ലൈംഗികതയും ആത്മീയതയും ഒരേ തട്ടിൽ; അവിശ്വസനീയം

ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയമാവുകയാണ് പ്രശസ്ത അമേരിക്കന്‍ ഗായിക അരീന ഗ്രാന്റെയുടെ 'ഗോഡ് ഇസ് എ വുമൻ'. പാശ്ചാത്യ സംഗീതത്തിന്റെ വൈവിധ്യങ്ങളിലൂടെ കടന്നു പോകുന്നതാണ് ഗാനം. ഉന്മാദം പോലും സംഗീതമാകുന്നു. ദൈവം ഒരു സ്ത്രീയാണെന്ന വാദവുമായി എത്തുകയാണ് അരീന. ഞാൻ എങ്ങനെയാണ് ലോകത്തെ തൊട്ടത് എന്നോർക്കുമ്പോൾ മനസിലാകും ദൈവം സ്ത്രീയാണെന്നും അരീന പറയുന്നു. 

ലോക പ്രശസ്തമായ ചിത്രങ്ങളുടെ ദൃശ്യാവിഷ്കാരവും ആൽബത്തിൽ കാണാം. പോപ്പ് സംസ്കാരത്തിലും ചരിത്രത്തിലും ഊന്നിയതാണ് ഗാനം. ആത്മീയതയും ലൈംഗികതയും സ്ത്രീ ശാക്തീകരണവും ഇഴചേരുന്ന ദൃശ്യാവിഷ്കാരം. 

പത്ത് വ്യത്യസ്തമായ രൂപങ്ങളിലാണ് അരീന ആൽബത്തിൽ എത്തുന്നത്.  അരീനയ്ക്കു ചുറ്റും കാണുന്ന ഗാലക്സി, ജലഛായങ്ങളിലെ നീരാട്ട്, ദേവതയായി പോപ്പ് ഗായിക മഡോണയുടെ അപ്രതീക്ഷിത വരവ്, മൈക്കൽ എയ്ഞ്ചലോയുടെ പ്രശസ്തമായ ചിത്രം എന്നിവയാണ് ഗാനത്തിന്റെ ഹൈലൈറ്റ്സ്. 

റിലീസ് ചെയ്ത് ആഴ്ചകൾക്കകം കോടിക്കണക്കിന് ആളുകളാണ് വിഡിയോ കണ്ടത്.  ആദ്യമായാണ് ഇത്രയും വൈവിധ്യങ്ങളോടു കൂടി ഒരു മ്യൂസിക്കൽ ആൽബം എത്തുന്നത്. എങ്ങനെയാണ് ഇത്രയും സാധിച്ചതെന്ന് ഇപ്പോൾ ഓർക്കുമ്പോൾ അത്ഭുതമായി തോന്നുന്നെന്നായിരുന്നു അരീനയുടെ ട്വീറ്റ്. പലതും അവിശ്വസനീയമായി തോന്നുന്നു എന്നും അരീന പറയുന്നു.