പുരികമുയർത്തി കണ്ണിറുക്കി പ്രിയ വാര്യരെ അനുകരിച്ച് ഷാൻ റഹ്മാനും: വിഡിയോ

ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘അഡാറ് ലവ്’ എന്ന സിനിമയും അതിലെ ‘മാണിക്യ മലരായ പൂവി’ എന്ന പാട്ടും തീർത്ത അലയൊലികൾ അവസാനിക്കുന്നില്ല. പ്രിയ വാര്യർ എന്ന പെൺകുട്ടിയെ ഒറ്റ രാത്രി കൊണ്ട് പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ച പാട്ടിലെ കണ്ണിറുക്കൽ രംഗം അടുത്തിടെ പലരും അനുകരിക്കുകയുണ്ടായി. ഒടുവിൽ അതു ചെയ്തിരിക്കുന്നത് മറ്റാരുമല്ല ആ പാട്ടിനു       ഇൗണം നൽകിയ ഷാൻ റഹ്മാൻ തന്നെയാണ്.

വനിത ഫിലിം അവാർഡ്സ് 2018–ന്റെ റെഡ് കാർപ്പെറ്റിലായിരുന്നു ഷാനിന്റെ പ്രകടനം. സെലിബ്രിറ്റികൾക്ക് ടാസ്ക്കുകൾ കൊടുക്കുന്ന മത്സരത്തിൽ ഷാനിനു കിട്ടിയ ടാസ്ക് ഇതായിരുന്നു. ഒട്ടും മടിക്കാതെ തന്നെ ഷാൻ പുരികം പൊക്കി കണ്ണിറുക്കി കാട്ടി. പിന്നാലെ ടീസറിലെ ‘തോക്കു പ്രയോഗവും’ ഒട്ടും മടിയില്ലാതെ അദ്ദേഹം ചെയ്തു. 

ദേശീയ തലത്തിൽ വരെ പ്രശസ്തി നേടിയ ഗാനത്തിന്റെ സംഗീത സംവിധായകനെന്ന നിലയിൽ ഷാൻ റഹ്മാനും ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനീത് ശ്രീനിവാസനാണ് ഇൗ പാട്ട് ആലപിച്ചത്. നേരത്തെ ഇവർ ഒത്തു ചേർന്ന ജിമിക്കി കമ്മൽ എന്ന ഗാനവും ഇതു പോലെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.