Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിറ്റ് പാട്ടുകളുടെ എഴുത്തുകാരൻ

BK Harinarayanan

കഴിഞ്ഞ കുറേ കാലമായി മലയാളത്തിൽ ഏറ്റവും ശ്രദ്ധ നേടുന്ന ഒട്ടേറെ ചലച്ചിത്ര ഗാനങ്ങൾക്കു പിന്നിൽ ഒരു പേരാണ്. ബി.കെ ഹരിനാരായണന്‍. പേരു പോലെ കവിത തുളുമ്പുന്നതാണ് ഹരിയുടെ ഓരോ പാട്ടും. മോഹൻലാൽ ചിത്രമായ പുലിമുരുകനിലെ,ഏറ്റവും ഹിറ്റ് ഗാനം, മുരുകാ മുരുകാ പുലിമുരുകാ എന്ന പാട്ട് എഴുതിയത് ഇദ്ദേഹമാണ്. ഗാനം ജനലക്ഷങ്ങൾ ഏറ്റെടുക്കുമ്പോൾ അടുത്ത കവിത കുറിച്ചു നൽകുവാനുള്ള മനസ്സുമായി തൃശൂരിലെ വീട്ടിലുണ്ട് ഹരിനാരായണന്‍. ഇവിടെ തീരുന്നില്ല വിശേഷം, മറ്റൊരു മോഹൻലാൽ സിനിമയായ ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്ന പാട്ടും ഇദ്ദേഹത്തിന്റെ തൂലികയിൽ നിന്നാണു പിറവിയെടുത്തത്. മലയാളത്തിന്റെ സംഗീത സംവിധാന നിരയിലെ പുതുനിരയ്ക്കൊപ്പം മാത്രമല്ല, ജെറി അമൽദേവ് എന്ന പ്രതിഭാധനന്റെ മടങ്ങിവരവിലും വരികളെഴുതിയത് ബി.കെ ഹരിനാരായണനാണ്. വാക്കുകൾക്കൊപ്പമുള്ള പ്രയാണത്തിൽ വേഗം കുറയാതെ എങ്ങനെയാണു ഹരിക്കു നിലനില്‍ക്കുവാനാകുന്നത്...

സിനിമയോ....സ്വപ്നത്തിൽ പോലുമുണ്ടായിരുന്നില്ല

കോളജ് പഠനകാലത്തെ കവിത കുത്തിക്കുറിക്കുന്ന ശീലം മലയാള സിനിമയുടെ ഭാഗമാക്കി തീർക്കുമെന്ന് ഹരിനാരായണൻ ഒരിക്കലും കരുതിയിരുന്നില്ല. അതുകൊണ്ടു തന്നെ പ്രതീക്ഷകളോ സ്വപ്നങ്ങളോ ഏറെയില്ലായിരുന്നുവെന്ന് ഹരിനാരായണന്‍ പറയുന്നു. ഇതുപോലും പ്രതീക്ഷിച്ചതല്ല, ഇനിയും നല്ല പാട്ടുകൾ എഴുതാൻ കഴിയണം എന്നാണ് ഹരിയുടെ പക്ഷം.

