അതെ പ്രിയങ്ക പ്രണയത്തിലാണ് !

പ്രിയങ്ക ചോപ്രയെയും ഗായകനായ നിക് ജൊനാസിനെയും മാധ്യമങ്ങൾ വിടാതെ പിടികൂടിയിരിക്കുകയാണ്. ഒരു സ്വകാര്യ ഹോട്ടലിൽ രാത്രിഭക്ഷണത്തിന് എത്തിയപ്പോളാണ് ഇരുവരും ക്യാമറക്കണ്ണിൽ പെട്ടത്. ഇതോടെ ഇരുവരും പ്രണയത്തിലാണെന്നുള്ള സംശയങ്ങൾക്ക് കൂടുതൽ ബലം കൈവന്നിരിക്കുകയാണ്. ഹോട്ടലിൽ വെച്ചുള്ള ഇരുവരുടെയും പെരുമാറ്റ രീതികളും സംശയങ്ങൾ ശരി വയ്ക്കുന്നതാണെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

പ്രിയങ്ക കൂടുതൽ പ്രസന്നവതിയായി കാണപ്പെട്ടുവെന്നും ഇരുവരും തമാശകൾ പങ്കിടുകയും ചെയ്തുവെന്നുമാണ് മാധ്യമങ്ങൾ പറയുന്നത്. പ്രിയങ്കയും നിക്കും പ്രണയത്തിലാണെന്നുള്ള വാർത്തകൾ പരക്കുന്നതിനിടെ പൊതുസ്ഥലത്ത് ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത് മാധ്യമങ്ങളിലും അമ്പരപ്പുണ്ടാക്കി.  

ഹോളിവുഡിലെ പ്രസിദ്ധനായ‌ ഗായകനാണ് ഇരുപത്തഞ്ചുകാരനായ നിക് ജൊനാസ്.  കഴിഞ്ഞ വർഷം നടന്ന മെറ്റ് ഗാല റെഡ് കാർപ്പെറ്റിലാണ് മുപ്പത്തഞ്ചുകാരിയായ പ്രിയങ്ക ചോപ്ര നിക്കിന്റെ കൂടെ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട്  വിവിധ വേദികളിൽ ഒരുമിച്ച് വരാൻ തുടങ്ങിയതോടെയാണ് ഇവർ പ്രണയത്തിലാണെന്നുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. ഒരുമിച്ചുള്ള കൂടുതൽ വാർത്തകളും ചിത്രങ്ങളും പുറത്തുവന്നതോടെ ഇരുവരുടെയും പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.