നിലാവിന്റെ മാത്രം വെളിച്ചത്തിൽ ചിത്രീകരിച്ച സംഗീത ആൽബം

നിലാവിന്റെ ഭാവഭേദങ്ങൾ സിനിമകളിലും സംഗീത ആൽബങ്ങളിലും എപ്പോഴും കടന്നുവരാറുണ്ട്. ആ ഭംഗിയ്ക്ക് ഓരോ കാഴ്ചയിലും ഓരോ അനുഭൂതിയാണ്. ശബരീഷ് പ്രഭാകറെന്ന വയലിനിസ്റ്റ് തയ്യാറാക്കിയ സംഗീത ആൽബത്തിന്റെ പ്രത്യേകതയും അതുതന്നെയാണ്.  പൂര്‍ണമായും നിലാവെളിച്ചത്തില്‍ ചിത്രീകരിച്ച മ്യൂസിക് ആല്‍ബമാണിത്. സംഗീത രംഗത്ത് ഒരുപക്ഷേ ഇങ്ങനെയൊരു പരീക്ഷണം തന്നെ അപൂർവമാകും. നിലാവിന്റെ വെളിച്ചം മാത്രം ഉപയോഗിച്ച് ചിത്രീകരിച്ച നൈറ്റിങ്ഗേള്‍ എന്ന സംഗീത ആൽബത്തെ കുറിച്ച് ശബരീഷ് സംസാരിക്കുന്നു...നടൻ മോഹൻലാലിന് പിറന്നാൾ‌ സമ്മാനമായാണ് ശബരീഷ് ഈ വിഡിയോ തയ്യാറാക്കിയത്.

വേറിട്ട വഴികളിലൂടെ സംഗീത പരീക്ഷണങ്ങളെക്കുറിച്ച്..

നിലാവിന്റെയും ഇരുട്ടിന്റെയും മനോഹാരിത പലചിത്രങ്ങളിലും പാട്ടുകളിലും ഉപയോഗപ്പെടുത്തിയിട്ടുള്ളതാണ്. പക്ഷേ അവിടെയെല്ലാം തന്നെ പ്രകാശത്തിനു വേണ്ടി വിവിധ രീതികള്‍ അവലംബിക്കാറുണ്ട്. എന്നാല്‍ ഒരുപക്ഷേ ലോകത്തില്‍ തന്നെ ആദ്യമായിട്ടാകും പൂര്‍ണമായും നിലാവെളിച്ചത്തില്‍ ഒരു പരീക്ഷണം. വ്യത്യസ്തത വേണമെന്നുള്ള ആഗ്രഹവും  ആ വ്യത്യസ്തത ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാന്‍ കഴിയണമെന്നതുമായിരുന്നു പരീക്ഷണത്തിന് പിന്നില്‍. 

പാട്ട് തിരഞ്ഞെടുത്തത്..

മോഹന്‍ലാലിന്‍റെ ദേവദൂതന്‍, ഗുരു എന്നീ ചിത്രങ്ങളില്‍ നിന്നുള്ള പാട്ടുകളാണ് ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയത്. ഇരു പാട്ടുകളിലും വിരഹം ഒരു വിഷയമാണ്. നിലാവെളിച്ചത്തില്‍ ചിത്രീകരിക്കുമ്പോള്‍ വിരഹത്തിന് അത് യോജിക്കുമെന്ന തോന്നലും ഇവ രണ്ടും ആളുകള്‍ ഓര്‍മയില്‍ സൂക്ഷിക്കുകയും ചെയ്തിട്ടുള്ള പാട്ടുകളാണെന്നതാണ് തിരഞ്ഞെടുത്തതിന് പിന്നില്‍

വെല്ലുവിളികള്‍..

