ഗായകനെ ആലിംഗനം ചെയ്തു; യുവതി അറസ്റ്റിൽ

സൗദി അറേബ്യയിൽ ഗായകനെ ആലിംഗനം ചെയ്ത യുവതി അറസ്റ്റില്‍. വേദിയിൽ ഗാനം ആലപിച്ചിരുന്ന ഗായകന് അരികിലേക്ക് ഓടിയെത്തിയ ഇവർ ഗായകനെ ആലിംഗനം ചെയ്തു. തുടർന്ന് സ്ത്രീയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

റിയാദിലെ ഒരു സംഗീത പരിപാടിക്കിടെയായിരുന്നു സംഭവം. ഗായകൻ മജീദ് അൽ മൊഹന്തിയെയാണ് ഇവർ ആലിംഗനം ചെയ്തത്. അറബ് ഗാനങ്ങളുടെ രാജകുമാരൻ എന്ന് അറിയപ്പെടുന്ന വ്യക്തിയാണ് മൊഹന്തി. സംഭവത്തിന് ശേഷവും ഗായകൻ ഗാനം തുടർന്നു.

ബന്ധമില്ലാത്ത പുരുഷനെ പരസ്യമായി സ്പർശിക്കാനുള്ള അവകാശം സൗദിയിൽ സ്ത്രീകൾക്ക് ഇല്ല. പീഡന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്. സംഭവത്തിൽ സ്ത്രീ സുരക്ഷാ സെൽ അന്വേഷണം ആരംഭിച്ചു. സ്ത്രീ ഗായകനെ ആലിംഗനം ചെയ്യുകയും തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ നീക്കുകയും ചെയ്യുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതുണ്ട്. സൽമാൻ രാജ കുമാരന്റെ ചരിത്രപരമായ നീക്കത്തെ തുടർന്ന് കഴിഞ്ഞ വർഷം മുതലാണ് സൗദി അറേബ്യയില്‍‍ സ്ത്രീകൾ പൊതു പരിപാടിയിൽ പങ്കെടുക്കാൻ തുടങ്ങിയത്