ഹരം പിടിപ്പിച്ചൊരു ബിരിയാണി പാട്ട്...

ബിരിയാണി ആർക്കാണ് ഇഷ്ടമല്ലാത്തത് അല്ലേ? ബിരിയാണി ചെമ്പിൽ നിന്ന് ആദ്യത്തെ മണം ഉയരുന്ന നേരത്തെ വായിൽ വെള്ളമൂറും അല്ലേ? സത്യം പറഞ്ഞാൽ ചില കല്യാണങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും മടിയുണ്ടെങ്കിൽ പോലും നമ്മൾ പോകുന്നതിന്റെ കാരണം പോലും ബിരിയാണി കിട്ടുമല്ലോ എന്നോർത്താണ്. എത്ര കഴിച്ചാലും മതിവരികയേയില്ല. അങ്ങനെയുള്ള ബിരിയാണി കൊതിയൻമാരേയും കൊതിച്ചികളേയും ഹരം പിടിപ്പിക്കുകയാണ് ഒരു പാട്ട്. അടുത്തിടെ പാശ്ചാത്യ സംഗീത ലോകത്തു നിന്നെത്തി നമുക്കൊരുപാട് പ്രിയപ്പെട്ടതായി മാറിയ ഒരു പാട്ടിന് കവർ വേർഷൻ ആയിട്ടാണു ഗാനം പുറത്തിറങ്ങിയത്...ബിരിയാണി ആന്തം സോങ് എന്നാണ് പാട്ടിന്റെ തലക്കെട്ട്.

എന്തായാലും പെരുത്തിഷ്ടമാകും ഈ പാട്ട്. എഡ് ഷീരന്റെ ഷേപ് ഓഫ് യൂ എന്ന പാട്ടിന്റെ കവർ വേർഷനാണിത്. ഹാസ്യകാരനായ അഹമ്മദ് ഷരീഫ് ആണു വിഡിയോ തയ്യാറാക്കിയത്. സോഷ്യൽ മീഡിയയിൽ തരംഗമായതാണ് ഈ പാട്ടും വിഡിയോയും. ബംഗളുരു ആസ്ഥാനമാക്കിയുള്ള കുറേയാളുകളാണ് വിഡിയോയിലുള്ളത്. ബിരിയാണി കാണിച്ചാൽ മരിച്ചു കിടക്കുന്നയാളും എഴുന്നേൽക്കുമെന്നും ഭാരം നോക്കിക്കൊണ്ടു പോലും ബിരിയാണി കഴിക്കുന്ന ആൾക്കാരുണ്ടെന്നുമൊക്കെയാണ് വിഡിയോയിലുള്ളത്. എന്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പോലും വിഡിയോയിൽ വന്നുപോകുന്നുണ്ട്. ബിരിയാണിക്കൊതിയും അത് തിന്നാൻ വേണ്ടി കാണിക്കുന്ന വികൃതികളും എഡ് ഷീരന്റെ രസകരമായ താളത്തിലുള്ള പാട്ടും കൂടിയാകുമ്പോൾ വിഡിയോ ആർക്കും ഇഷ്ടമാകും. 

എഡ് ഷീരന്റെ പാട്ടിൽ അനേകം കവർ വേർഷനുകൾ ഇന്ത്യയിൽ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഇതുപോലെ രസകരമായിട്ടുള്ളത് വേറെയുണ്ടോയെന്നു സംശയമാണ്.