തൂത്തുക്കുടി സമരം മറക്കരുത്; ചങ്കുറ്റത്തോടെ ചിമ്പുവിന്റെ 'പെരിയാർ കുത്ത്'

തമിഴ് സാമൂഹ്യ പരിഷ്കർത്താവ് പെരിയാറിന് ആദരസൂചകമായി ചിമ്പു അവതരിപ്പിച്ച ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. മദൻ കർക്കിയുടെതാണു വരികൾ. രമേഷ് തമിഴ്മണി സംഗീതം നൽകിയിരിക്കന്ന ഗാനം ആലപിച്ചിരിക്കുന്നതും ചിമ്പു തന്നെയാണ്.

പെരിയാറെ പ്രകീർത്തിച്ച് എത്തുന്ന ഗാനം ഡപ്പാംകൂത്ത് പാട്ടാണ്. പെരിയാറിന്റെ പ്രതിമയ്ക്കു മുന്നിൽ നിന്നാണു ചിമ്പുവിന്റെ ഡാൻസ്. 'പെരിയാർ കുത്ത്' എന്ന പേരിൽ എത്തിയ ഗാനം മണിക്കൂറുകൾക്കകം കണ്ടത് ഏഴരലക്ഷത്തോളം പേര്‍. ദീപൻ ഭൂപതിയും രതീഷ് വേലുവും ചേർന്നാണ് ആൽബത്തിന്റെ നിർമാണം. നാലു മിനുട്ടോളം ദൈർഘ്യമുള്ളതാണു ഗാനം.  

മുൻപും നിരവധി സംഗീത സംരംഭങ്ങളിൽ ചിമ്പു പങ്കാളിയായിട്ടുണ്ട്. തൂത്തുക്കുടിയിൽ സമരക്കാർക്കു നേരെയുണ്ടായ വെടിവെപ്പും, പെരിയാറിന്റെ പ്രതിമകൾ നിക്കണമെന്ന ബിജെപി ആഹ്വാനവും കത്തിനിൽക്കുന്നതിനിടെയായിരുന്നു ഗാനത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ചുവപ്പുനിറത്തിൽ വെടിയുണ്ടകളേറ്റ പാടുകളും ബുള്ളറ്റുകളുകളുമായിരുന്നു പെരിയാറിന്റെ ചിത്രത്തിനു പിന്നിൽ. ഈ ചിത്രം അന്ന് ഏറെ ചർച്ചയായിരുന്നു.  അൽപം ചങ്കുറ്റമുണ്ടെങ്കിൽ മാത്രമേ ഇത്തരം സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളിൽ ഇടപെടാൻ കഴിയൂ എന്നാണു പലരുടെയും കമന്റുകൾ.