‘‘റിമി ആരെയും തല്ലിയിട്ടില്ല, ആ വിഡിയോ തെറ്റാണ്’’

ഗാനമേളയിൽ പാടിക്കൊണ്ടിരിക്കവേ തന്നെ ശല്യം ചെയ്തയാളെ റിമി ടോമി തല്ലുന്നുവെന്ന പേരിൽ ഒരു വിഡിയോ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ വിഡിയോയിലുള്ളത് റിമിയല്ലെന്നും വാർത്ത അടിസ്ഥാനരഹിതമാണെന്നും റിമിയുടെ ഭർത്താവായ റോയ്സ് മനോരമ ഒാൺലൈനിനോട് പറഞ്ഞു. 

‘‘എനിക്കും ഈ വിഡിയോ ഒരാൾ അയച്ചു തന്നിരുന്നു. ആരാണ് ഇത് ചെയ്തതെന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന് അറിയില്ല എന്നാണു പറഞ്ഞത്. മറ്റൊരാൾ അയച്ചതാണ് എന്നും പറഞ്ഞു. എനിക്ക് ഇപ്പോഴും ഈ വിഡിയോ കിട്ടുന്നുണ്ട്. ഒന്നുമാത്രം പറയാം, ആ വിഡിയോയിലുള്ളത് റിമിയല്ല. റിമി ആരെയും തല്ലിയിട്ടില്ലെന്നു മാത്രമല്ല, ഗാനമേളകളിൽ സ്റ്റേജിൽ നിന്നിറങ്ങി പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന പതിവും റിമിക്കില്ല. നടക്കാത്തൊരു സംഭവത്തിലേക്കാണ് റിമിയുടെ പേര് വലിച്ചിഴയ്ക്കുന്നത്. നല്ല വിഷമമുണ്ട്. വിഡിയോ പ്രചരിപ്പിക്കുന്നവർക്ക് ഇതുകൊണ്ടെന്നാണ് ലാഭം എന്നും അറിയില്ല.’’ റോയ്സ് പറഞ്ഞു.

ശബാന എന്ന ഗായികയുടെ വിഡിയോയാണ് റിമിയുടേതെന്ന പേരിൽ പ്രചരിക്കുന്നത്.  തനിക്കുണ്ടായ അനുഭവം വിശദീകരിച്ച് ശബാന  കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ശബാന ഗാനമേള സ്റ്റേജിൽ നിന്ന് സദസിലേക്ക് ഇറങ്ങി പാടുന്നതിനിടയിൽ കാണികളിൽ ഒരാൾ അവരെ ശല്യം ചെയ്യുകയും പിന്നീട് വസ്ത്രത്തിൽ പിടിച്ച് വലിച്ച് താഴെയിടാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് വിഡിയോയിൽ കാണുന്നത്.  തനിക്ക് നേരിട്ട ദുരനുഭവം വ്യക്തമാക്കിയ ശബാനയ്ക്ക് സമൂഹമാധ്യമത്തിൽ ഏറെയാളുകള്‍ പിന്തുണയറിയിച്ചിരുന്നു. പരപ്പനങ്ങാടിയിലെ ഒരു വേദിയിൽ വച്ചായിരുന്നു സംഭവം. പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിൽ ഗായിക ഇതേ സംബന്ധിച്ച് പരാതിയും നൽകി.