'തേച്ചില്ലെ പെണ്ണ' പാട്ടിനെ വിമർശിച്ചവർക്ക് ഗോപി സുന്ദറിന്റെ മറുപടി

ഗോപി സുന്ദര്‍ ഗാനങ്ങൾ പുറത്തിറങ്ങിയാല്‍ ഒരു വിവാദം ഉറപ്പാണ്. ഫഹദ് ഫാസിൽ നായകനായ റോൾ മോഡൽസിലെ ഒരു പാട്ടാണ് പുതിയ വിഷയം. ചിത്രത്തില്‍ ഗോപി സുന്ദർ ഈണമിട്ട തേപ്പ് പാട്ട് എന്ന ഗാനത്തിനു സമ്മിശ്ര പ്രതികരണമാണു ലഭിക്കുന്നത്. പാട്ടിലെ വരികളിലെ രസികത്വത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും കളിയാക്കുന്നവരും ഏറെയാണ്. ഈ വിഷയത്തിൽ പ്രതികരണവുമായി ഗോപി സുന്ദർ ഫെയ്സ്ബുക്കിലെത്തി. 

തേച്ചില്ലെ എന്ന പാട്ട് യുട്യൂബിൽ തരംഗമാണ്. കുറച്ചു പേര്‍ക്ക് ഈ പാട്ട് ഇഷ്ടമായിട്ടില്ലെന്ന് അറിയാം. ജനങ്ങളുടെ ആസ്വദാന ശൈലി വ്യത്യസ്തമാണല്ലോ. ഈ പാട്ടിനെ വളരെ വ്യത്യസ്തമായിട്ടാണ് കൈകാര്യം ചെയ്തിരിക്കുന്നത്. പുതിയൊരു ശൈലിയിലാണ് പാട്ട് ചിട്ടപ്പെടുത്തിയത്. പുതിയ കാര്യങ്ങളെ നമ്മൾ സ്വീകരിക്കാന്‍ കുറച്ചു സമയമെടുക്കുമല്ലോ. ഇതേ സംബന്ധിച്ച് എല്ലാവരില്‍് നിന്നും വളരെ സത്യസന്ധമായ പ്രതികരണമാണു പ്രതീക്ഷിക്കുന്നത്. ഗോപി സുന്ദർ കുറിച്ചു. ഒപ്പം പാട്ടിനെ കളിയാക്കിവർക്കും നൽകി ഒരു ചെറിയ മറുപടി. കളിയാക്കാൻ വേണ്ടി മാത്രം അഭിപ്രായം പറയരുത് എന്നാണ് ഗോപി സുന്ദർ പറ‍ഞ്ഞത്. എല്ലാത്തരം സംഗീത പ്രേമികള്‍ക്കും പ്രിയങ്കരമായ ഗാനങ്ങൾ എത്തുന്നുണ്ട്. എന്നെ വിശ്വസിക്കാം. എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.