തിയറ്ററിൽ ആരവം തീർത്ത് താനാ സേർന്ത പാട്ടുകൾ!

നമ്മെ നമ്മളറിയാതെ ആകാശത്തേക്കെടുത്തുയർത്തി നൃത്തമാടിക്കുന്ന പാട്ടുകളുണ്ട്. മനസിലെ എല്ലാ സങ്കടങ്ങളേയും അപ്പൂപ്പന്‍താടി പോലെ എങ്ങോട്ടേക്കോ പാറിപ്പറത്തി വിടുന്ന താളങ്ങൾ. താനാ സേർന്ത കൂട്ടം എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതവും പാട്ടുകളും അങ്ങനെയുളളതാണ്. തീയറ്ററിൽ ആരവമുയർത്തുകയാണ് അനിരുദ്ധ് രവിചന്ദറിന്റെ ഈണങ്ങള്‍. തമിഴിന്റെ തനിനാടൻ ചേല് അനുസ്മരിപ്പിക്കുന്ന ഈണങ്ങളെ ആവർത്തനവിരസത ഏതുമില്ലാതെ ചിട്ടപ്പെടുത്തി മാജിക് തീർക്കുകയാണ് അനിരുദ്ധ് വീണ്ടും, ഒപ്പം വിഗ്‍നേഷ് ശിവനും. ചിത്രത്തിന്റെ സംവിധായകൻ മാത്രമല്ല ഗാനരചയിതാവും കൂടിയാണ് വിഗ്‍നേഷ്.

ഹിന്ദിയിൽ അക്ഷയ് കുമാറിനെ നായകനാക്കി എടുത്ത ആക്‍ഷൻ ത്രില്ലർ ചിത്രം തമിഴിലേക്കെത്തിയപ്പോൾ 'നിറം' കുറച്ചുകൂടി കൂടി. തമിഴിന്റെ ആഘോഷ-ആസ്വാദന ചേരുവകളും കൂടി ചേർത്തുവച്ച് ചിത്രം പുനരെഴുതിയപ്പോൾ പാട്ടുകളും അതുപോലെ മാറി. താനാ സേർന്ത കൂട്ടത്തിലെ പാട്ടുകള്‍ ഓരോന്നായി പുറത്തിറങ്ങിയത് പ്രേക്ഷക ഹൃദയം കീഴടക്കിയായിരുന്നു. പ്രത്യേകിച്ച് സൊടക്ക് എന്ന പാട്ട്. തമിഴിന്റെ നാടൻ പാട്ടുകാരൻ ആന്റണി ദാസൻ അത്രമേൽ ഊർജസ്വലമായാണ് ഗാനം പാടിയത്. ഇടയ്ക്കു സൂര്യയുടെ വക ഡയലോഗും. തീയറ്റർ ഇളകി മറിക്കുകയായിരുന്നു ഈ പാട്ട്. 

സൂര്യയുടെ ഗംഭീര അഭിനയം തന്നെയാണ് താനാ സേർന്ത കൂട്ടത്തിന്റെ ഹൈലൈറ്റ്. മാസ് ഡയലോഗുകളും ആക്‍ഷനുമൊക്കെയായി സൂര്യ നിറഞ്ഞു നിന്നു. പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കി അതിനൊപ്പമുള്ള പശ്ചാത്തല സംഗീതവും. പ്രേക്ഷകന്റെ ത്രിൽ ഒട്ടുമേ എങ്ങും തെന്നിത്തെറിച്ചു പോകാതെ നിലനിർത്തി പിന്നണിയിലെ ആ ഈണങ്ങൾ. 

കീർത്തിയായിരുന്നു ചിത്രത്തിലെ നായിക. രമ്യ കൃഷ്ണൻ മറ്റൊരു പ്രധാന വേഷത്തിലും. ഇരുവരുമെത്തുന്ന പാട്ടുകളും ഗംഭീരമായിരുന്നു. പ്രത്യേകിച്ച് രമ്യയുടെ തകർപ്പൻ നൃത്തമുണ്ടായിരുന്ന ടൈറ്റിൽ ഗാനത്തിന്. മുണ്ടൊക്കെ മടക്കിക്കുത്തിയായിരുന്നു താരത്തിന്റെ നൃത്തം. കീർത്തി സുരേഷും സൂര്യയും അവതരിപ്പിക്കുന്ന പ്രണയാര്‍ദ്ര രംഗങ്ങൾക്കും അവരുടെ പാട്ടിനും ഒരു കവിതപോൽ ഭംഗിയുണ്ട്‌. തീയറ്ററിൽ നിന്ന് ഇറങ്ങിപ്പോരുമ്പോൾ കഥയും അതിന്റെ രാഷ്ട്രീയവും മാത്രമല്ല പ്രേക്ഷകന്റെ മനസിൽ നിറഞ്ഞു നിൽക്കുന്നത്, ആ താളങ്ങൾ കൂടിയാണ്. മനസു നിറയ്ക്കുന്ന തമിഴ് താളങ്ങൾ. ഭാഷാഭേദമില്ലാതെ മനസിലേക്കു ചേക്കേറി സന്തോഷം നിറയ്ക്കുവാൻ തമിഴ് താളങ്ങൾക്ക് അല്ലെങ്കിലും പ്രത്യേക കഴിവാണല്ലോ.