Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടുപാടി ശ്രീനാഥ് സംഗീത സംവിധായകനായി

sreenathmammootty

സിരകളിൽ സംഗീതവുമായി നടന്ന പാലക്കാട്ടുകാരൻ പയ്യൻ. പ്രകൃതിയിലെ സർവ ചരാചരങ്ങളിലും സംഗീതം തിരയുന്ന വിദ്യാർഥി. ഒറ്റവാക്കിൽ ശ്രീനാഥ് എന്ന ചെറുപ്പക്കാരനെ ഇങ്ങനെ വിശേഷിപ്പിക്കാം. പാട്ടുകാരനാകാൻ കൊതിച്ച്  'ഒരു കുട്ടനാടൻ ബ്ലോഗ്' എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംഗീത സംവിധായകന്റെ കുപ്പായമിട്ടു ശ്രീനാഥ്. റിലീസായ ആദ്യഗാനം മണിക്കൂറുകൾക്കകം യുട്യൂബ് ട്രന്റിങിൽ ഒന്നാമതെത്തി. ഇത്തവണ ഓണത്തിനു ശ്രീനാഥിന്റെ പാട്ടുകളുണ്ടാകും ആസ്വാദകരുടെ ചുണ്ടില്‍ എന്നു തീർച്ച. ഒരു റിയാലിറ്റി ഷോ യിലൂടെ മികച്ച ഗായകനായെങ്കിലും എന്തുകൊണ്ട് സംഗീത സംവിധായകനായി എന്ന ചോദ്യത്തിനും ശ്രീനാഥിനു കൃത്യമായ ഉത്തരമുണ്ട്. ഇതാ ശ്രീനാഥിന്റെ പാട്ടു വിശേഷങ്ങൾ. 

വ്യത്യസ്തതയുള്ള പാട്ടുകൾ

ഒരു കുട്ടനാടൻ ബ്ലോഗിലെ അഞ്ച് പാട്ടുകളും വ്യത്യസ്തയുള്ളവയാണ്. ഇതിൽ മമ്മൂക്കയുടെ ഒരു പ്രണയഗാനം ഏറെ പ്രതീക്ഷയുള്ള പാട്ടാണ്. മനോഹരമായ ദൃശ്യങ്ങളും ഈ ഗാനത്തിന്റെ പ്രത്യേകതയാണ്. എനിക്കു തോന്നുന്നത് മമ്മൂക്കയുടെ ഇത്രയും മനോഹരമായ ഒരു പ്രണയഗാനം അടുത്ത കാലത്തൊന്നു വന്നിട്ടുണ്ടാകില്ല.അഞ്ചു പാട്ടുകളിൽ മമ്മൂക്കയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനവും ഇതാണ്. റഫീക്ക് അഹമ്മദിന്റതാണ് വരികൾ. 

അങ്ങനെ ഈ സിനിമയിൽ ഞാനും പാടി

ഈ സിനിമയിൽ രണ്ടു മൂന്നു പാട്ടുകളിൽ ഒരുപാടു കോറസ് വരുന്നുണ്ട്. അതിൽ ഞാനും പാടി. നമുക്ക് ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴിയും മറ്റും നമുക്ക് ചുറ്റിലും ഇപ്പോൾ നിരവധി ഗായകരുണ്ട്. അവരുടെ ശബ്ദങ്ങളെ മാക്സിമം ഉപയോഗപ്പെടുത്താനാണ് ഞാൻ ശ്രമിച്ചത്. അതുകൊണ്ടാണ് ഈ സിനിമയില്‍ ഞാൻ കൂടുതൽ പാടാതിരുന്നതും. എന്നെ സംബന്ധിച്ചിടത്തോള ഇപ്പോൾ സംതൃപ്തിയുണ്ട്. കാരണം ഈ സിനിമയിൽ ഞാൻ കോറസ് പാടി.  വരികളെഴുതി. സംഗീതവും നിർവഹിച്ചു. സിനിമയിൽ ഉണ്ണിമുകുന്ദന്‍ പാടിയ റോക്ക് സോങ് എഴുതിയത് ഞാനാണ്. 

