ആ വീഴ്ചയ്ക്കു മുമ്പ് ഹണി റോസ് പറഞ്ഞത്: വിഡിയോ

മഴവിൽ മനോരമയ്ക്കു വേണ്ടി അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അമ്മ മഴവില്ല് എന്ന സൂപ്പർ മെഗാഷോയിലെ നൃത്തത്തിനിടെ മോഹൻലാൽ തെന്നി വീണതും അതു വക വയ്ക്കാതെ അദ്ദേഹം നൃത്തം തുടർന്നതും വലിയ വാർത്തയായിരുന്നു. നമിത പ്രമോദിനും ഷംന കാസിമിനും ഹണി റോസിനും ഒപ്പം നൃത്തം ചെയ്യവയൊണ് അപ്രതീക്ഷിതമായി മോഹൻലാലിന് അടി തെറ്റുന്നത്. സ്റ്റേജിലെ നനവിൽ തെന്നിയ ഹണി റോസിന്റെ ദേഹത്ത് തട്ടിയാണ് മോഹൻലാൽ വീണതെന്ന് വി‍ഡിയോകളിൽ വ്യക്തമായിരുന്നു. 

ഇൗ പരിപാടിക്കു സ്റ്റേജിലേക്ക് കയറുന്നതിനു തൊട്ടു മുൻപ് ഹണി റോസ് പറഞ്ഞത് ഇങ്ങനെയാണ്. ടോം ബോയ് ലുക്കിൽ എത്തിയ ഹണി താൻ ഇരുവറിലെ ഗാനത്തിന് ലാലേട്ടന്റെ ഒപ്പമാണ് നൃത്തം ചെയ്യുന്നതെന്ന് പറഞ്ഞു. നമിതയും ഷംനയും ഇൗ ഗാനത്തിൽ തനിക്കൊപ്പമുണ്ടെന്നും കുറച്ച് ടെൻഷനുണ്ടെന്നും ഹണി പറയുന്നു. അമ്മ മഴവില്ലിലെ അണിയറക്കാഴ്ചകൾ ഉൾക്കൊള്ളിച്ച വിഡിയോയിലാണ് ഹണിയുടെ പരാമർശം. മുമ്പ് പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ടെങ്കിലും സ്റ്റെപ്പുകളെക്കുറിച്ചോർത്തോ പരിപാടിയെക്കുറിച്ചോർത്തോ പേടിച്ചിട്ടില്ലെന്നും ‌ലാൽ സാറിനൊപ്പം നൃത്തം ചെയ്യാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നുമാണ് പരിപാടിക്ക് തൊട്ടു മുമ്പ് ഷംനയും നമിതയും ഹണിയും പറഞ്ഞത്. കുറച്ചാളുകൾക്ക് മാത്രം ലഭിക്കുന്ന അസുലഭ അവസരമാണ് ലാൽ സാറിന്റെ ഒപ്പം ഒരു പരിപാടിയെന്നും ഇവർ പറഞ്ഞിരുന്നു. 

അടി തെറ്റിയെങ്കിലും കാണികളെ അമ്പരപ്പിച്ചു കൊണ്ട് മോഹൻലാൽ നൃത്തം തുടർന്നു. മോഹൻലാലിന്റെ മനസ്സാന്നിധ്യത്തെ സമൂഹമാധ്യമങ്ങൾ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു. അമ്മ മഴവില്ല് ഇന്നും നാളെയുമായി മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യും.