ആദിയുടെ ഓഡിയോ ലോഞ്ച് നിർവ്വഹിച്ച് മോഹൻലാൽ

മിക്ക ചിത്രങ്ങളുടേയും ഓഡിയോ ലോഞ്ച് വൻ ആഘോഷത്തോടെയാണ് നടക്കാറ്. അതിൽ നിന്നു തീർത്തും വ്യത്യസ്തമാണ് ആദി എന്ന ചിത്രത്തിന്റേത്. മകൻ പ്രണവ് ‌ നായകനാകുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിർവ്വഹിച്ചത് മഹാനടന്‍ മോഹൻലാൽ തന്നെ. ആദി ടീം സമൂഹമാധ്യമത്തിൽ ലൈവ് എത്തിയാണ് ഓഡിയോ ലോഞ്ച് ചടങ്ങ് ഏവരേയും അറിയിച്ചത്. ചിത്രത്തിന് ഭാവുകങ്ങൾ നേർന്ന് മോഹൻലാലും നിർമാതാവ് ആന്റണി പെരുമ്പാവൂരും സംസാരിച്ചു. 

അനിൽ ജോൺസൺ ആണ് ചിത്രത്തിലെ പാട്ടുകൾക്ക് ഈണമിടുന്നത്. പ്രണവും ചിത്രത്തിൽ ഒരു ഇംഗ്ലിഷ് ഗാനം എഴുതി പാടുന്നുണ്ട്. ആദ്യമായാണ് ഒരു ചിത്രത്തിനു വേണ്ടി പ്രണവ് പാടുന്നതും. ചിത്രത്തിലെ ആദ്യ വിഡിയോ ഗാനത്തിനു മികച്ച പ്രേക്ഷക പ്രതികരണം നേടാനായിരുന്നു.

ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന സിനിമ ആശിർവാദ് സിനിമാസ് ബാനറിൽ ആണു നിർമിക്കുന്നത്. ഛായാഗ്രഹണം സതീഷ് ബാബുവാണ്. സിദ്ധിഖ്, ലെന, ഷറഫുദ്ദീൻ, മേഘനാഥൻ, ജപതി ബാബു, അതിഥി രവി, അനുശ്രീ തുടങ്ങിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.