സിനിമയുടെ ഭാഗമായിട്ടുള്ള ആളാണ് ഉണ്ണി, പിന്നെ അടുത്തറിയാവുന്ന ആളും കൂടിയാണ്. ഇപ്പോഴത്തെ പിള്ളേരുടെ ട്രെൻഡ് അനുസരിച്ചുള്ള വരികളും തമാശയും കലർന്ന   ഡപ്പാം കൂത്ത് സ്റ്റൈലിൽ ഉള്ള പാട്ടാണ്. അടുത്ത രണ്ടു പാട്ട് പാടിയിരിക്കുന്നത് ഹരിചരൺ, ദിയാ ഉൾഹക്ക്, റിമി ടോമി എന്നിവരാണ്. ഇത് അവസാനം ആയിരിക്കും റിലീസ് ചെയ്യുന്നത്. പിന്നെയുള്ളത് വിനീത് ശ്രീനിവാസൻ പാടിയ ടൈറ്റിൽ സോങ്.കുട്ടനാടിന്റെ ഭംഗി ഒപ്പിയെടുത്ത ഒരു പാട്ടാണ് അത്. 

പത്ത് പാട്ടുകാർ ഇതിൽ പാടിയിട്ടുണ്ട്.കുറേ കാലത്തിനു ശേഷമാണ് ഇത്രയും പാട്ടുകാർ പാടുന്ന ഒരു സിനിമ ഇറങ്ങുന്നത്. വിജയ് യേശുദാസ്, ഹരിചരൺ, വിനീത് ശ്രീനിവാസൻ, റിമി ടോമി, ഉണ്ണി മുകുന്ദൻ, അഭിജിത് കൊല്ലം, രഞ്ജിത് ഉണ്ണി, മൃദുലാ വാര്യർ പിന്നെ ഞാനും. 

'ഒരു കുട്ടനാടൻ ബ്ലോഗി'ന്റെ സംഗീത സംവിധായകൻ

അടിസ്ഥാന പരമായി എനിക്ക് സിനിമയോട് അഭിനിവേശമാണ്. അത് പാട്ടുപാടുകയാണെങ്കിലും സംഗീത സംവിധാനം നിർവഹിക്കുന്നതായാലും അഭിനയമായാലും ഒരു പോലെയാണ് ഇഷ്ടം. കംപോസിങ് കോളജ് കാലഘട്ടത്തിൽ തന്നെ ചെയ്യുമായിരുന്നു. അങ്ങനെ ചെയ്തുവച്ച ഏതാനും റിഥം എന്റെ കൈവശം ഉണ്ടായിരുന്നു. നടൻ ഉണ്ണി മുകുന്ദൻ എന്റെ സുഹൃത്താണ്. അദ്ദേഹം ഞാൻ കംപോസ് ചെയ്തു വച്ച റിഥം കുട്ടനാടൻ ബ്ലോഗിന്റെ സംവിധായകനായ സേതുവിലെത്തി. അതു കേട്ടപ്പോൾ അദ്ദേഹത്തിന് ഇഷ്ടമാവുകയും ചെയ്തു. എന്നാൽ പിന്നെ ഒന്നു ശ്രമിച്ചു നോക്കാൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.

ഗായകനാകാൻ കൊതിച്ച സംഗീത സംവിധായകന്‍

നല്ലപാട്ടുകളോടാണ് എന്നും പ്രിയം. വരികൾക്കൊപ്പം തന്നെ പ്രാധാന്യം ഈണത്തിനുമുണ്ട്. നല്ല ഈണങ്ങളുള്ള പാട്ടുകളാണ് നമ്മുടെ മനസ്സിൽ എന്നും നിലനിൽക്കുന്നത്. ബാക്കിയുള്ളവയെല്ലാം തീയറ്റർ വിടുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ നിന്ന് പോകും. പിന്നെ, സിനിമയിൽ പാട്ടുകൾ പാടാൻ വലിയ ആഗ്രഹമുണ്ടായിരുന്നു. നമ്മുടെ ശബ്ദം ഒന്ന് സിനിമയിൽ കേൾക്കുക എന്നതൊരു വലിയ സ്വപ്നമായിരുന്നു. 