ഈണത്തിനനുസരിച്ചു പാട്ടെഴുതുമ്പോൾ

ഈണത്തിനനുസരിച്ച് പാട്ടെഴുതുന്ന ശൈലിയെ പിന്തുണയ്ക്കുന്നയാളാണ് ഹരിനാരായണൻ. ഇതുവരെ എഴുതിയ തൊണ്ണൂറു ശതമാനം പാട്ടുകളും അങ്ങനെയുള്ളവയാണ്. അതൊരിക്കലും തന്റെ എഴുത്തിന്റെ സ്വാതന്ത്ര്യത്തെ നഷ്ടപ്പെടുത്തുന്നുവെന്ന് തോന്നിയിട്ടില്ലെന്ന് ഹരി ഉറപ്പു പറയുന്നു. കാരണം, സിനിമയുടെ സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് സിനിമാ പാട്ട് എഴുതേണ്ടത്. അപ്പോൾ ഒരാൾക്ക് മാത്രമായി എന്തു സ്വാതന്ത്ര്യം കിട്ടുവാനാണ്. നമ്മൾ സിനിമയുടെ ഭാഗമാണ്. ഒരു വലിയ കൂട്ടായ്മയുടെ ഭാഗം. അതിനൊപ്പം നിൽക്കുവാൻ സാധിക്കുന്നതു വലിയ കാര്യമല്ലേ. പാട്ടു ഹിറ്റ് ആകുന്നുവെങ്കിൽ അതു പല കാരണങ്ങളേയും കൂടി ആശ്രയിച്ചിരിക്കും. ഒന്ന് സിനിമ മികച്ചതാകണം, അതുപോലെ പാട്ടിന്റെ ദൃശ്യങ്ങളും മനസുതൊടുന്നതാകണം. എന്റെ ശ്രദ്ധേയമായ ഗാനങ്ങൾ മിക്കതും അങ്ങനെയായതിൽ ഈ പറഞ്ഞവയെല്ലാം നിർണായകമാണ്. 

ഒരു സിനിമയുടെ ഭാഗമാണ് സംഗീത സംവിധായകൻ. അതിന്റെ തലവൻ എപ്പോഴും സംവിധായകനാണ്. ചിലപ്പോൾ ഗാനത്തിന്റെ ദൃശ്യങ്ങൾക്കനുസരിച്ചു പാട്ടു മാറ്റി എഴുതേണ്ടതായി വരും. അതു നല്ല പാട്ടുകള്‍ക്കു വേണ്ടിയാണ്. ആളുകളിലേക്കു കൂടുതൽ എത്തുന്നതിനും വേണ്ടിയാണ്. ട്യൂണിനനുസരിച്ചു പാട്ടെഴുതുന്ന ശൈലിയെ പരമാവധി ഉൾക്കൊള്ളുവാനാണ് എന്റെ ശ്രമം.

ഈണത്തിനനുസരിച്ചു പാട്ടെഴുതുന്ന ശൈലിയിൽ എന്റെ ഗുരു ഗോപീ സുന്ദറാണ്. അദ്ദേഹത്തിനൊപ്പമുള്ള ഓലഞ്ഞാലി കുരുവി എന്ന ഗാനമൊക്കെ അങ്ങനെ പിറന്നതാണ്. ഇവൻ മര്യാദരാമൻ എന്ന സിനിമയിലെ ഉമ്മറത്തെ ചെമ്പകത്തെ ചുറ്റി വന്ന തത്തേ...എന്ന പാട്ട് അദ്ദേഹത്തിന്റെ നിർദ്ദേശത്തിനനുസരിച്ചാണ് എഴുതിയത്. 'ത്ത' എന്ന വാക്കിൽ അവസാനിച്ചാൽ നന്നായിരിക്കും എന്നു പറഞ്ഞു. അങ്ങനെയാണത് എഴുതുന്നത്.

സിനിമയുടെ ഭാഗമായവരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് പാട്ടെഴുതുന്നത് നല്ല വരികൾ സമ്മാനിക്കുകയേ ചെയ്യുള്ളുവെന്നാണ് എന്റെ അനുഭവം. 

മിനുങ്ങും മിന്നാമിനുങ്ങേ...

എന്റെ അമ്മ ആശുപത്രിയിൽ കിടക്കുന്ന സമയത്തായിരുന്നു ഈ പാട്ടിന്റെ സിറ്റ്വേഷൻ കേൾക്കുവാനായി പോയത്. ആ തിരക്കുകൾക്കിടയിൽ നിന്നാണു പാട്ടെഴുതിയത്. പ്രിയദർശൻ സാറിനൊപ്പം ആദ്യമായിട്ടായിരുന്നു ജോലി ചെയ്തത്. അദ്ദേഹം വ്യക്തമായി പറഞ്ഞിരുന്നു എന്താണു പാട്ടു വരുന്ന സന്ദർഭം എന്നും മറ്റും. ഈ പാട്ടും ട്യൂണിനനുസരിച്ചാണ് എഴുതിയത്. ഒത്തിരി അഭിനന്ദനം നേടിത്തന്ന ഗാനമാണിത്. 

