പ്രണവ് മോഹൻലാൽ വരികളെഴുതി പാടിയ ഗാനം

പ്രണവ് മോഹൻലാൽ ആദ്യമായി നായകനായ ആദി പ്രേക്ഷക ഹൃദയം കീഴടക്കി തീയറ്ററുകളിൽ മുന്നേറുകയാണ്. തൻമയത്തത്തോടെയുള്ള അഭിനയവും ത്രസിപ്പിക്കുന്ന ആക്ഷനുമായി താരം നിറഞ്ഞാടി. സംഗീത സംവിധായകനാകാൻ കൊതിക്കുന്ന കഥാപാത്രമായി അഭിനയിക്കുക മാത്രമല്ല, ചിത്രത്തിൽ ഒരു ഗാനം എഴുതി പാടുകയും ചെയ്തു പ്രണവ്. ജിപസി വുമൺ എന്ന ഈ ഗാനം മനോഹരമാണ്. പ്രണവ് ഗിത്താർ വായിക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന പാട്ടിന്റെ ലിറികൽ വിഡിയോ പുറത്തിറങ്ങി.

ഇംഗ്ലിഷ്  ഗാനത്തിനു സംഗീതം പകർന്നത് അനിൽ ജോൺസൺ ആണ്. പാട്ടിന്റെ ഈണം ചിട്ടപ്പെടുത്തുന്നതിലും പ്രണവ് പങ്കാളിയായി. അതുപോലെ ഗാനത്തിൽ നിറഞ്ഞു നിൽക്കുന്ന ഗിത്താർ പ്രണവും സന്ദീപ് മോഹനും ചേർന്നാണു വായിച്ചത്. പ്രണവ് തന്നെയാണ് ഇങ്ങനെയൊരു ഗാനം എഴുതാനും പാടാനും താൽപര്യമുണ്ടെന്നു ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫിനെ അറിയിച്ചത്. പ്രണവിന്റെ ആഗ്രഹത്തിനു ജീത്തുവും പിന്തുണ നൽകിയതോടെ നല്ലൊരു പാട്ട് ചിത്രത്തിന്റെ ഭാഗമാകുകയായിരുന്നു.