പക്ഷെ, റിയാലിറ്റി ഷോ കഴിഞ്ഞതോടെ പാട്ടുകൾ പാടുക എന്ന സ്വപ്നവും അവിടെ അസ്തമിച്ചു എന്നു വേണം പറയാൻ. റിയാലിറ്റി ഷോയിൽ തിളങ്ങിയിട്ടും സിനിമയിലൊരു അവസരം ആരും അന്ന് നൽകിയില്ല. സത്യത്തിൽ അന്ന് കുറെ അവസരമൊക്കെ ചോദിച്ച് നടന്നിട്ടുണ്ട്. നടന്നതല്ലാതെ പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടായില്ല. പിന്നെ, സിനിമ മേഖലയിൽ എനിക്കങ്ങനെ പരിചയമൊന്നും ഇല്ലായിരുന്നു. എൻട്രി എങ്ങനെ വേണമെന്നും അറിയില്ലായിരുന്നു. അതുകൊണ്ട് ചാൻസ് ചോദിക്കുകയല്ലാതെ കിട്ടലുണ്ടായില്ല. അങ്ങനെ, പാട്ടുകൾ പാടാൻ കഴിയാതിരുന്നപ്പോൾ ഞാൻ ചെറുതായി കംപോസ് ചെയ്തു തുടങ്ങി. അതുകേട്ടവരൊക്കെ കൊള്ളാമെന്ന അഭിപ്രായം പറയാൻ തുടങ്ങിയപ്പോൾ ഒരു ആത്മവിശ്വാസം കൈവന്നു.

പിന്നെയാണ് യാദൃശ്ചികമായി ഉണ്ണി മുകുന്ദനെ പരിചയപ്പെടുകയും ഞാൻ ചെയ്ത ചില റിഥം അദ്ദേഹം കേൾക്കുകയും ചെയ്തത്. ഉണ്ണിയാണ് സേതുസാറിനെ അറിയിച്ചത്. തുടർന്ന് അദ്ദേഹം മമ്മൂക്കയെ അറിയിക്കുകയും, പുതിയ ആളല്ലേ.. അവൻ ശ്രമിക്കട്ടെ എന്ന് മമ്മുക്ക പറയുകയായിരുന്നു. അങ്ങനെ എന്തൊക്കെയോ ഭാഗ്യം കൊണ്ട് തികച്ചും യാദൃശ്ചികമായാണ് ഞാന്‍സിനിമയിലേക്ക് എത്തിയത്. ഏതായാലും അധികം വൈകാതെ പാട്ടുകൾ റിലീസ് ചെയ്യും. ഓണത്തിന് സിനിമ തീയറ്ററിലെത്തുന്നതും കാത്തിരിക്കുകയാണ്. നമ്മുടെ ശബ്ദം കേൾക്കാൻ കഴിഞ്ഞില്ലെങ്കിലും നമ്മുടെ ഈണങ്ങളെങ്കിലും ഇനി കേൾക്കാമല്ലോ.

പാട്ടുകൾ കേട്ടപ്പോൾ മമ്മുട്ടി പറഞ്ഞത്

മമ്മുട്ടിയുടെ സിനിമയാണ് ഇതെന്ന് ആദ്യം അറിഞ്ഞിരുന്നില്ല. മമ്മുക്കയെ കോളെജ് കാലം മുതൽ തന്നെ എനിക്ക് വളരെ ഇഷ്ടമാണ്. കൂട്ടുകാരോട് ഞാന്‍പറയുമായിരുന്നു മമ്മുട്ടിയുടെ ഒരു സിനിമയുടെ ഭാഗമാകാനാണ് മോഹം എന്നൊക്കെ.അതുകൊണ്ടുതന്നെ സത്യത്തിൽ ഈ ഒരു അവസരം ലഭിച്ചത് സ്വപ്ന സാക്ഷാത്കാരമാണെന്ന് തന്നെ പറയാം.

 പുതിയതായി സിനിമയിൽ വരുന്നവരെ പ്രോത്സാഹിപ്പിക്കുന്ന ഒരു താരമാണ് അദ്ദേഹം. പാട്ടുകള്‍കേട്ടപ്പോൾ അദ്ദേഹത്തിന് ഇഷ്ടമായി. കൊള്ളാമെന്ന് മമ്മുക്ക പറഞ്ഞത് ഒരു തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.