വാരിക്കുഴിയിലെ 'കളകാഞ്ചി', നാടിന്റെ നൈർമല്യം

ഗ്രാമത്തിന്റെ സൗന്ദര്യവുമായി എത്തുകയാണ് വാരിക്കുഴിയിലെ കൊലപാതക'ത്തിലെ ഗാനം. 'കളകാഞ്ചി' എന്നു തുടങ്ങുന്ന ഗാനമാണ് എത്തിയത്. വയലും കായലും തെങ്ങിൻ തോപ്പും നിറയുന്ന അരയൻതുരുത്ത്  ഗ്രാമത്തിലെ ഒരു ദിവസമാണ് ഗാനരംഗങ്ങളിലുള്ളത്. മനോഹരമായ ദൃശ്യാവിഷ്കാരമാണ് ഗാനത്തിന്റെ പ്രത്യേകത. 

അഞ്ജു ജോസഫ്, വിപിൻ സേവിയർ, വൈഷ്ണവ് ഗിരീഷ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജോഫി തരകന്റെതാണ് വരികൾ. മോജോ ജോസഫിന്റെ സംഗീതം. ഇരുപത്തിയഞ്ചു വർഷങ്ങൾക്കു ശേഷം എം എം കീരവാണി മലയാളത്തിൽ ഒരു ഗാനം ആലപിക്കുന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. 

തുരുത്തിലെ കൊലപാതകവും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അമിത് ചക്കാലയ്ക്കലാണ് ചിത്രത്തിലെ നായകൻ. രജീഷ് മിഥിലയാണ് 'വാരിക്കുഴിയിലെ കൊലപാതക'ത്തിന്റെ സംവിധാനം.  ടേക്ക്‌ വൺ എന്റർട്ടെയിന്മെന്റ്സിന്റെ ബാനറിൽ ഷിബു ദേവദത്തും സുജീഷ്‌ കോലോത്തൊടിയുമാണു ചിത്രം നിർമ്മിച്ചിരിക്കുന്നത്. സെപ്റ്റംബർ ഏഴിനു ചിത്രം തീയറ്ററുകളിലെത്തും.