പാട്ടുപാടി രൺബീർ; ചുവടുവച്ച് സഞ്ജയ് ദത്ത്; തരംഗമായി ആ ഗാനം

തീയറ്ററുകളിൽ വിജയഗാഥ തീർത്ത് മുന്നേറുകയാണ് രാജ് കുമാർ ഹിരാനി ചിത്രം സഞ്ജു. കഴിഞ്ഞ ദിവസം ചിത്രം നൂറുകോടി ക്ലബിൽ ഇടംപിടിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സഞ്ജയ് ദത്തും രൺബിർ കപൂറും ഒരുമിച്ചെത്തുന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ബാബാ ബോൽത്താ ഹേ ബസ് ഹോ എന്ന് തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. ഗാനരംഗങ്ങളിൽ സഞ്ജയ് ദത്തിനൊപ്പം ചുവടുവയ്ക്കുക മാത്രമല്ല, ആലാപനവും നടത്തിയിട്ടുണ്ട് രൺബീർ. 

നൂറുകോടി ക്ലബിൽ ഇടംപിടിച്ചതിന്റെ സന്തോഷം പങ്കുവച്ചാണ് ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. സിനിമയുടെ അവസാനത്തിൽ ക്രഡിറ്റ് സോങായി ഉപയോഗിച്ച ഗാനത്തിനാണ് സഞ്ജയ്ദത്തും രൺബീറും ഒരുമിച്ച് ചുവടുവെക്കുന്നത്. തനിക്കെതിരെ ഉണ്ടായ കേസും അനുബന്ധ വിഷയങ്ങളും രാവിലെ എത്തിയ പത്രത്തിലൂടെ മാത്രം അറിയുന്ന സഞ്ജയ്ദത്തിനെ തമാശ രൂപേണ അവതരിപ്പിക്കുകയാണ് ഗാനത്തിലൂടെ. അന്നത്തെ പത്ര വാർത്തകളുടെ ക്ലിപ്പിംഗ്സ് ആണ് ഗാനത്തില്‍ മുഴുവനായും ഉപയോഗിച്ചിരിക്കുന്നത്. സഞ്ജയ് ദത്തിനെതിരെ വന്ന വാർത്തകളെല്ലാം അസത്യമാണെന്ന് വരുത്തി തീർക്കുന്നതിന്റെ ഭാഗമായി പത്രം കീറികളയുന്നതും കാണാം. 

കുറച്ച് ദിവസങ്ങൾക്ക് മുൻപ് തന്നെ ഈ രണ്‍ബീറും സഞ്ജയ് ദത്തും ഒരുമിച്ചെത്തുന്ന ഈ ഗാനത്തിലെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു. സഞ്ജയ് ദത്തിന്റെ ജീവിതത്തിൽ മാധ്യമങ്ങളുടെ പങ്ക് ചെറുതല്ല. ഇതുമായി ബന്ധപ്പെട്ട് ഹാസ്യരൂപേണ ഒരു ഗാനംതയ്യാറാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ എന്റ് ക്രഡിറ്റ്സ് ആയാണ് ഗാനം എത്തുന്നത്. പ്രേക്ഷകർക്ക് സഞ്ജയ് ദത്തിന്റെ യഥാർഥ ജീവിത കഥ മനസ്സിലാക്കാനുള്ള അവസരം കൂടിയാണ് ഈ ഗാനമെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു. ഏതായാലും ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.