ഡാൻസിനിടെ തെന്നി വീണിട്ടും ഒട്ടും പതറാതെ മോഹൻലാൽ: വിഡിയോ

മഴവിൽ മനോരമയ്ക്കു വേണ്ടി അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അമ്മ മഴവില്ല് എന്ന സൂപ്പർ മെഗാഷോയിൽ മോഹൻലാലിന്റെ ഗംഭീര നൃത്തം. അടിപൊളി ഡാൻസുമായി മുന്നേറുന്നതിനിടെ വേദിയിൽ തെന്നി വീണ മോഹൻലാൽ ആ വീഴ്ചയിലും ഒട്ടും പതറാതെ പരിപാടി പൂർത്തിയാക്കി. 

നമിത പ്രമോദിനും ഷംന കാസിമിനും ഹണി റോസിനും ഒപ്പം നൃത്തം ചെയ്യവയൊണ് അപ്രതീക്ഷിതമായി മോഹൻലാലിന് അടി തെറ്റുന്നത്. നമിത മോഹൻലാലിനെ ചെറുതായി തള്ളുന്നതും പിന്നാലെ അദ്ദേഹം അടി തെറ്റി വീഴുന്നതും വിഡിയോയിൽ കാണാം. നമിത തള്ളിയിട്ടതാണെന്നും മറ്റും പറഞ്ഞ് വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും സത്യത്തിൽ സ്റ്റേജിലെ തെന്നലാണ് യഥാർഥ വില്ലനായത്. ഇന്നലെ പെയ്ത മഴയിൽ വേദിയിലെ ചില ഭാഗങ്ങൾ നനഞ്ഞിരുന്നു. ഇതാണ് മോഹൻലാലിന് വിനയായത്. ഹണി റോസ് ഉൾപ്പടെയുള്ള മറ്റു ചില താരങ്ങൾക്കും ഇതു പോലെ തന്നെ സംഭവിച്ചു. 

എന്നാൽ വീഴ്ചയിൽ മോഹൻലാൽ പതറിയില്ല എന്നതാണ് വലിയ കാര്യം. വലിയൊരു വേദിയിൽ അറിയാതെ ഒരബദ്ധം പറ്റിയിട്ടും മനസ്സാന്നിധ്യം കൈവിടാതെ എഴുന്നേറ്റ് തിരികെ വന്ന് അദ്ദേഹം നൃത്തം പൂർത്തിയാക്കി. വീഴ്ചയ്ക്കു ശേഷമുള്ള അദ്ദേഹത്തിന്റെ ചുവടുകളാണ് ഏറ്റവും ആവേശകരമായതെന്ന് കാഴ്ചക്കാരും പറയുന്നു. 

‘കവിളിണയിൽ കുങ്കുമമോ...’ എന്ന ഗാനം മലയാളിക്ക് അന്നും ഇന്നും ഏറെ പ്രിയപ്പെട്ട ഒന്നാണ്. വന്ദനം എന്ന സിനിമയിലെ മോഹൻലാലിന്റെ കഥാപാത്രം നായികയ്ക്കു പിന്നാലെ കുസൃതി നിറഞ്ഞ പെരുമാറ്റത്തോടെ ഒാടിനടന്നു പാടുന്ന ഗാനം മലയാളികൾക്ക് സുപരിചിതമാണ്.  ഇൗ ഗാനത്തോടെയാണ് മോഹൻലാലിന്റെ നൃത്തം ആരംഭിച്ചത്. മോഹൻലാലും നമിത പ്രമോദും ചേർന്ന് നൃത്തം പരിശീലിക്കുന്ന വിഡിയോയും ഇന്റർനെറ്റിൽ തരംഗമായിരുന്നു.