Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചമ്മൽ കാരണം ഇരുട്ടത്തായിരുന്നു ഡബ്ബ് ചെയ്തത്

sayanora-dubbing-story

ഒരു വൈറൽ എൻട്രിയായിരുന്നു മലയാള ചലച്ചിത്ര സംഗീതത്തിലേക്കു സയനോര ഫിലിപിന്റേത്. ഇതാരാ പാടിയതെന്ന് എല്ലാവരും ചോദിച്ചു പോകുന്ന അത്രമേൽ ബാസുള്ള സ്വരം. പിന്നെ ഗിത്താറും വായിച്ച് ഇംഗ്ലിഷ് ഗാനങ്ങൾ അനായാസം പാടി വേദികളിൽ വെരി സ്മാർ‌ട് ലുക്കിലെത്തിയ സയനോര മലയാളികളുടെ പ്രിയ ഗായികയായി. ഈ സ്വരം പാട്ടിനോട് എങ്ങനെ ചേർന്നുനിൽക്കുന്നുവെന്ന കൗതുകത്തിനുള്ള നല്ല സമ്മാനമായി കുറേ പാട്ടുകൾ. അതിൽ നല്ല ബാസുള്ള സ്വരത്തിനു ചേരുന്ന ചടുലമായ പാട്ടുകള്‍ മാത്രമായിരുന്നില്ല, മലയാളത്തിലെ മുൻ നിര സംഗീത സംവിധായകരുടെ മികച്ച മെലഡി ഗാനങ്ങളും അവരുടെ പരീക്ഷണപ്പാട്ടുകളുമുണ്ടായിരുന്നു. അങ്ങനെ പാടിക്കയറുന്നതിനിടയിൽ എ.ആർ.റഹ്മാന്‍ സംഗീത സംഘത്തിലും സയനോര ഇടംനേടി. ഇതിനിടയിൽ സംഗീത സംവിധായികയുമായി. പുതിയ റോൾ ആണ് സയനോരയേയും പ്രേക്ഷകരേയും ഒരുപോലെ ഞെട്ടിച്ചത്. ആ വിശേഷങ്ങളെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

പതിവു പോലെ ഒരു പാട്ട് പാടാൻ പോയതാണ് സയനോര. ശ്യാമപ്രസാദിന്റെ നിവിൻ പോളിയും തൃഷയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹേ ജൂഡ് എന്ന ചിത്രത്തിലേക്ക് ഒരു ഇംഗ്ലിഷ് ഗാനം. പാടിക്കഴിഞ്ഞപ്പോൾ സംവിധായകന്റെ വക അടുത്ത ചോദ്യം...സയനോര ഡബ്ബിങ് അറിയുമോയെന്ന്. വരുന്നത് വരട്ടെ...ഒരു കൈ നോക്കാം എന്ന കൂൾ ആറ്റിറ്റ്യൂടുള്ള കക്ഷിയാണ് സയനോര. നോക്കാം...സർ എന്നുത്തരം പറഞ്ഞുവെങ്കിലും ഒരു സിനിമയ്ക്കു വേണ്ടി ഡബ്ബ് ചെയ്യുമ്പോൾ സംഗതി നിസാരം അല്ലല്ലോ. പ്രത്യേകിച്ച് ഒരു ശ്യാമപ്രസാദ് ചിത്രത്തിനു വേണ്ടി. അതും തെന്നിന്ത്യൻ സുന്ദരി തൃഷയ്ക്കു വേണ്ടിയാണല്ലോ എന്നു കൂടി ഓർത്തപ്പോള്‍ കാര്യത്തിന്റെ ഗൗരവം അൽപം കൂടുതലാണെന്നു മനസ്സിലായി. പിന്നെ ആകെയൊരു ആശ്വാസം സൗ സദാനന്ദന്റെ 'റാബിറ്റ് ഹോൾ' എന്ന ഹ്രസ്വ ചിത്രത്തിനു വേണ്ടി, ജീവിതത്തിലാദ്യമായി ഡബ്ബ് ചെയ്തതിന്റെ ഹാങ് ഓവറിൽ നിൽക്കുകയായിരുന്നുവെന്നതാണ്. 