അതുപോലെ ജെറി അമൽദേവിനൊപ്പം പ്രവൃത്തിക്കാനായാതും ഒരു ഭാഗ്യമായി കരുതുന്നു. അദ്ദേഹം ചെയ്തു വച്ച സംഗീതത്തിലാണു പാട്ടെഴുതിയത്. നമുക്ക് എഴുതാനുളള സ്വാതന്ത്ര്യം ഒരിടത്തും നഷ്ടപ്പെടുന്നില്ല. ഒരു സിനിമയുടെ ഭാഗമായി നിൽക്കുമ്പോൾ അങ്ങനെ തോന്നേണ്ടതില്ലല്ലോ. 

മുരുകാ മുരുകാ പുലിമുരുകാ എന്ന പാട്ടും അങ്ങനെ എഴുതിയതാണ്. അതെഴുതുമ്പോൾ ഒരിക്കലും ചിന്തിച്ചിരുന്നേയില്ല ഇത്രയേറെ പ്രശസ്തി നേടുമെന്ന്.

ഗോപീ സുന്ദറെന്ന വഴിത്തിരിവ്, സുഹൃത്തുക്കളുടെ സഹായം

ഞാൻ പറഞ്ഞല്ലോ, ഒരിക്കലും സിനിമയുടെ ഭാഗമാകുമെന്നു കരുതിയ ആളേയല്ല. കോളെജ് കാലത്ത് കവിത എഴുതുന്ന ശീലമുണ്ടായിരുന്നു. ഈസ്റ്റ് കോസ്റ്റ് ഒരുക്കിയ പട്ടുറുമാലിൽ ആണു എന്റെ തുടക്കം എന്നു പറയാം. എന്റെ സുഹൃത്ത് ഉണ്ണി നമ്പ്യാർ ആണ് ഈ വിഡിയോ നിർ‌മ്മിച്ചത്. അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയ ജയകുമാറാണ് എന്നെ സംവിധായകൻ ബി. ഉണ്ണികൃഷ്ണനു പരിചയപ്പെടുത്തുന്നത്. ജയകുമാറും എന്റെ സുഹൃത്താണ്. ബി. ഉണ്ണികൃഷ്ണൻ സാറിന്റെ ത്രില്ലറിൽ എനിക്കു പാട്ടെഴുതുവാനുള്ള അവസരം കിട്ടി. അദ്ദേഹത്തിന്റെ തുടർന്നുള്ള  സിനിമകളിലും എനിക്കൊരു പാട്ടെഴുതുവാനുള്ള അവസരം തന്നു. സിനിമയിൽ എന്റെ ഗുരു അദ്ദേഹമാണ്. സിനിമയുടെ മാറ്റങ്ങൾക്കനുസരിച്ച് പാട്ടെഴുതി ശീലിക്കാൻ എന്നെ പഠിപ്പിച്ച ഗോപീ സുന്ദറിന് അരികിലേക്ക് എത്തിക്കുന്നതും ബി. ഉണ്ണികൃഷ്ണന്‍ സാർ ആണ്.

1983 എന്ന സിനിമയിലെ ഓലഞ്ഞാലി കുരുവി എന്ന പാട്ടാണ് എന്റെ സംഗീത ജീവിതത്തിലെ വഴിത്തിരിവ്. ഗോപീ സുന്ദർ ഈണമിട്ട ഗാനമാണത്. 

