Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കാസ്റ്റിങ് കൗച്ച് നടിമാരുടെ ജീവിതമാർഗം’; വിവാദപ്രസ്താവനയുമായി സരോജ് ഖാൻ

saroj-shriya

കാസ്റ്റിങ് കൗച്ചിനെ ചൂഷണമായി കാണാനാകില്ലെന്നും അത് പെണ്‍കുട്ടികള്‍ക്ക് ഉപജീവനത്തിനുള്ള മാര്‍ഗമായി കണ്ടാൽ മതിയെന്നുമുള്ള നൃത്ത സംവിധായിക സരോജ് ഖാന്റെ പരാമർശത്തിൽ വലിയ പ്രതിഷേധം. ഇതേ തുടർന്ന് സരോജ്ഖാൻ മാപ്പുപറഞ്ഞു. നടി ശ്രീ റെഡ്ഡിയിലൂടെ തെലുങ്ക് സിനിമയില്‍ കത്തിപ്പടര്‍ന്ന കാസ്റ്റിങ് കൗച്ച് വിവാദത്തെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴാണ് സരോജ് ഖാന്റെ വിവാദ പ്രതികരണം.

എന്നാൽ, മുതിർന്ന നൃത്തസംവിധായകയുടെ പരാമർശത്തിനെതിരെ ബോളിവുഡ് താരങ്ങളടക്കം രംഗത്തെത്തി. തുടർന്നാണ് തന്റെ പരാമർശം പിൻവലിച്ച് മാപ്പുചോദിക്കുന്നതായി മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

തെലുങ്ക്നടി ശ്രീറെഡ്ഡി തുടങ്ങിവച്ച കാസ്റ്റിങ് കൗച്ച് വിവാദം ഇന്ത്യൻസിനിമാ ലോകത്തുതന്നെ ആളിപടരുകയാണ്. അവസരംചോദിക്കുന്ന നടിമാരെ ലൈംഗികമായി ഉപയോഗിക്കുന്നുവെന്ന ആരോപണം ചർച്ചയാകുന്നതിനിടെയാണ് സരോജ്ഖാനും കുരുക്കില്‍പെട്ടത്. എന്നാൽ, തികച്ചും സ്വാഭാവികമായ ഒരുകാര്യമാണ് കാസ്റ്റിങ് കൗച്ച് എന്നതരത്തിലായിരുന്നു സരോജ്ഖാന്റെ പ്രതികരണം. 

‘കാസ്റ്റിങ് കൗച്ച് പുതിയ കാര്യമൊന്നുമല്ല. എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. കാസ്റ്റിങ് കൗച്ച് ജീവിതമാര്‍ഗം നല്‍കുന്നു. പെണ്‍കുട്ടിയുടെ സമ്മതത്തോടെ അവളെ പ്രയോജനപ്പെടുത്തുന്നു. ഇവിടെ ആരും ലൈംഗിക ചൂഷണം ഒന്നും നടത്തുന്നില്ല.’ ഇങ്ങനെയായിരുന്നു സരോജ് ഖാന്റെ പ്രസ്താവന.

അതിനിടെ സരോജ് ഖാനെ പിന്തുണച്ച് സിനിമാനിരൂപകൻ കെആർകെ രംഗത്ത് വന്നിരുന്നു. സത്യം പറഞ്ഞതില്‍ അഭിനന്ദിക്കുന്നുവെന്നായിരുന്നു കെ.ആര്‍.കെയുടെ പ്രതികരണം.

സിനിമാമേഖലയിലെ സ്ത്രീകളുടെയെല്ലാം വിലയിടിക്കുന്ന പ്രസ്താവനയാണ് സരോജ്ഖാൻ നടത്തിയതെന്ന തരത്തിലായിരുന്നു സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണമെത്തിയത്. നിരവധിതാരങ്ങളും പ്രതിഷേധവുമായെത്തിയതോടെ സരോജ് മാപ്പുപറഞ്ഞ് തലയൂരുകയായിരുന്നു.