക് വിളിപ്പിച്ചു. എന്നാൽ സിനിമ വിജയകരമായി പ്രദർശനം തുടരുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയിൽ എനിക്ക് സംശയം തോന്നി. അതിനാൽ ഞാൻ പോയില്ല''.

സുരേഷ് തന്റെ കഥ സുഹൃത്തുക്കളുമായും പങ്കുവയ്ച്ചിരുന്നു. സംവിധായകന്‍ മരുതുപാണ്ട്യന്‍ അതിലൊരാളായിരുന്നു. 96 ന്റെ ടൈറ്റില്‍ കാര്‍ഡില്‍ മരുതുപാണ്ട്യന് നന്ദി രേഖപ്പെടുത്തിയത് തന്റെ സംശയം ബലപ്പെടുത്തിയെന്നും ഭാരതിരാജ പറഞ്ഞിരുന്നു.

‘പ്രേമം എന്ന ചിത്രമിറങ്ങിയപ്പോഴും ഇതേ വിവാദങ്ങളുണ്ടായി. അതുതന്നെയാണ് ഇപ്പോൾ എന്റെ ചിത്രത്തിനും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചേരന്റെ ഓട്ടോഗ്രാഫ് എന്ന സിനിമയുമായി പ്രേമത്തിന് സാമ്യം ഉണ്ടെന്നായിരുന്നു ആരോപണം. എന്നാല്‍ ഭാഗ്യവശാല്‍ ചേരന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തി. അതുപോലെ തന്നെയാണ് 96 ഉം. ഈ കഥയ്ക്ക് ചിലപ്പോള്‍ പ്രേക്ഷകരുടെ ജീവിതവുമായി അടുത്ത ബന്ധം ഉണ്ടായേക്കാം.’–പ്രേംകുമാർ പറയുന്നു

‘വിവാദങ്ങളെയും ആരോപണങ്ങളെയും നിയമപരമായി നേരിടാന്‍‍ ഞാൻ തയാറാണ്. ഒരു സിനിമ ഉണ്ടാകുന്നതിനെപ്പറ്റി വ്യക്തമായ ധാരണയുള്ളയാളാണ് ഭാരതിരാജ സർ. പ്രണയം എല്ലാവരുടെ ജീവിതത്തിലും സംഭവിക്കുന്ന ഒന്നാണെന്ന് അദ്ദേഹം മനസ്സിലാക്കണം. 

തന്റെ കഥയാണെന്ന് അവകാശപ്പെട്ട സുരേഷിനും പ്രേം കുമാർ മറുപടി നൽകി. ''എന്റെ അറിവിൽ കഥയെഴുതുമ്പോഴോ ചർച്ച ചെയ്യുമ്പോഴോ ചെറിയ കുറിപ്പുകൾ എല്ലാവരും തയ്യാറാക്കാറുണ്ട്. അത്തരത്തിലൊരു കുറിപ്പുകളും തെളിവായി കാണിക്കാൻ ഇവരുടെ കയ്യിലില്ല?''

എന്തുകൊണ്ടാണ് 96 എന്ന ചിത്രം പ്രഖ്യാപിച്ചപ്പോൾ ഇവരൊന്നും ആരോപണവുമായി വരാതിരുന്നത്. സുരേഷ് കണ്ടില്ല എന്നത് ശരി. മറ്റ് കഥാകൃത്തുക്കളായ കൊടിവീരനോ, റോസ്മിലോ, ശിവാജിയോ കാണാതിരിക്കുമോ? ചിത്രം റിലീസായി, ഹിറ്റായ ശേഷമാണോ ഇവര്‍ ഇതെല്ലാം അറിയുന്നത്?

ചിത്രത്തിന്റെ ആദ്യ സ്ക്രീനിങ് കണ്ട ഭാരതിരാജ പത്ത് മിനിട്ട് കഴിഞ്ഞപ്പോൾ ഇറങ്ങിപ്പോയെന്ന ആരോപണത്തെയും പ്രേം കുമാർ നിഷേധിച്ചു. സിനിമ മുഴുവൻ കണ്ട ശേഷമാണ് അദ്ദേഹം ഹാൾ വിട്ടത്. സ്ക്രീനിങ്ങിൽ പങ്കെടുത്ത ആരോടുവേണമെങ്കിലും ഇക്കാര്യം ചോദിക്കാമെന്നും പ്രേം കുമാർ പറഞ്ഞു.  പ്രേംകുമാര്‍ വിളിച്ച വാര്‍ത്തസമ്മേളനത്തില്‍ മരുതുപാണ്ട്യന്‍, സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജ എന്നിവരും പങ്കെടുത്തു.