വെല്ലുവിളികള്‍

ഞാനെഴുതിയതും വായിച്ചതും അറിഞ്ഞതും അനുഭവിച്ചതുമെല്ലാം പാട്ടെഴുത്തിൽ സ്വാധീനിക്കും. വായന ഇപ്പോഴും ഒപ്പമുണ്ട്. സിനിമയിൽ പാട്ടെഴുത്തുകാർ ഒട്ടേറെ വന്നു. ഒന്നും വെല്ലുവിളിയല്ല. സാഹചര്യങ്ങളാണ്. അതിനനുസരിച്ചാണ് നമ്മൾ സ‍ഞ്ചരിക്കേണ്ടത്. അതിനെ ഉൾ‌ക്കൊണ്ടു കൊണ്ടു മുൻപോട്ടു പോകണം. ഒരു സിനിമയിൽ പല തരത്തിലുള്ള പാട്ടുകളുണ്ടാകും. ആരെ വച്ചു പാട്ടെഴുതിക്കണമെന്നതു സംവിധായകന്റെ തീരുമാനമാണ്. നമുക്കു ചേരുന്ന ഗാനങ്ങൾ വരുമ്പോൾ നമുക്കു കിട്ടും അവസരം. അത്രമാത്രമേയുള്ളൂ.

ഓരോ പാട്ടും ഓരോ അനുഭവങ്ങളാണ് എനിക്ക്. ശ്രോതാക്കൾക്കും അങ്ങനെ തന്നെയാകുമല്ലോ. 

അന്നും ഇന്നും മെലഡി

അന്നു തൊട്ട് ഇന്നോളമുള്ള എല്ലാ പാട്ടെഴുത്തുകാരും സംഗീതജ്ഞരും എന്നെ സ്വാധീനിച്ചിട്ടുണ്ടെന്നു തന്നെ പറയാം. പക്ഷേ ഭാസ്കരൻ മാഷിന്റെ പാട്ടുകളിലെ ലാളിത്യത്തോട് ഒരൽപം ഇഷ്ടക്കൂടുതലുണ്ട്. പാട്ടുകളിൽ അന്നും ഇന്നും കാലാതീതമായി നിൽക്കുന്നത് മെലഡികളാണ്. അതു ശ്രദ്ധിച്ചാൽ മനസിലാകും. പണ്ട് കൂടുതൽ കാലം നിലനിൽക്കുന്ന പാട്ടുകളാണ് വേണ്ടിയിരുന്നത്. ഇന്ന് സംഗീത മേഖലയേ മാറി. കൂടുതൽ ആൾക്കാരിലേക്കു കുറഞ്ഞ കാലം കൊണ്ടു ചെന്നെത്തുന്ന പാട്ടുകളാണു വേണ്ടത്. ഇന്ന് ആദ്യത്തെ രണ്ടു വരി കൊണ്ടു പ്രേക്ഷകരുടെ ശ്രദ്ധ നേടണം എന്ന സാഹചര്യമുണ്ട്. അത് പുതിയ കാലത്തിന്റെ മാറ്റമാണ്. അതെല്ലാം ഉൾക്കൊണ്ടു കൊണ്ടു മുൻപോട്ടു പോകാനാണ് ശ്രമിക്കുന്നത്.

പുതിയ എഴുത്തുശൈലികൾ പരീക്ഷിക്കുവാൻ കൗതുകമുള്ള ആളാണു ഞാൻ. വേഗത്തിൽ ഓടുന്ന കാലത്ത് അങ്ങനെ തന്നെ ശീലിക്കണം എന്നാണെനിക്കു തോന്നുന്നത്. 

പുതിയ ചിത്രങ്ങള്‍

ബിജിബാലിനൊപ്പം ആദ്യമായി വര്‍ക്ക് ചെയ്യാൻ പോകുകയാണ്. പിന്നെ, ടിയാൻ’, ‘എസ്ര’ ‘കട്ടപ്പനയിലെ ഹൃതിക് റോഷൻ’‘ദി ഗ്രേറ്റ് ഫാദർ‍’‘മൈ സ്റ്റോറി’ അതുപോലെ കുറച്ചു ചിത്രങ്ങൾ. 

'