ആറുമാസത്തോളം നീണ്ട പ്രയത്നത്തിന്റെ ഫലമായാണ് ആല്‍ബം ചിത്രീകരിക്കാനായത്. മിക്കവാറും പൗര്‍ണമി നാളുകളിലായിരുന്നു ചിത്രീകരണം. പക്ഷേ പലപ്പോഴും മേഘാവൃതമായ ആകാശം ഷൂട്ടിങ്ങ് മുടക്കിയിട്ടുണ്ട്. ക്യാമറയ്ക്ക് ആവശ്യമായ നിലാവ് കണ്ട ദിവസം ചിലപ്പോള്‍ രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ വരെയും ചിത്രീകരണം നീണ്ടുപോവുകയും ചെയ്ത അനുഭവമുണ്ട്. പിന്നെ ആൽബം സംവിധാനം ചെയ്ത ശ്യാം ചന്ദ്രശേഖര മേനോൻ, പിയാനോയുമായി ചിത്രീകരണത്തിലുടനീളമുണ്ടായിരുന്ന സുമേഷ് ആനന്ദ് മറ്റ് ടീമംഗങ്ങളുടെ മുഴുവ്ന‍ സമയ പ്രോൽസാഹനം വെല്ലുവിളികളിൽ തളർന്ന് പോകാതെ നിലാ വെളിച്ചത്തിൽ വിട്ടുവീഴ്ചകൾ ചെയ്യാതെ ആൽബം പൂർത്തിയാക്കാൻ സഹായിച്ചു.

ആശയത്തിന് പിന്നില്‍..

നിലാവെളിച്ചത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്ന് ആഗ്രഹമായിരുന്നു ആശയത്തിനുപിന്നില്‍. പല ചിത്രങ്ങളിലും രാത്രി ചിത്രീകരിച്ചിട്ടുണ്ടെങ്കിലും പുറത്തുനിന്നുള്ള ലൈറ്റുകളുടെ സാധ്യതകള്‍ ഉപയോഗിച്ചാണ് ചെയ്തിരുന്നത്. അധികം ആരും സ്വീകരിക്കാത്ത ഒരു പരീക്ഷണമാവണമെന്ന ആഗ്രഹവുമാണ് ഇത്തരമൊരു ആശയത്തിലേക്കെത്തിച്ചത്. 

ലൊക്കേഷനുകള്‍..

വീഡിയോ കണ്ട പലരുടേയും സംശയമായിരുന്നു ലൊക്കേഷൻ എവിടെയാണെന്നുള്ളത്. എറണാകുളത്ത് തന്നെയാണ് ചിത്രീകരിച്ചതെന്ന് പറയുമ്പോൾ പലർക്കും വിശ്വാസക്കുറവുണ്ട്. കടമക്കുടിയും കുഴിപ്പള്ളി ബീച്ചിലുമായിരുന്നു ചിത്രീകരണം. എറണാകുളത്തുനിന്ന് അടുത്തുള്ള സ്ഥലങ്ങളും വഴിവിളക്കുകളുടെ അതിപ്രസരണവും ഇല്ലെന്നതായിരുന്നു ഈ സ്ഥലങ്ങളുടെ പ്രധാന പ്രത്യേകത. ഒപ്പം കായലില്‍ പ്രതിഫലിക്കുന്ന നിലാവിന്റെ മനോഹാരിത ചിത്രീകരിക്കാനുള്ള ശ്രമവും. 

പ്രതികരണം...

മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആല്‍ബം കണ്ട പലര്‍ക്കും അറിയേണ്ടത് എങ്ങനെയാണ് നിലാവില്‍ ഇത് ഷൂട്ട് ചെയ്തതെന്നായിരുന്നു. അഭിനന്ദിക്കുമ്പോഴും നിലാവെളിച്ചം മാത്രമാണോ ഉപയോഗിച്ചെതെന്ന സംശയം ചോദിക്കുന്നവരുമുണ്ട്. 

ഇന്‍സ്ട്രുമെന്റ് സംഗീതത്തിലെ പരീക്ഷ വ്യത്യസ്തതകള്‍ കൊണ്ട് ഇതിനുമുന്‍പും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് ശബരീഷ് പ്രഭാകര്‍. ശബരീഷിന്റെ ആദ്യ രണ്ട് ആല്‍ബങ്ങളും ബിബിസിയുടെ റേഡിയോ സംഗീത വിഭാഗങ്ങളില്‍ ഇടം നേടിയിട്ടുള്ളവയാണ്. ചേര്‍ത്തല സഹോദരിമാരുടെ പിന്മുറക്കാരനായ ശബരീഷിന്റെ ഇമ്മോര്‍ട്ടൽ രാഗ ബാന്റ് സംഗീതത്തിലും നിര്‍ണായക സാന്നിധ്യമറിയിച്ചിട്ടുണ്ട്.