ഫഹദിന്റെ സിനിമ; നസ്രിയയുടെ പാട്ട്

ഏറെ ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന അമൽ നീരദ് ചിത്രമാണ് 'വരത്തൻ'. ഫഹദ് ഫാസിൽ നായകാനാകുന്ന ചിത്രത്തിൽ നസ്രിയയുടെതായി ഒരു ഗാനം എത്തുന്നു. ചിത്രത്തിന്റെ സംഗീത സംവിധായകൻ സുഷിൻ ശ്യാം റെക്കോർഡിങ് സ്റ്റുഡിയോയിലുള്ള നസ്രിയയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. 

വരത്തനിലെ ഗാനത്തിന്റെ റെക്കോർഡിങ് എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. ചിത്രത്തിലെ ഗാനങ്ങളെ കുറിച്ചു കൂടുതൽ വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. നേരത്തെ സാലാല മൊബൈൽസ് എന്ന ചിത്രത്തിൽ നസ്രിയ ഒരു ഗാനം ആലപിച്ചിരുന്നു. ലാലാലസ എന്നു തുടങ്ങുന്ന ഗാനം അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു. ഗോപി സുന്ദറിന്റെതായിരുന്നു സംഗീതം. 

ചിത്രത്തിന്റെ ടീസർ നേരത്തെ ഏറെ ശ്രദ്ധ നേടിയിരുന്നു. മായാനദിയിലൂടെ പ്രേക്ഷകർക്കു പ്രിയങ്കരിയായ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് എത്തുന്നത്. പറവയുടെ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയമ്പാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹർഷൻ എഡിറ്റിങ്. ആഗസ്റ്റ് 27നു ചിത്രം തീയറ്ററുകളിലെത്തും.