ദുൽക്കർ പാട്ടിലെ ആ രഹസ്യം തുറന്നു പറഞ്ഞ് ഗോപി സുന്ദര്‍

ഗോപി സുന്ദർ ഈണമിട്ട ദുൽക്കർ സൽമാൻ ചിത്രം കോമ്രേഡ് ഇന്‍ അമേരിക്ക(സിഐഎ)യിലെ ആദ്യ ഗാനം ഏറെ മനോഹരമാണ്. കണ്ണിൽ കണ്ണിൽ...എന്ന പാട്ട് മികച്ച പ്രേക്ഷക പ്രതികരണം നേടുകയാണ്. വേറിട്ട സംഗീതോപകരണങ്ങൾ വച്ച് ഈണക്കൂട്ടുകളിൽ കൗതുകം തീർക്കുന്ന ഗോപി സുന്ദർ ശൈലി തന്നെയാണീ പാട്ടിനേയും വേറിട്ടതാക്കിയത്. പാട്ടു കേട്ടു കഴിയുമ്പോൾ അത് അനുഭവിക്കാനുമാകും. കണ്ണിൽ കണ്ണിൽ...എന്ന പാട്ടിൽ ഉപയോഗിച്ച ഒരു ഉപകരണത്തെ കുറിച്ച് സംഗീത സംവിധായകൻ ഗോപി സുന്ദറിനോട് നിരവധി പേർ അന്വേഷിരുന്നു. കീ ബോര്‍ഡ് ആണോ ഫ്‌ളൂട്ട് ആണോ എന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരിക്കുന്നത്. ഈ പാട്ടിന്റെ ആ രഹസ്യം ഗോപി സുന്ദര്‍ തന്നെ പുറത്തുവിട്ടു.

മിമിക്രിയിലൂടെ സംഗീത സംവിധായന്‍ തന്നെ സൃഷ്ടിച്ചതാണ് കണ്ണില്‍ കണ്ണിലെ പാട്ടിലെ ആ പ്രത്യേക സംഗീതം. ഈ സംഗീതം പുനരവതരിപ്പിച്ച് കൊണ്ടുള്ള വിഡിയോ ഗോപി സുന്ദർ തന്റെ മ്യൂസിക് കമ്പനിയുടെ യൂട്യൂബ് ചാനൽ വഴി പുറത്തുവിട്ടു. മിമിക്രി കലാകാരൻമാർ‌ പൂരം അവതരിപ്പിക്കുന്നത് കണ്ടതിൽ നിന്നാണ് ഇങ്ങനെയൊരു ഈണത്തിന്റെ ആശയം കിട്ടിയത്. പാട്ട് ചെയ്യുന്ന സമയത്ത് ഒരുപാട് നല്ല മുഹൂർത്തങ്ങളുണ്ടായെന്നും അദ്ദേഹം പറഞ്ഞു. സിഐഎയിലെ പാട്ടുകൾക്ക് ഗിത്താർ വായിച്ച സുമേഷ് പരമേശ്വറും ഗോപി സുന്ദറിനൊപ്പം ചേര്‍ന്നു. 

സവിശേഷമായൊരു പശ്ചാത്തല സംഗീതം വേണമെന്നു ചിന്തിച്ചപ്പോൾ ഈ ഈണം ഉപയോഗിക്കാൻ തീരുമാനിച്ചു. നാദസ്വരത്തിലോ ആഫ്രിക്കൻ സംഗീതോപകരണങ്ങളോ ഉപയോഗിക്കാമെന്നു ചിന്തിച്ചു ആദ്യം. പക്ഷേ അതൊന്നും വായിക്കാൻ അന്നേരം വേറെ സംഗീതജ്ഞരെ കിട്ടാതെ വന്നപ്പോഴാണ് ഈ വഴി പരീക്ഷിച്ചത് - ഗോപി സുന്ദർ പറഞ്ഞു.

റഫീഖ് അഹമ്മദ് എഴുതിയ വരികൾക്കാണ് ഗോപി സുന്ദർ ഈണമിട്ടത്. ഹരിചരണും സയനോരയും ചേർന്നാണീ ഗാനം പാടിയത്. അമൽ നീരദ് സംവിധാനം ചെയ്യുന്ന കോമ്രേഡ് ഇൻ അമേരിക്ക. ഗാനം എട്ടു ലക്ഷത്തോളം പ്രാവശ്യമാണു കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആളുകൾ കണ്ട്.