എന്തായാലും ജീവിതത്തിൽ വല്യ പ്ലാനിങ്ങൊന്നുമില്ല...എന്നു പറയുന്ന സയനോര പുതിയൊരു കാര്യം ചെയ്യാൻ കിട്ടിയ സന്തോഷത്തിൽ ഡബ്ബിങ് സ്റ്റുഡിയോയിലേക്കെത്തി. പക്ഷേ പാട്ടു പാടുന്ന പോലെയല്ലല്ലോ...ഡബ്ബിങ് ആകുമ്പോൾ അഭിനയവും ഒപ്പം വരുമല്ലോ. അതോര്‍ക്കുമ്പോൾ ആകെ ചമ്മൽ. പിന്നെ സ്റ്റുഡിയോയിലെ ലൈറ്റൊക്കെ അണച്ച്, ഇരുട്ടത്ത് നിന്നായിരുന്നു ‍ഡബ്ബിങ്. നല്ല ആഴമുള്ള മുഴക്കമുള്ള സ്വരം ഒന്നുയർത്തി സംസാരിച്ചാൽ മതിയെന്നായിരുന്നു സംവിധായകന്റെ നിർദ്ദേശം. ശ്യാമപ്രസാദ് സർ എന്തുകൊണ്ടാണ് എന്നെ തിരഞ്ഞെടുത്തതെന്ന് അറിയില്ല...പക്ഷേ ആകെ ത്രിൽ ആയിരുന്നു. സയനോര പറയുന്നു. ടെൻഷനോടെയാണ് സ്റ്റുഡിയിയിലേക്ക് എത്തിയതെങ്കിലും നല്ല പിന്തുണയുമായി കുറേ പേർ അവിടെയുണ്ടായികുന്നു. അനൂബ്, അമൃ, ഷിജിത്ത്, അജയ് എന്നിവരാണ് ഡയലോഗുകളുടെ മൂഡും അത് എങ്ങനെ പറഞ്ഞാൽ കൂടുതൽ നന്നാകുമെന്നൊക്കെ പറഞ്ഞു തന്നത്. ജീവിതത്തിലെ ഏറ്റവും വേറിട്ട അനുഭവമായിരുന്നു അത്. സയനോര പറഞ്ഞു.

വലിയ പ്രയാസമൊന്നും തോന്നിയിരുന്നില്ല ഡബ്ബിങ് പുരോഗമിക്കുമ്പോൾ. പക്ഷേ, റൊമാന്റിക് രംഗങ്ങളിലെ ഡയലോഗുകൾ പറയാൻ ഇത്തിരി പ്രശ്നമുണ്ടായിരുന്നു. ചമ്മൽ ആയിരുന്നു പ്രധാന പ്രശ്നം. ചിത്രത്തിൽ രണ്ടു പാട്ടുകളും പാടാൻ കഴിഞ്ഞു. ഇമനി അതിനായുള്ള കാത്തിരിപ്പിലാണ്.

ഓഡിയോ ലോഞ്ചിൽ തൃഷയെ കണ്ടിരുന്നു. ഞാനാണ് ഡബ്ബ് ചെയ്തത് എന്നറിഞ്ഞപ്പോൾ അഭിനന്ദിച്ചു. അതൊക്കെ വലിയ സന്തോഷം. എങ്കിലും പാട്ടു പാടാൻ വിട്ട മകള് ഡബ്ബിങ് ആർടിസ്റ്റ് ആയി തിരിച്ചുവന്നതിന്റെ ആകാംക്ഷയിലിരിക്കുന്ന എന്റെ ഡാഡിയെ കണ്ടപ്പോഴാണ് ചെയ്ത കാര്യത്തിലെ യഥാർഥ സന്തോഷമെന്തെന്നും അതിലെ മധുരമെന്തെന്നും മനസ്സിലാക്കുവാനായത്...സയനോര പറയുന്നു.