അശ്ലീലമല്ലാതെ മറ്റൊന്നും ഈ ഗാനം പ്രചരിപ്പിക്കുന്നില്ല; രൂക്ഷ വിമർശനം

'ചമ്മ ചമ്മ' എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ റിമിക്സിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. അശ്ലീലം മാത്രമാണു റിമെയ്ക്ക് പ്രചരിപ്പിക്കുന്നതെന്നും,  മുൻപ് ചെയ്തുവച്ച ഗാനം ഇത്തരത്തില്‍ നശിപ്പിക്കുന്നതിനെതിരെ നടപടി വേണമെന്നും ആവശ്യം ഉയരുന്നുണ്ട്. അർഷാദ് വാർസിയുടെ പുതിയ ചിത്രം ഫ്രോഡ് സയ്യാനിലേതാണു ഗാനം. 

ചിത്രത്തിലെ ആദ്യഗാനം കഴിഞ്ഞ ദിവസമാണു യുട്യൂബിൽ എത്തിയത്. ഗ്ലാമർ താരം എലൈ ഓറത്തിന്റെ ചൂടൻരംഗങ്ങളോടെയാണു ഗാനം എത്തുന്നത്. എന്നാൽ ഗാനം യൂട്യൂബിൽ എത്തിയതിനു പിന്നാലെ തന്നെ ശക്തമായ വിമർശനങ്ങളും ഉയർന്നു കഴിഞ്ഞു. കേവലം അശ്ലീലം പ്രദർശിപ്പിക്കാൻ വേണ്ടി മാത്രമാണ് ഈ ഗാനം റീമെയ്ക്ക് ചെയ്തതെന്നാണു പ്രധാന വിമർശനം. നേഹ കക്കാർ ആണ് ഗാനത്തിന്റെ പുതിയ പതിപ്പ് ആലപിക്കുന്നത്.തനിഷ്ക് ഭാഗ്ജിയുടെതാണു സംഗീതം. സൗരവ് ശ്രീ വാസ്തവയാണു ചിത്രത്തിന്റെ സംവിധാനം. ജനുവരി 18ന് ചിത്രം തീയറ്ററുകളിലെത്തും. 

പ്രശസ്ത ബോളിവുഡ് താരം ഊർമിള അതിമനോഹരമായി അവതരിപ്പിച്ച ഗാന രംഗം ഇത്രയും മോശം രീതിയിലേക്കു തരംതാഴ്ത്തുന്നതു ശരിയല്ലെന്നും അഭിപ്രായം ഉണ്ട്. ബാജ്‌രെ എന്ന ചിത്രത്തിലേതാണു ഗാനം. അൽക യജ്ഞിക്, ശങ്കർ മഹാദേവൻ, വിനോദ് റാത്തോഡ് എന്നിവർ ചേർന്ന് ആലപിച്ച ഗാനമാണു ചമ്മാ ചമ്മാ.