Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താരത്തിളക്കത്തോടെ താരങ്ങളുടെ മക്കളും അവരുടെ പാട്ടുകളും!

actors-children-song

വെള്ളിത്തിരയിൽ ‌പല വേഷങ്ങളിലാടിയ പ്രിയതാരങ്ങളുടെയും അവരെ അവതരിപ്പിച്ച സംവിധായകരുടെയും  മക്കളിൽ പലരും സിനിമയിലെത്തിക്കഴിഞ്ഞു. ഇപ്പോൾ അതിന്റെ കാലമാണെന്നാണ് കരുതേണ്ടത്. സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണിയുടെ ചിത്രം റിലീസ് ആയിക്കഴിഞ്ഞു. നടൻമാരായ മോഹൻലാൽ, മുകേഷ് എന്നിവരുടെ മക്കളുടെ ചിത്രം ഉടൻ എത്തും. അത് കാണാനുള്ള കാത്തിരിപ്പിലാണു പ്രേക്ഷകർ. സുരേഷ് ഗോപിയുടെ മകന്റെ രണ്ടാം ചിത്രം റിലീസ് ആയി. എന്തായാലും ഈ ചിത്രങ്ങളിലെ പാട്ടുകളൊക്കെ ഹിറ്റ് ആണ്. താരങ്ങളുടെ മക്കൾക്കിടയിൽ നിന്ന് ഏറ്റവും പുതിയതായി സിനിമയിലെത്തിയരുടെ അഭിനയം എങ്ങനെയാണെന്ന് അറിയാനുള്ള കൗതുകത്തിനുള്ള ആദ്യ ഉത്തരമാണല്ലോ മിക്കപ്പോഴും പാട്ടുകൾ.ആ പാട്ടുകളിലേക്ക്. 

കല്യാണിയുടെ കല്യാണപ്പാട്ട്!

കല്യാണി നായികയായ ഹലോയിലെ കല്യാണപ്പാട്ട് യുട്യൂബിൽ തരംഗമായിരുന്നു. അഭിനേത്രിയായ അമ്മ ലിസിയെ പോലെ ക്യൂട് ലുക്കിലുള്ള കല്യാണി ലെഹെംഗയൊക്കെ അണിഞ്ഞ് നൃത്തമാടുന്നത് കാണാൻ നല്ല ചേലായിരുന്നു. അഖിൽ അക്കിനേനിയാണ് ചിത്രത്തിലെ നായകന്‍. അവർക്കിടയിലെ കുസൃതി നിറഞ്ഞ പ്രണയം കൂടിയുള്ള പാട്ട് ഇനിയെന്നും മനസിലുണ്ടാകും. പ്രിയദർശനെ ഏറെ ആരാധിക്കുന്ന സംവിധായകന്റെ ചിത്രത്തിലായിരുന്നു കല്യാണി ആദ്യമായി നായികയായതെന്നത് മറ്റൊരു കാര്യം. കല്യാണിയുടെ ചിരി പോലെ രസകരമായ പാട്ടിനു സംഗീതം അനൂപ് റൂബെൻസിന്റേതായിരുന്നു.‌‌

ശാന്തം നിഗൂഢം ആദ്യ പാട്ട്!

പോയ വർഷം സിനിമ ലോകത്തു നിന്ന് എത്തിയ ഏറ്റവും ആവേശകരമായ വാർത്തയായിരുന്നു പ്രണവ് മോഹൻലാലിന്റെ സിനിമ പ്രവേശനം. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും ഹിറ്റ് ആയ ചിത്രങ്ങളിലൊന്നിന്റെ സംവിധായകനായ ജീത്തു ജോസഫിന്റെ ആദിയിൽ, ആദിയായാണ് പ്രണവ് വേഷമിടുന്നത്. പുറമേ ശാന്തമെങ്കിലും പ്രക്ഷുബ്ധമായ മനസു പേറുന്ന ആദി ട്രെയിലറിലും പിന്നീടിപ്പോൾ പാട്ടിലൂടെയും പ്രേക്ഷകരുടെ ത്രിൽ ഇരട്ടിയാക്കുകയാണ്. സന്തോഷ് വർമ എഴുതി അനിൽ ജോൺസൺ ഈണമിട്ട പാട്ട് നജീം അർഷാദാണു പാടിയത്. ഗാനം മികച്ച പ്രതികരണമാണു യുട്യൂബിൽ നേടുന്നത്. 

മുകേഷിന്റെ മകന്റെ കല്യാണപ്പാട്ട്!

കല്യാണിയെ പോലെ സിനിമ ദമ്പതികളുടെ മകനാണു ശ്രാവണും. മുകേഷിന്റെയും സരിതയുടെയും മകന്റെ ആദ്യ ചിത്രത്തിന്റെ പേര് കല്യാണം എന്നും. കല്യാണത്തിലെ ആദ്യ പാട്ടാകട്ടെ പ്രണയത്തിന്റേതും. ആദ്യ കാഴ്ചയിൽ തന്നെ മനസുകീഴടക്കിയ പെൺകുട്ടിയെ തേടിയുള്ള ശ്രാവണിന്റെ യാത്ര പറയുന്ന പാട്ട് കാഴ്‌ചയിലും കേൾവിയിലും മനോഹരമാണ്. നായികയും നായകനും പുതുമുഖങ്ങളാണെന്നതിന്റെ പുതുമ വേറെയും. പുതുമുഖമാണെന്നു തോന്നാത്ത പക്വതയാർന്ന പ്രകടനമാണു ശ്രാവൺ പാട്ടിൽ കാഴ്ച വയ്ക്കുന്നതും. അതുപോലെ നായികയ്ക്കു പ്രിയ നടി നസ്രിയയുടെ ഛായയുമുണ്ട്. എല്ലാംകൂടി ഒന്നുചേർന്നപ്പോൾ പാട്ട് ഏവരുടേയും ശ്രദ്ധ നേടി.  രാജീവ് നായർ വരികളെഴുതി പ്രകാശ് അലക്സ് ഈണമിട്ട് സിദ്ധാർഥ് മേനോൻ പാടിയ ഗാനമാണിത്. 

സെമി ക്ലാസിക്കൽ ഗായകനായി ഗോകുൽ സുരേഷ്!

സുരേഷ് ഗോപിയുടെ മകൻ ഗോകുലിന്റെ രണ്ടാം ചിത്രമാണ് മാസ്റ്റർ പീസ്. സൂപ്പർ സ്റ്റാറിന്റെ മകന്‍ മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ചിത്രത്തിലെ സെമി ക്ലാസികൽ ഗാനം ഏറെ മികച്ചതായിരുന്നു.  ക്ലാസികൽ ഗായകന്റെ ലുക്ക് ഏറെയിണങ്ങി ഗോകുലിനും.  നർത്തകിയുടെ പാട്ടുകാരനായി ഗോകുലും മിഴിവാർന്ന പ്രകടനം നടത്തി.കവിത പോലുള്ള ഗാനങ്ങളെഴുതുന്ന പാട്ടെഴുത്തുകാരൻ ഹരിനാരായണൻ എഴുതിയ വരികൾക്കു ചിലങ്കമണിയുടെ സ്വരം പോലെ ഭംഗിയുള്ള സംഗീതമാണു ദീപക് ദേവ് നൽകിയത്. മധു ബാലകൃഷ്ണനെന്ന ഗായകന്റെ മറ്റൊരു മികച്ച ഗാനമായി അതുമാറുകയും ചെയ്തു.