എന്നാലും ചാക്കോച്ചാ പ്രിയയെ ഇങ്ങനെ പറ്റിക്കേണ്ടിയിരുന്നില്ല !

കുഞ്ചാക്കോ ബോബൻ ഭാര്യ പ്രിയയ്ക്കായി പാടിയ പാട്ട് സമൂഹ മാധ്യമത്തിൽ വൈറലാണ്. സത്യത്തിൽ പ്രിയയെ ചാക്കോച്ചൻ പറ്റിക്കുകയായിരുന്നു. എന്തായാലും ഈ നടൻ അഭിനയിച്ച ചിത്രങ്ങളിലെ മിക്ക കഥാപാത്രങ്ങളെയും കുറിച്ച് നമ്മൾ പറഞ്ഞ ഒരു വാക്ക് മാത്രമേ ഈ വിഡിയോ കാണുമ്പോൾ ഓർമ വരൂ. ക്യൂട്ട്. ഒപ്പം പ്രിയയെ ഇങ്ങനെ പറ്റിക്കേണ്ടിയിരുന്നില്ലെന്നും. 

ചാക്കോച്ചൻ ചുണ്ടനക്കുക മാത്രമായിരുന്നു ചെയ്തത്. അരികെ നിന്ന് പാടിയത് സാക്ഷാൽ‌ വിജയ് യേശുദാസ് ആയിരുന്നു. വിജയ്‍‌യുടെ ഏറ്റവും മികച്ച പ്രണയ ഗാനങ്ങളിലൊന്നായ ഹേമന്തമെൻ എന്ന പാട്ടാണ് പ്രിയയ്ക്കായി ചാക്കോച്ചൻ തിരഞ്ഞെടുത്തത്.

"ഭാര്യയ്ക്കു ഒരു പാട്ടു ഞാൻ പാടി കൊടുക്കണം എന്നു പറഞ്ഞു. ഒട്ടും അമാന്തിച്ചില്ല ....ഒരെണ്ണം അങ്ങ് വെച്ച് കാച്ചി. വിഡിയോ അവസാനം വരെയും കാണണം.’’ എന്നാണ് ചാക്കോച്ചൻ ഭാര്യയ്ക്കുള്ള തന്റെ വിഡിയൊയെ കുറിച്ച് എഴുതിയത്. കോഹിനൂർ എന്ന ചിത്രത്തിലെ ഗാനമാണിത്. വിജയ് യേശുദാസിന്റെ ഏറ്റവും മനോഹരമായ പ്രണയഗാനങ്ങളിലൊന്ന്. രാഹുൽ രാജിന്റെ സംഗീത സംവിധാനത്തിൽ വന്ന ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന്. ബി.കെ. ഹരിനാരായണനാണ് വരികൾ എഴുതിയത്.