കത്രീന കെയ്ഫിന്റെ അപ്രതീക്ഷിത ചുംബനം; അമ്പരന്ന് ഷാരൂഖ് ഖാൻ

ഷാരൂഖ് ഖാൻ ചിത്രം സീറോയിലെ പുതിയ ഗാനം എത്തി. തകർപ്പൻ ഡാൻസ് നമ്പറായാണു ഇസാഖ് ബാസി എന്ന ഗാനം എത്തുന്നത്. ഷാരൂഖ് ഖാൻ, സല്‍മാൻ ഖാൻ, അനുഷ്ക ശർമ, കത്രീന കെയ്ഫ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് സീറോ. 

ഷാരുഖ് ഖാൻ കുള്ളനായി എത്തുന്നു എന്നതാണു ചിത്രത്തിന്റെ പ്രത്യേകത. ഇർഷാദ് കാമിലിന്റെ വരികൾക്ക് അജയ് അതുലാണു സംഗീതം നൽകിയത്. ആനന്ദ് എൽ. റായ് ആണ് സംവിധാനം. സുഖ്‌വിന്ദർ സിങ്ങും ദിവ്യ കുമാറും ചേർന്നാണു ഗാനം ആലപിക്കുന്നത്. ബബിത കുമാരി എന്റെ ചുണ്ടുകളിൽ ചുംബിച്ചു എന്ന് ഉറക്കെ വിളിച്ചു പറയുകയാണ് ഷാരുഖിന്റെ കഥാപാത്രം. ഈ ചുംബനത്തിന്റെ ലഹരിയിൽ എനിക്കിപ്പോൾ പാടണമെന്നു പറയുകയാണു ഗാനത്തിന്റെ തുടക്കത്തിൽ ഷാരൂഖിന്റെ കഥാപാത്രം.  അയാളുടെ സന്തോഷവും ആനന്ദവുമാണ് ഗാനത്തിന്റെ പ്രമേയം. 

മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ നാലരലക്ഷം പേരാണു ഗാനം യൂട്യൂബിൽ കണ്ടത്. അജയ് അതുലിന്റെ മാന്ത്രിക സ്പർശം എന്നാണു ഈ ഗാനത്തിന്റെ സംഗീതത്തെ പലരും വിശേഷിപ്പിച്ചത്. ഷാരൂഖിനെയും സല്‍മാനെയും ഒരേ ഫ്രെയിമിൽ കണ്ടതിന്റെ ആവേശത്തിലാണ് ഇരുവരുടെയും ആരാധകർ. 

ഷാരൂഖ് ഖാന്റെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമാണ് സീറോ. ഡിസംബർ 21 ന് ചിത്രം തീയറ്ററുകളിലെത്തും.