Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ‍ാച്ചിയിൽ 24ന് ഒാർമ പാടുന്നു

anzar

മലയാള ഭാഷയെയും നമ്മുടെ പാട്ടിനെയും നെഞ്ചേറ്റി ലാളിക്കുന്ന ഏതു മലയാളിക്കും ഒരിക്കലും മറക്കാനാവാത്ത ഒരുപിടി മനോഹര ഗാനങ്ങൾ പിറന്നുവീണ കാലമാണ് എഴുപതുകളും എൺപതുകളും.  അർഥസമ്പുഷ്ടമായ വരികൾ കൊണ്ടും അതിമനോഹരമായ ഈണം കൊണ്ടും അനന്യമായ ആലാപനശൈലികെ‍ാണ്ടും  മനസ്സിൽ ഒരിക്കലും മായാത്ത മഴവില്ലൊരുക്കിയ ഗാനങ്ങളാൽ മലയാള ചലച്ചിത്ര ഗാനശാഖ വസന്തശോഭ നേടിയ കാലമായിരുന്നുവല്ലോ അത്. ആ കാലത്തിന്റെ ഒ‍ാർമതന്നെ പാട്ടുപാടും! 

വയലാർ രാമവർമ , പി. ഭാസ്കരൻ, യൂസഫലി കേച്ചേരി, ഒഎൻവി തുടങ്ങിയ പ്രതിഭാധനരായ ഗാനരചയിതാക്കളും കെ .രാഘവൻ , എം .എസ് .ബാബുരാജ് ,സലിൽ ചൗധരി ,ദേവരാജൻ മാസ്റ്റർ തുടങ്ങിയ ഭാവനാസമ്പന്നരായ സംഗീത സംവിധായകരും ചേർന്ന് , കാലത്തിനു തോൽപ്പിക്കാനാവാത്ത സുന്ദരഗാനങ്ങൾ മലയാളത്തിനു സമ്മാനിച്ചു.

ആ കാലം കേട്ട മധുര മനോഹര ഗാനങ്ങളെ കോർത്തിണക്കി, സംഗീതസാന്ദ്രമായ സായന്തനം ഗാനാസ്വാദകർക്കായി ഒരുക്കുകയാണ് എർത്കെയർ ടെക്നോളജീസ്, കെ‍ാച്ചി മട്ടാഞ്ചേരി ചുള്ളിക്കലുള്ള ഹോട്ടൽ അബാദിൽ. ജൂൺ 24 ന‍ു വൈകുന്നേരം ഏഴ‍ു മണിക്ക് ‘ഓർമ 2018’ എന്ന പേരിൽ അരങ്ങേറുന്ന ഈ സംഗീതനിശ നയിക്കുന്നത് , പ്രശസ്ത പിന്നണി ഗായകനും ‘ഇളയനിലാ’ എന്ന മ്യൂസിക് ബാൻഡിലൂടെ മലയാളികളുടെ ഹൃദയം കവരുകയും ചെയ്ത അൻസാർ ആണ്. 

1997 –ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത മ്യൂസിക് റിയാലിറ്റി ഷോയിലെ വിജയി കൂടിയാണു ഭാവഗായകനായ അൻസാർ. മൺമറ‌ഞ്ഞ പ്രശസ്ത ഗായകൻ ബ്രഹ്മാനന്ദന്റെ പുത്രനും ഗായകനുമായ രാഗേഷ് ബ്രഹ്മാനന്ദനോടെ‍ാപ്പം  മുജീബ് , നബീല ഹക്കീം , ഷൈനു സൂസൻ പോൾ എന്നീ ഗായകരും ഇഷ്ടഗാനങ്ങൾ ആലപിക്കും.