കേരളത്തിൽ നിന്ന് ശബ്ദം വീണ്ടെടുത്ത് തെലുങ്ക് ഗായകൻ

പ്രശസ്ത ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ശുപാർശയിൽ തൃശൂരിലെത്തിയ തെലുങ്ക് യുവഗായകനു മലയാളത്തിൽ ‘സ്വരശുദ്ധി’ ചികിത്സ. ഇഎൻടി വിദഗ്ധർ പലതവണ ചികിത്സിച്ചിട്ടും ഫലമില്ലാതെ എത്തിയ ഹൈദരാബാദ് സ്വദേശി ഗണേഷ് രേവന്ത് ആണു നാലു ദിവസം കൊണ്ടു മനസും ശബ്ദവും തെളിഞ്ഞു മടങ്ങിയത്. ചേതന വോക്കോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സംഗീതജ്ഞനും ശബ്ദ ചികിത്സകനുമായ ഫാ.ഡോ.പോൾ പൂവ്വത്തിങ്കൽ നൽകിയ സ്വരചികിത്സയാണു ഗണേഷിനെ തുണച്ചത്.  

തെലുങ്ക് ചാനലായ ഇ ടിവിയിൽ എസ്.പി.ബാലസുബ്രഹ്മണ്യം വിധികർത്താവായ ‘പാടുത തിയഗ’ സംഗീത റിയാലിറ്റി ഷോയിൽ 2011ലെ മൂന്നാം സ്ഥാനക്കാരനായിരുന്നു ഗണേഷ്. അന്നത്തെ ഒൻപതാം ക്ലാസുകാരൻ പിന്നീട് ഒട്ടേറെ സ്റ്റേജുകളിലും വേദികളിലും തിളങ്ങി. 2014ൽ ആണു ശബ്ദം പുറത്തേക്കു വരാതെ ഇടറി തുടങ്ങിയത്. ഒരു വേദിയിൽ ഗണേഷിന്റെ പാട്ട് കേൾക്കാനിടയായ എസ്പിബി രക്ഷിതാക്കളോടു മകനെ ഒരു ഇഎൻടി വിദഗ്ധനെ കാണിക്കാൻ നിർദേശിച്ചു. യുവത്വത്തിലേക്കു പ്രവേശിക്കുമ്പോൾ സംഭവിക്കുന്ന ശബ്ദമാറ്റമാകും എന്നാണ് ആദ്യ ഡോക്ടർ പറഞ്ഞത്. സ്റ്റേജുകളിൽ സജീവമായെങ്കിലും പാടാനുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടു. പഠനത്തിൽ ശ്രദ്ധിക്കേണ്ടിയും വന്നതോടെ കുറച്ചുകാലം ചികിത്സ നിർത്തി.

2017ലാണു വീണ്ടും സ്പീച്ച് തെറപ്പി നടത്തിയത്. 13 സെഷനുകളിലായി മാസങ്ങൾ നീണ്ട ചികിത്സയും ഫലം ചെയ്തില്ല. ഒരു ഷോയ്ക്കിടെ കണ്ടപ്പോൾ പാട്ട് നിർത്തിയെന്നു വിഷാദത്തോടെ അറിയിച്ച ഗണേഷിനോടു ഗുണ്ടൂരിലെ പ്രശസ്തനായ ഒരു ഇഎൻടി വിദഗ്ധനെ കാണാൻ നിർദേശിച്ചതും എസ്പിബിയാണ്. ഒന്നര വർഷത്തിൽ നാലു ഘട്ടങ്ങളായുള്ള ആറു ലക്ഷം രൂപയുടെ ലേസർ സർജറിക്കു നിർദേശിച്ചാണു ഡോക്ടർ മടക്കിയത്.  

വീണ്ടും കണ്ടുമുട്ടിയ അവസരത്തിൽ ഇക്കാര്യം അറിയിച്ചപ്പോഴാണു തൃശൂരിൽ ചേനത വോക്കോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഫാ.പോൾ പൂവ്വത്തിങ്കലിനെ കുറിച്ചുള്ള വിവരം എസ്പിബി ഗണേഷിന്റെ രക്ഷിതാക്കളെ അറിയിച്ചത്. ഗണേഷിനെ കുറിച്ചുള്ള വിവരങ്ങൾ വാട്സ് ആപ് സന്ദേശം വഴി എസ്പിബി തന്നെയാണു ഫാ.പോളിനെ ധരിപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണു സ്വരചികിത്സയ്ക്കായി ഗണേഷും കുടുംബവും തൃശൂരിലെത്തിയത്. കണ്ഠത്തിൽനിന്നു സ്വരം എടുക്കുന്നതിനു പകരം അടിവയറ്റിൽ പേശികളിൽ ആയാസം ചെലുത്തുന്നതാണു സ്വരസമ്മർദത്തിനു കാരണമെന്നു ഫാ.പോൾ കണ്ടെത്തി. ചില വ്യയാമമുറകളും പരിശീലിപ്പിച്ചു.

അനായാസമായി പാടാൻ ശീലിച്ചതോടെ ശബ്ദത്തിന്റെ ഇടർച്ചയും മാറി. ‘ശിവശങ്കരി ശിവാനന്ദ ലഹരി, ചന്ദ്രകലാധരി ഈശ്വരി...’ പാടി നിർത്തുമ്പോൾ ഗണേഷിനു പഴയ ആത്മവിശ്വാസം. ഈ പാട്ട് പാടിയാണു സ്റ്റേജുകളിൽ അവൻ കൂടുതലും കൈയടി നേടിയതെന്ന് ഓർമിപ്പിച്ച് അച്ഛൻ കെ.വി.എസ്.മൂർത്തിയും അമ്മ രമണിയും ഫാ.ഡോ.പോൾ പൂവ്വത്തിങ്കലിനു നന്ദി