മരണക്കിടക്കയിലും ഉമ്പായി മോഹിച്ചത് ഒന്നു മാത്രം

ഉമ്പായിയുടെ മകൻ സമീർ രണ്ടുദിവസം മുമ്പു സൂര്യ കൃഷ്ണമൂർത്തിയെ വിളിച്ചു. ‘ഉപ്പയ്ക്കു ലങ് കാൻസറാണ്. വൈകിയാണ് അറിഞ്ഞത്. അവസാനഘട്ടത്തിലാണ്. ആശുപത്രി ഐസിയുവിലാണ് ഉപ്പ ഉള്ളത്. ദിവസങ്ങൾ എണ്ണപ്പെട്ടെന്നു ഡോക്ടർമാർ എന്നോടു പറ​ഞ്ഞു. ഉപ്പയും എന്തെല്ലാമോ മനസ്സിലാക്കിയിരിക്കുന്നു. ഈ അവസ്ഥയിലും ഒക്ടോബർ 23നു സൂര്യ ഫെസ്റ്റിവലിൽ വന്നു പാടണമെന്നും അതു തന്റെ ജീവിതത്തിലെ അന്ത്യാഭിലാഷമാണെന്നും ഉപ്പ പറയുന്നു. ഞാൻ എന്തു ചെയ്യണം?’സമീറിന്റെ വാക്കുകൾ കേട്ടു പെട്ടെന്നു പ്രതികരിക്കാൻ കൃഷ്ണമൂർത്തിക്കായില്ല. വിവരങ്ങൾ കേട്ടശേഷം അദ്ദേഹം ചോദിച്ചു.

‘‘ഉമ്പായിയെ സ്നേഹിക്കുന്നവരിലേക്ക് അദ്ദേഹത്തിനുവേണ്ടി പ്രാർഥിക്കാനാവശ്യപ്പെട്ട് ഞാനൊരു സന്ദേശമയക്കട്ടെ?’’ സമീർ അതു സമ്മതിച്ചു. വാട്സാപ്പിലെ വിവിധ ഗ്രൂപ്പുകളിലൂടെ ആ സന്ദേശം ഒരുപാടു പേരിലേക്കെത്തി. സംവിധായകൻ ജയരാജ്, പാട്ടുകാരൻ രമേഷ് നാരായണൻ തുടങ്ങിയവർ ഉമ്പായിക്കുവേണ്ടി പ്രാർഥിക്കണമെന്നറിയിച്ച് ആ സന്ദേശം മറ്റുള്ളവരിലേക്കും ഫോർവേഡ് ചെയ്തു.  111 ദിവസം നീണ്ടുനിൽക്കുന്ന സൂര്യ ഫെസ്റ്റിവലിൽ 25 വർഷമായി എല്ലാ ഒക്ടോബർ 23നും ഉമ്പായി പാടുന്നുണ്ട്. വരുന്ന ഒക്ടോബർ 23നും ഇതിനു മാറ്റമുണ്ടാകില്ലെന്നു കൃഷ്ണമൂർത്തി അറിയിച്ചു. 

‘‘അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം പോലെ ആ ദിവസം ഉമ്പായിക്കായി നീക്കിവയ്ക്കും. ഛായാചിത്രമൊരുക്കി അതിനു മുന്നിലിരുന്ന് ഉമ്പായിയെക്കുറിച്ചുള്ള വർത്തമാനങ്ങൾക്കും ഓർമകൾക്കും ഗസലുകൾക്കുമായി ആ സന്ധ്യ നീക്കിവയ്ക്കും. സൂര്യ ഫെസ്റ്റിവലിന്റെ 42 വർഷത്തെ ചരിത്രത്തിൽ പരിപാടി നടത്താതെ കലാകാരന്റെ ഓർമയ്ക്കായി മാത്രം ഒഴിച്ചിടുന്ന ആദ്യ സന്ധ്യകൂടിയായിരിക്കും അത്.’’ കൃഷ്ണമൂർത്തിയുടെ വാക്കുകളിൽ ഇടർച്ച.