ഖൽബിൽ തേനൂറും കോയിക്കോട് പാട്ട്: വൈറലായി ഗോപി സുന്ദർ ഗാനം

കഥപറയും തെരുവുകളും കൊതിതീരാത്ത ബിരിയണിയും കേട്ടുമതിവരാത്ത പാട്ടുകളുമുള്ള നാടാണ് കോഴിക്കോട്. ആ കോഴിക്കോടിനെ കുറിച്ചുള്ള 'കോയിക്കോട് പാട്ടിനോട്' പ്രിയമേറുകയാണ്. ഗൂഡാലോചന എന്ന ചിത്രത്തിലെ ഈ പാട്ട് കുറച്ചു ദിവസമായി യുട്യൂബിൽ തരംഗമാണ്. ഗോപി സുന്ദറിന്റെ സംഗീതത്തിലുള്ളതാണീ ഗാനം. അഭയ ഹിരൺമയിയാണ് സുലൈമാനി പോലെ മധുരമുള്ള സ്വരത്തിൽ ഈ പാട്ട് പാടിയത്. വരികൾ എഴുതിയത് ബി.െക.ഹരിനാരായണനും. സിനിമയുടെ ടൈറ്റിൽ ഗാനമാണിത്. 

കോഴിക്കോടൻ ഭാഷയുടെ താളഭംഗിയിലാണ് പാട്ട് ഹരിനാരായണൻ എഴുതിയിരിക്കുന്നതും. അഭയ ഹിരൺമയി ആ ഭാവം ഉൾക്കൊണ്ട് മൊഞ്ചേറും സ്വരത്തിലതു പാടുകയും ചെയ്തു. എന്തായാലും തൃശൂര്കാരായ ഹരിനാരായണനും ഗോപി സുന്ദറും തിരുവനന്തപുരംകാരിയായ അഭയ ഹിരൺമയിയെന്ന പാട്ടുകാരിയും ചേർന്നു തീർത്ത കോയിക്കോട് പാട്ട്, കോഴിക്കോട് ഹൽവ പോലെ മധുരമൂറുന്നതാണ്. ആ നാട്ടുകാർ മാത്രമല്ല, കേരളമൊന്നാകെ പാട്ട് ഏറ്റുപാടുകയാണ്. 

പത്തു മിനുട്ടേ ഈ പാട്ടിന് ഈണമിടാൻ ഗോപി സുന്ദറിന് വേണ്ടി വന്നുള്ളൂ. പെട്ടെന്നു തന്നെ ഹരിനാരായണൻ വരികളുമെഴുതി. ആദ്യ ടേക്കിൽ തന്നെ അഭയ പെർഫെക്ട് ആയി പാടുകയും ചെയ്തു. ആദ്യ വിഡിയോയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതോടെ അഭയ സ്റ്റുഡിയോയിൽ നിന്ന് പാടുന്ന വിഡിയോയും ഗോപി സുന്ദർ പുറത്തിറക്കുകയായിരുന്നു ഗാനം ഒരുപാടിഷ്ടമായെങ്കിലും അതിനോടൊപ്പം താളംപിടിക്കുന്നുവെങ്കിലും പാട്ട് വളരെ ചെറുതായി പോയി എന്നാണ് പൊതുവെയുള്ള അഭിപ്രായം. യുട്യൂബിലും സമൂഹമാധ്യമത്തിലുമുള്ള പാട്ടിന്റെ വിഡിയോയ്ക്കു താഴെ അവർ അക്കാര്യം പറയുകയും ചെയ്തു. എന്തായാലും ഇക്കാര്യത്തിനും പരിഹാരം കാണുമെന്നാണ് ഗോപി സുന്ദർ പറയുന്നത്. അതായത് ഈ പാട്ടിന്റെ പൂർ‌ണരൂപവും വിഡിയോയും ഗോപി സുന്ദർ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം. 

ഗോപി സുന്ദറിന്റെ പുതിയ പാട്ടുകളിൽ ഏറ്റവും ജനകീയമായ ഗാനവും ഇതുതന്നെ. ധ്യാൻ,ശ്രീനാഥ് ഭാസി, അജു വർഗീസ്, ഹരീഷ് കണാരൻ തുടങ്ങിയവലർ അഭിനയിക്കുന്ന ചിത്രമാണിത്. തോമസ് സെബാസ്റ്റ്യനാണ് സംവിധാനം നിർവ്വഹിച്ചത്.