മാരിറ്റൽ റേപിനെ കുറിച്ചു പാടി പതിനാറുകാരൻ; വിഡിയോ വൈറൽ

വിവാഹം എന്നത് പെണ്‍കുട്ടികളെ സംബന്ധിച്ച് കിട്ടാവുന്ന ഏറ്റവും വലിയൊരു സുരക്ഷിത ഇടമാണെന്നാണല്ലോ സമൂഹത്തിന്റെ വയ്പ്. വിവാഹ ശേഷം സ്ത്രീയുടെ ശരീരത്തിനും മനസിനുമുള്ള പൂർണമായ അവകാശം പുരുഷനാണെന്നൊരു ധാരണകൂടിയാണ് വിവാഹത്തോടെ സൃഷ്ടിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ തന്റെ സുഖത്തിനു വേണ്ടി, സ്ത്രീയുടെ ശാരീരിക മാനസിക അവസ്ഥകളെ മാനിക്കാതെ, അവളുടെ സമ്മതമില്ലാതെ ആ അവകാശം പുരുഷൻ വിനിയോഗിക്കുമ്പോൾ അവളുടെ മനസിനും ശരീരത്തിനുമേൽപ്പിക്കുന്ന മുറിപ്പെടുത്തലുകൾക്ക്, മാരിറ്റൽ റേപിന് ലോകത്തൊരു നിയമത്തിലും ശിക്ഷയുമില്ല. മാരിറ്റൽ റേപ് അഥവാ കിടപ്പറയിലെ പീഡനത്തിന് കാലമെത്ര പുരോഗമിച്ചിട്ടും വലിയ മാറ്റമൊന്നുമില്ല. വ്യവസ്ഥാപിതമായ കുറേ ചിന്താഗതികള്‍ അടിച്ചേൽപ്പിക്കപ്പെട്ടു പോയതിനാൽ ഇക്കാര്യമൊന്നും സ്ത്രീകൾ പുറത്തുപറയാറില്ല, പറഞ്ഞാൽ തന്നെ വലിയ മാറ്റമൊന്നും സംഭവിക്കാനും പോകുന്നില്ല. ഈ പതിനാറുകാരന്റെ മ്യൂസിക് വിഡിയോയിലുള്ളതും ഇക്കാര്യമാണ്. മാരിറ്റൽ റേപിനെ കുറിച്ച് സിമർ സിങ് തയ്യാറാക്കിയ ദി ലീഗൽ റേപിസ്റ്റ് എന്ന സംഗീത വിഡിയോ കഴിഞ്ഞ കുറേ ദിവസമായി സമൂഹമാധ്യമത്തിന് അകത്തും പുറത്തും നല്ല ചർച്ചയ്ക്കു വഴിവച്ചു.

നിയമത്തിന്റെ അംഗീകാരമുള്ള പീഡനവീരൻമാരായ ഭർത്താക്കൻമാരെ കുറിച്ച് പെണ്ണിനെ സംബന്ധിക്കുന്ന എഴുത്തുകളിൽ കാലങ്ങളായി നല്ല സൃഷ്ടികൾ വരാറുണ്ട്. ധാരാളം ഷോർട് ഫിലിമുകളിലും സിനിമകളിലും ചെറുതല്ലാത്ത വ‌ിധം പ്രതിപാദിക്കപ്പെട്ടിട്ടുമുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തവും ശക്തവുമാണ് സിമർ സിങിന്റെ ദി ലീഗൽ റേപിസ്റ്റ്. ഭർത്താവാണു ലോകവും ദൈവവുമെന്ന് പറഞ്ഞു പഠിപ്പിച്ച് സർവ്വംസഹകളായി പെണ്ണിനെ അവൾ ആഗ്രഹിച്ചിട്ടോ അല്ലാതെയോ വിവാഹത്തിലേക്കു പറഞ്ഞുവിടുന്ന സമൂഹത്തോട് എത്രമാത്രം വലിയ ക്രൂരതയാണ് അവർ ചെയ്യുന്നതെന്ന് സംഗീതത്തിന്റെ ഭാഷയിൽ ഓർമിപ്പിക്കുകയാണ് ഈ മിടുക്കന്‍. ഒരു മൈക്കിനു മുൻപിൽ പ്രസംഗിക്കുന്ന രൂപേണ പാടുന്ന സിമർ സിങ് നോ എന്നു പറയേണ്ടിടത്ത് നോ എന്നു തന്നെ പറയണമെന്ന് പെൺ സമൂഹത്തോട് പറയാൻ ആഹ്വാനം ചെയ്യുന്നു.

പ്രണവ് കക്കാറിന്റേതാണു സംഗീതം. എഴുതിയതും പാടിയതും അഭിനയിച്ചതും സിമർ സിങ് ആണ്. നിഷാന്ത് തവ്റാണി, നവൽദീപ് സിങ്, ജീത് കരാനി, സിദ്ധാർഥ് ഭാനുഷലി എന്നിവർ ചേർന്നാണു ഛായാഗ്രഹണം.